കവല പ്രസംഗം

Updated: May 6, 2021

തീവണ്ടിയാത്ര ഒരു പ്രത്യേക രസമാണ്. സമയത്തൊരിക്കലും ഓടാറില്ലെന്നത് ശരി തന്നെ. പക്ഷെ, സീറ്റ് ഉറപ്പാക്കി അകത്തു കയറി കഴിഞ്ഞാൽ പിന്നെ അതിനതിന്റേതായ ഒരു രസമുണ്ട്. പലതരത്തിലുള്ള ഒട്ടേറെ ആളുകളേയും, അവരുടെ ഓരോരോ പെരുമാറ്റങ്ങളും കണ്ടിരിക്കാനിത്രയും പറ്റിയ ഒരിടം വേറെ ഒന്നില്ലല്ലോ. പണ്ടൊക്കെ ഉത്തരേന്ത്യയിലേക്കുള്ള ദിവസങ്ങൾ നീണ്ട യാത്രകളിൽ സമയം കളയാനുള്ള ഒരു പ്രധാന മാർഗ്ഗം കൂടിയായിരുന്നു ഇത്. ചുറ്റിനും ഇരിക്കുന്നവരെ നിരീക്ഷിക്കുക, അവരുടെ ഓരോരോ പെരുമാറ്റങ്ങൾ വിശകലനം ചെയ്യുക ഇതൊക്കെ എന്റെ ഒരു ഹോബിയായി മാറിയതങ്ങനെയാണ്.


കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് ഒരു ട്രെയിൻ യാത്ര നടത്തേണ്ടി വന്നു. ഇന്നിപ്പോ വേണമെങ്കിൽ മൊബൈലിൽ എന്തെങ്കിലും ഒക്കെ കുത്തിക്കോണ്ടിരുന്ന് സമയം കൊല്ലാം. പക്ഷെ പണ്ടത്തെ പല ശീലങ്ങളും അങ്ങനങ്ങു വിട്ടു പോവില്ലല്ലോ. എന്റേത് ഒരു സൈഡ് സീറ്റായിരുന്നു. തൊട്ടടുത്ത കൂപ്പയിൽ നാലു മദ്ധ്യവയസ്ക്കരിങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഇരിപ്പുണ്ട്. അവരിലൊരാൾക്ക് ബെർത്ത് മറ്റെവിടെയോ ആയിരുന്നതിനാൽ, ഈ പറഞ്ഞ കൂപ്പയിൽ വരുന്ന ആളോട് പറഞ്ഞ്, അതിങ്ങോട്ടു മാറ്റിയെടുക്കാൻ കാത്തിരിക്കുകയാണവർ. ഇടയ്ക്ക്, കോഴിക്കോടെത്തിയപ്പോൾ, ഒരു ഖദ്ദർ ധാരി, ഒരു ബ്രീഫ് കേസും മറു കയ്യിൽ രണ്ട് മുന്തിയ ഫോണുകളുമായി അങ്ങോട്ടു കയറി. നാലു സുഹൃത്തുക്കളിലൊരാൾ സീറ്റു മാറുന്ന കാര്യം ചോദിക്കാൻ തുനിഞ്ഞെങ്കിലും പുള്ളീടെ ഖദ്ദറിന്റെ തിളക്കം കണ്ടിട്ടാകണം വേണ്ടന്ന് വച്ചു. അയ്യാൾ നേരെ ഒരു വിൻഡോ സീറ്റിൽ ചെന്നിരുപ്പറപ്പിച്ചു. കയ്യിലുള്ള ബ്രീഫ് കേസ്, അതിനടുത്തുള്ള ഫോൾഡബിൾ ടേബിളിൽ വച്ചു. അതിനു മുകളിൽ തന്റെ രണ്ടു ഫോണും വച്ച്, കണ്ണട ഊരി മുണ്ടിന്റെ അറ്റം കൊണ്ടൊന്ന് തുടച്ച്, ഗൗരവ്വം വിടാതെ അങ്ങിനെ ഇരുന്നു. ഇതിനിടെ, സംസാരത്തിന് ചെറിയ ഒരു വിഘ്നം നേരിട്ടെങ്കിലും, അതു മറന്ന് ആ സുഹൃത്തുക്കൾ വർത്തമാനം തുടർന്നു. ഖദ്ദർ ധാരിയെ അവർ അത്ര ഗൗനിച്ചില്ല.


ഇത്തിരി നേരം, മസ്സിലു പിടിച്ച് ഗൗരവ്വം കാണിച്ചിരുന്നിട്ടും, തന്നെ ആരും നോക്കുന്നു പോലുമില്ലെന്ന് ഖദ്ദർ ധാരിക്ക് മനസ്സിലായി. അയ്യാൾ പെട്ടിപ്പുത്തു നിന്ന്, ഒരു മൊബൈലെടുത്തു. അതിൽ പരതി, ഏതോ ഒരു വീഡിയോ പ്ലേ ചെയ്ത്, ശബ്ദം കഴിയുന്നത്ര ഉച്ചത്തിലാക്കി, കാണത്തക്ക രീതിയിൽ, പെട്ടിപ്പുറത്തു വച്ചു. ഏതോ ഒരു ചാനലുകാരുടെ ഇന്റർവ്യൂ പ്രോഗ്രാം ആണ്. ഇത്തിരി നേരം അതിലേക്ക്, കണ്ണോടിച്ച് അത് ആസ്വദിക്കുന്ന പോലിരുന്നു. അതിൽ നിന്നും വരുന്ന ഒച്ച ശല്ല്യപെടുത്തിയതിനാലാകാം, സുഹൃത്തുക്കളുടെ വർത്തമാനത്തിന് വീണ്ടും തടസ്സം നേരിട്ടു. നമ്മുടെ കഥാപാത്രത്തിന്റെ അടുത്തിരുന്ന, ഒരാൾ വെറുതെ ആ മൊബൈലിലേക്ക് ഒന്നെത്തി നോക്കി. ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തിയെ കണ്ടതും, ഒന്ന് ഉറപ്പിക്കാനായി കഥാപാത്രത്തിന്റെ മുഖത്തേക്കു നോക്കി. പിന്നെ തന്റെ സുഹൃത്തുക്കൾക്ക് കണ്ണും കലാശവും കാട്ടി, പുള്ളി വലിയ കക്ഷിയാണെന്ന് പറഞ്ഞു കൊടുത്തു. അവരുടെയൊക്കെ കണ്ണുകൾ തന്റെ നേർക്കു വരുന്നതറിഞ്ഞിട്ടും, കഥാപുരുഷൻ ഗൗരവ്വം വിട്ടില്ല. ഇതൊന്നും അറിയാത്ത ഭാവത്തിൽ, മറ്റേ ഫോണെടുത്ത്, ആരോടോ സംസാരിക്കാൻ തുടങ്ങി. ഒരു ഫോണിൽ നിന്നും ഇന്റർവ്യൂന്റെ ശബ്ദം വരുന്നതിനാൽ, അതിലും ഉച്ചത്തിലായിരുന്നു ഫോൺ വിളി. ഏതോ ശിങ്കിടിയെ വിളിച്ച്, ദുബായിലെ ഏതോ ഒരു ബിസിനസ്സ് മീറ്റിനെ പറ്റിയും ഏതോ ഒരു പുള്ളിക്ക് വേണ്ട സഹായങ്ങളൊക്കെ കൊടുക്കാനും നാലാൾ കേൾക്കെ പറഞ്ഞു. ആ ഫോണിന്റെ മറു തലയ്ക്കൽ ആരെങ്കിലും ഉണ്ടായിരുന്നോന്നാർക്കറിയാം. എന്തായാലും വിളി കഴിഞ്ഞതോടെ, എല്ലാവരുടേയും ബഹുമാനം പെട്ടെന്നു കൂടി.


ചുറ്റിനും ഇരുന്ന നാലു പേരുടേയും നോട്ടം പുള്ളീടെ നേർക്കായി. അതുവരെ പുള്ളീനെ ഗൗനിക്കാതിരുന്ന അവരുടൻ, സാറേന്നും വിളിച്ച് ചുറ്റും കൂടി. ഉദ്ദേശിച്ച ലക്ഷ്യം കണ്ടുകഴിഞ്ഞാതിലാവണം, മൊബൈലിൽ പ്ലേ ചെയ്തു കൊണ്ടിരുന്ന ഇന്റർവ്യൂ ഓഫാക്കി, ഫോണെടുത്ത് പെട്ടിയിൽ വച്ചു. പുള്ളീടെ ആ ഇന്റർവ്യൂ കഥയിൽ നിന്നു തന്നെ വർത്തമാനം തുടങ്ങി.. വർത്തമാനകാലത്തെ രാഷ്ട്രീയ പ്രതിസന്ധി. എതിർ പക്ഷത്തിന്റെ വേണ്ടാതീനങ്ങൾ.. കൂട്ടത്തിൽ ശബരിമല, പള്ളി പ്രശ്നം, പീഡന കേസിലകപ്പെട്ടിരിക്കുന്ന ബിഷപ്പ്.. ഇങ്ങനെ പല വലിയ വലിയ സംഭവങ്ങളെ പറ്റിയും വാ തോരാതെ, പറഞ്ഞോണ്ടിരുന്നു. ഇനിയും കേട്ടിരുന്നാൽ, അദ്ദേഹത്തിന്റെ അനുയായി പോയാലോന്നു പേടിച്ച്, ഞാൻ ഹെഡ് ഫോണെടുത്ത് ചെവിയിൽ തിരുകി, മൊബൈലിൽ കിഷോർ കുമാറിന്റെ ഒരു പഴയ ഗാനവും പ്ലേ ചെയ്ത് കണ്ണുമടച്ചിരുന്നു.


ത്രശൂര്, പുള്ളി ഇറങ്ങുന്നതു വരെ, ഈ മോണോലോഗ് തുടർന്നു. അയ്യാളിറങ്ങി കഴിഞ്ഞപ്പോ, ഇടിവെട്ടു മഴ കഴിഞ്ഞ ഒരു പ്രതീതി എനിക്ക് അനുഭവപ്പെട്ടു. ഈ പ്രസംഗം മുഴുവൻ കേട്ട്, കഷീണിച്ചവശരായ, ആ നാലു കൂട്ടുകാർ വേഗം ബർത്തിൽ കയറി ഉറക്കം പിടിച്ചു. അത് രണ്ടു തവണ നിയമസഭയിലേക്ക് ജയിച്ച ഒരു രാഷ്ട്രീയ നേതാവാണെന്ന്, മറ്റൊരാളിൽ നിന്നും ഞാൻ മനസ്സിലാക്കി. ഇപ്പൊ ഈ രാഷ്ട്രീയകാർക്ക്, ഒരു കവലപ്രസംഗം നടത്തണമെങ്കിലുള്ള പാട്, ചില്ലറയല്ലല്ലോ. ആളെ കൂട്ടണമെങ്കിൽ, ആളൊന്നുക്ക് അഞ്ഞൂറു രൂപയും വയറു നിറച്ച് ബിരിയാണീം, പിന്നെ അത്യാവശ്യം ഫോറിനും കൊടുക്കണം. ഏജന്റുമാരുടെ വീതവും, സ്റ്റേജ്, മൈക്ക്, പെർമിഷൻ ... തുടങ്ങിയ മറ്റു അല്ലറ ചില്ലറ ചിലവുകളൊക്കെ കൂട്ടുമ്പോ, ഒരിമ്മിണി തുകയങ്ങു നീങ്ങും. ഇതിപ്പോ, ഒരൊറ്റ പൈസ ചിലവില്ലാതെ, റെയിൽവെ സഹായം ചെയ്തു കൊടുത്തില്ലേ. കവലപ്രസംഗം കാരണം ഉണ്ടാവാനിടയുള്ള ട്രാഫിക് പ്രശ്നങ്ങളും ഒഴിവായി കിട്ടി. പുള്ളിക്കും നല്ലത് ജനങ്ങൾക്കും നല്ലത്. യാത്ര തിരിക്കുമ്പോ, ഹെഡ് ഫോണെടുത്തത്, വളരെ നന്നായെന്നായിരുന്നു ഞാനപ്പോളാലോചിച്ചത്..


7 views0 comments

Recent Posts

See All