കോവിഡ് മൂപ്പന്റെ ഡയറിക്കുറിപ്പുകൾ...

Updated: May 25, 2021

എത്ര നാളായിട്ടു പ്ലാൻ ചെയ്യുന്നതായിരുന്നൂ ഒരു വേൾഡ് ടൂർ. അയല്പക്കക്കാരൊക്കെ ഓരോ സ്ഥലത്തു പോയി വന്നു വിശേഷങ്ങൾ പറയണ കേട്ടപ്പോ മുതൽ, കെട്ട്യോളും പിള്ളേരും കൊച്ചുപിള്ളേരും ഒക്കെ ചെവി തിന്നാൻ തുടങ്ങിയതാ. ഒടുവിൽ തിരക്കൊക്കെ ഒക്കെ തീർന്നു, കഴിഞ്ഞ വർഷമാണ് സൗകര്യം ഒക്കെ ഒത്തു വന്നത്. ഇറങ്ങുവല്ലേ അന്നാ, ഒരിമ്മിണി വലിയ ഗ്രൂപ്പായിക്കൊട്ടെന്നു കരുതി അപ്പൂപ്പനേം, അമ്മൂമ്മയേം, ബന്ധുക്കാരേം സ്വന്തക്കാരേം ഒക്കെ കൂട്ടി. സ്വന്തം രാജ്യം കാണാതെ, മറ്റു നാടുകള് കാണുന്നതിൽ വല്ല കാര്യോം ഉണ്ടോ. അതുകൊണ്ടു, നാട്ടീന്നു തന്നെ അങ്ങ് തുടങ്ങി. വുഹാനിന്നു, പല ഗ്രൂപ്പായി പല വഴിക്കു തിരിഞ്ഞു. പിന്നെ ദോഷം പറയരുതല്ലോ.. ഈ മനുഷ്യരൊക്ക സഹായിച്ചതു കൊണ്ട് യാത്രകളൊക്കെ ചട പടേന്ന് നടന്നു - അതും ഒരു ചില്ലി കാശു ചിലവില്ലാതെ. ഇത്തിരി ചൈന കണ്ടപ്പോഴേക്കും പിള്ളേർക്ക് പലർക്കും ബോറടിച്ചു തുടങ്ങി .. കുറച്ചുപേർ യൂറോപ്പീന്ന് വന്ന ഏതോ സായിപ്പന്മാരുടെ കൂടെ അങ്ങോട്ട് വണ്ടി കയറി. ഇറ്റലിലും സ്പെയിനീലും ഒക്കെ പിള്ളേര് അടിച്ചു പൊളിച്ചു. വേറെ ചിലര് പോയത് അമേരിക്കക്കാ.. അവർക്കു അവിടം അങ്ങ് പിടിച്ചു പോയെന്നാ തോന്നണെ. അവിടെത്തന്നെ അങ്ങു കൂടിയ മട്ടാണ്‌. ഗ്രീൻ കാർഡിനും അപേക്ഷിച്ചിരിക്കുവാണത്രേ. കുറച്ചുപേര് നേരെ ഗൾഫിലേക്ക് വിട്ടു... സൗദി, ദുബായ് ഒക്കെ കാണാൻ.. യൂറോപ്പ് കണ്ടു മടുത്ത കുറെ എണ്ണം ഒന്ന് അടിച്ചു പൊളിക്കാനിന്നും പറഞ്ഞിപ്പോ ബ്രസീലിലേക്കും മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും പോയിരിക്കുവാ .. ആട്ടവും പാട്ടും ബഹളോം ഒക്കെ ആയിട്ട്. ഇത്തിരി വയസ്സന്മാർക്കപ്പോ, ആഫ്രിക്ക കാണണം പോലും. അങ്ങിനെ അവരങ്ങോട്ടും പറന്നു. ആവിടത്തെ കാലാവസ്ഥ അത്രക്കങ്ങു പറ്റാത്തത് കൊണ്ടായിരിക്കും, ചെറുപ്പക്കാർക്കൊന്നും അങ്ങോട്ട് വലിയ താൽപ്പര്യമില്ല.


ഈ ഇന്ത്യ ചൈനയിൽ വളരെ അറിയപ്പെടുന്ന ഒരു രാജ്യം ആണ്. പണ്ട് അപ്പൂപ്പൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു ഒരു കാര്യം ഓർമ്മ വന്നു.. 'ഇന്ത്യ ചൈന ഭായ് ഭായ് ...'. അന്ന് മുതലേ കരുതീതാ ഇന്ത്യ ഒന്ന് കാണണമെന്ന് . കൊച്ചു മോള് വുഹാൻ യൂണിവേഴ്സിറ്റിയിൽ കുറെ റിസർച്ച് വർക്ക് ഒക്കെ ചെയ്യുന്നുണ്ട്. ഇന്ത്യ എന്ന് പറഞ്ഞപ്പോ അവൾക്കും വലിയ സന്തോഷം.. റിസേർച്ചിനു പറ്റിയ സ്ഥലമാണത്രെ... ഇടയ്ക്കു കണ്ട ഒരു ട്രാവൽ ഏജൻസിക്കാരൻ, 'ഗോഡ്സ് ഓൺ കൺട്രി' ന്നോക്കെ പറയണ കേട്ടിരുന്നു. പക്ഷെ കൊച്ചു മോള് പറയണത് 'വൈരുദ്ധ്യങ്ങളുടെ നാട്' എന്നാണ്. അവിടെ എല്ലാം തല തിരിഞ്ഞാണത്രെ.. അതാണവൾക്കും അവിടെ തന്നെ റിസർച്ച് ചെയ്യാൻ താൽപ്പര്യം. ഗൾഫിൽ ഒന്ന് ചുറ്റി ചെറിയ ഗ്രൂപ്പുകളായി അങ്ങോട്ട് വിടാനായിരുന്നു പ്ലാൻ. അപ്പോഴേക്കും അവര് രാജ്യം മുഴുവൻ അടച്ചു പൂട്ടി കളഞ്ഞു. അന്നാ പിന്നെ മറ്റെല്ലാടത്തും അടിച്ചു പൊളിച്ചു, ഒടുവിൽ ഒരുമിച്ചു ഇന്ത്യക്കു വിടാമെന്ന് തീരുമാനിച്ചു. ഒരു മിനി ഫാമിലി ഗെറ്റ് ടുഗെതറും ആവൂല്ലൊ. ഇങ്ങോട്ടുള്ള വരവൊക്കെ സുഖകരമായിരുന്നു. എന്തൊരു ആഥിത്യ മര്യാദയാ ഇവിടുത്തുകാർക്ക്. ഞങ്ങളെ ഇവിടെ എത്തിച്ചോര്, കൂടെ കൊണ്ട് നടന്നു എത്രെ പേരെയാ പരിചയപ്പെടുത്തിയത്.. അതുകൊണ്ടു തന്നെ എല്ലായിടവും പെട്ടെന്നു ചുറ്റി കാണാനും പറ്റി. പലയിടത്തും കുറെപേര് കൂടി എന്തൊക്കെയോ വിളിച്ചുപറഞ്ഞോണ്ടു നടപ്പുണ്ടായിരുന്നു .. മുത്തച്ഛൻ പറഞ്ഞു കേട്ടിട്ടുള്ള ഉത്സാവം ആണെന്നാ ആദ്യം കരുതിയത്. അങ്ങനെ അവരുടെ കൂടെ കൂടുകേം ചെയ്തു. പിന്നെ കാക്കി ഇട്ട കുറെ പേര് വന്നു തല്ലി ഓടിക്കുന്ന കണ്ടപ്പോ മനസ്സിലായി, ഇതാണ് സമരോന്ന്‌ - ഇത്തരം സമരം ഒന്നും ചൈനയിൽ കാണാൻ പറ്റില്ലല്ലോ. കൊച്ചു മോൾക്ക് ഒത്തിരി സന്തോഷായി.. അവളുടെ റിസേർച്ചു വർക്കിന്‌ ഒത്തിരി സംഗതികൾ കിട്ടിയത്രേ .. . ഇവിടെ വന്നയുടനെ ഒരു കാര്യം പിടികിട്ടി - ആരുടേയും കയ്യെലു തൊടാനും പിടിക്കാനും ഒന്നും പോവരുതെന്ന്. ഫ്രീ ആയി കിട്ടണ, എന്തോ ദ്രാവകം എവിടെക്കണ്ടാലും ഈ നാട്ടുകാർ കുറെ കയ്യെലേക്കൊഴിക്കും -- ഓ എന്തൊരു പുകച്ചിലാണതിനു. അത് മനസ്സിലായതോടെ, മിക്കവാറും അവരുടെ തുണിയിലും, കയ്യിലുള്ള പ്ലാസ്റ്റിക് ബാഗിലും അള്ളി പിടിച്ചാണ് യാത്ര ഒക്കെ .. എല്ലാരും മാസ്ക് വച്ചിട്ടുണ്ട്.. പക്ഷെ കണ്ടാലറിയാം ഒട്ടു മുക്കാലും വെള്ളം കണ്ടിട്ട് നാളു കുറെ ആയവയാണെന്നു. അത് കൊണ്ട് തങ്ങടെ ഒരു കൂട്ടർക്ക് അതിലിരുന്നു കറങ്ങാനാണിഷ്ടം. കാഴ്ചകളൊക്കെ ഇത്തിരി ഗമക്കിരുന്നു കാണേം ചെയ്യാം.. ഇതിനിടക്ക് ഒരു കല്യാണച്ചടങ്ങു കാണാനും തരപ്പെട്ടു.. ചൈനയിൽ കല്യാണോം വിരുന്നു സൽക്കാരോം ഒക്കെ പെട്ടെന്ന് തീരും.. പക്ഷെ, ഇവിടെ എന്തോ.. വെളുപ്പിനേ തുടങ്ങി..ആദ്യം കുറെ പേര് വന്നു പോയി .. പിന്നെ ഓരോ മണിക്കൂറ് ഇടവിട്ട് പത്തമ്പതു പേര് വച്ച് വന്നോണ്ടിരുന്നു.. അങ്ങിനെ പാതിരാ വരെ.. എന്തായാലും അമ്പത്തമ്പതു പേര് വച്ച് വന്നോണ്ടു, എല്ലാരേം ശരിക്കും പരിചയപ്പെടാൻ പറ്റി. എന്തോരും ആരാധനാലയങ്ങളാ ഇവിടെ ... ഇടയ്ക്കു ചിലരുടെ കൂടെ അവിടേം ഒന്ന് പോയി.. അകത്തു കേറി വാതിലടക്കും .. പോലീസു വന്നു പിടിക്കാതിരിക്കാണത്രെ ..ഒളിച്ചും പാത്തും ആരാധിക്കുന്ന കണ്ടപ്പോ, ഇവിടേം അങ്ങ് ചൈനയിലെ പോലെയാണോന്നു പലപ്പഴും ചിന്തിച്ചു പോയി.... ഇത് വരെ മറ്റു കാര്യമായ മറ്റ് ആഘോഷങ്ങളൊന്നും കാണാനൊത്തിട്ടില്ല. ഓണം, ദീപാവലി, ഹോളി അങ്ങിനെ എന്തൊക്കെ ആഘോങ്ങളെ പറ്റി കേട്ടിരിക്കുന്നു.. പക്ഷെ പറഞ്ഞു കേട്ടമാതിരി ഒന്നും ഇവിടെ കണ്ടില്ല. ഈ മാസ്ക്ക് കെട്ടിയ കാരണം ഒരാഘോഷോം ഇല്ലാന്നു ആരാണ്ടു കഴിഞ്ഞ ദിവസം പറയാനാ കേട്ടു.. എല്ലാം ഉടനെ തന്നെ തുടങ്ങൂന്നും കൂടെ പറയണ കേട്ടു.. ഓ, ഒന്ന് തുടങ്ങിയ മതിയായിരുന്നു.. അവിടെ വരുന്ന ആളുകളെ ഒക്കെയും പരിചയപ്പെടാൻ കൊതിയാവുന്നു. ഇതൊക്കെയും കണ്ടു തീർത്തു എന്ന് തിരിച്ചു പോവാൻ പറ്റുമോ, എന്തോ?..


5 views0 comments

Recent Posts

See All