കഥാപ്രസംഗം..

കഴിഞ്ഞ ദിവസം ഏതോ ഒരു ചാനലിൽ പഴയൊരു മലയാള സിനിമ വീണ്ടും ടെലികാസ്ററ് ചെയ്തത് കാണാനിടയായി. കഥാപ്രസംഗത്തിലൂടെയും അത് പറയുന്ന രണ്ടു കാഥികൻ മാരുടെ കഥയിലൂടെ ഒക്കെയും മുന്നോട്ടു പോകുന്ന ഒരു സിനിമ. പണ്ട് ഈ നാട്ടുകാർക്കൊക്കെയും സുപരിചിതമായിരുന്നു ഈ കഥാപ്രസംഗം. ഏതു ഉത്സവ പറമ്പിലും നാടകം പോലെ തന്നെ ഒഴിച്ച് കൂടാനാവാത്ത ഒരു കലാരൂപം ആയിരുന്നു അത്. അക്കാലങ്ങളിൽ റേഡിയോയിലും ഇടയ്ക്കു കഥാപ്രസംഗം ഒക്കെ വരുമായിരുന്നു. സാംബശിവൻ എന്ന ഒരു വൻ പ്രതിഭ തന്റെ ഓരോരോ കഥകളിലൂടെ നാട്ടുകാരെ ഒക്കെയും എത്ര രസിപ്പിച്ചിരിക്കുന്നു. അദ്ദേഹം അവതരിപ്പിച്ച ഒരു കഥാപ്രസംഗത്തിലൂടെ ആണ്, ടോൾസ്റ്റോയിയുടെ 'അന്നാ കരീനിന' എന്ന കഥാപാത്രത്തെ കുറിച്ച് ഒട്ടു മിക്കവാറും കേരളീയർ അറിഞ്ഞത് തന്നെ. കഥാപ്രസംഗ രൂപത്തിൽ അദ്ദേഹം അതവതരിച്ചപ്പോൾ, പാടിയ ആ വരികൾ ഇപ്പോളും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല..


'നാലു കണ്ണുകൾ കാട്ടു പൂവുകൾ കാറ്റിലുലഞ്ഞുലഞ്ഞിങ്ങനെ നിൽക്കുമ്പോൾ ഇതളോടിതൾ ചേർന്നൊരിത്തിരി നേരം ഇടറാ പോൽ നിന്ന് പോയി നിശ്ചലം..'


പണ്ട് സ്കൂൾ കലോത്സവങ്ങളിലൊക്കെ, ഈ കഥാപ്രസംഗം ഒരു പ്രധാന ഇനമായിരുന്നു. അതുകൊണ്ടു തന്നെ, ഞങ്ങടെ സ്കൂളിലും സ്കൂൾ തലത്തിലും ഇതിന്റെ മത്സരം ഉണ്ടാകാറുണ്ടായിരുന്നു. ഞാൻ ചെറിയ ക്ലാസ്സിലായിരിക്കുമ്പോൾ, വലിയ ക്ലാസ്സിലായിരുന്ന കുറെ കുട്ടികൾ ഈ കഥാപ്രസംഗത്തെ അവസരോചിതമായി ഉപയോഗിച്ചതിപ്പോഴും ഓർക്കുന്നു.. അന്ന് പത്തിൽ പഠിക്കുന്ന ഒരു സണ്ണി ചേട്ടന് (പേര് ഞാൻ മനഃപൂർവം മാറ്റിയതാണ്), മറ്റൊരു ക്ലാസ്സിലെ എലീന ചേച്ചിയെ ഒത്തിരി ഇഷ്ട്ടമായിരുന്നു. തുറന്നു പറയാനുള്ള ധൈര്യമൊട്ടു ഇല്ലതാനും. ഒടുവിൽ, സ്കൂളിലെ കലാ മത്സര വേദിയിൽ, ആ പ്രണയം ഒരു കഥാപ്രസംഗ രൂപേണ പുള്ളി അവതരിപ്പിച്ചു...


'എലീന എന്നാണവളുടെ നാമം... സുന്ദരമാണവളുടെ രൂപം ...'


കഥയിൽ വില്ലനായി, എലീനയുടെ അപ്പനൊക്കെ വന്നുപോയ ആ കഥയ്ക്കൊടുവിൽ, എലീനയും സണ്ണിച്ചനും ഒരുമിച്ചതായാണ് കഥ അവസാനിച്ചത്. പക്ഷെ, ഈ പറഞ്ഞ എലീനയ്ക്കു കഥ അത്രക്കങ്ങു പിടിക്കാത്ത കൊണ്ടോ, അതോ കഥാപ്രസംഗം മനസ്സിലാകാത്ത കൊണ്ടോ, യഥാർത്ഥ ജീവിതത്തിൽ ഒന്നും സംഭവിച്ചില്ല. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതും രണ്ടും പേരും അവരവരുടെ വഴിക്കു പോയി.

ഇപ്പൊ എന്തായാലും ഇങ്ങിനെ വളച്ചു തിരിച്ചു പറഞ്ഞാൽ അത് മുഴുവൻ കേട്ടിരിക്കാനുള്ള, ക്ഷമയില്ലാത്തതു കൊണ്ടും, പിന്നെ ഒറ്റ ഫോട്ടോയിലോ വാക്കിലോ എന്തും പറയാനുള്ള ഡിജിറ്റൽ മീഡിയകളുള്ളത് കൊണ്ടും, ആർക്കും ഇത്തരം കാര്യങ്ങൾക്കൊന്നും ഈ കഥാപ്രസംഗത്തെ ആശ്രിയിക്കേണ്ടി വരാറില്ല. ഒരു പക്ഷെ അതുകൊണ്ടൊക്കെ ആയിരിക്കും, ഈ കലാരൂപം ഇപ്പൊ നാമാവശേഷമായി പോയതും.


1 view0 comments

Recent Posts

See All