നമ്മുടെ സ്വന്തം ദൂരദർശൻ ..

ചുമ്മാതല്ല BP തുടങ്ങിയ ലൈഫ്സ്റ്റൈൽ അസുഖക്കാരുടെ എണ്ണം നാൾക്കുനാൾ പെരുകുന്നത്. വെറുതെ ഇത്തിരി നേരം ടീവി യിൽ ന്യൂസും സീരിയലും ഒക്കെ കണ്ടിരുന്നാൽ തന്നെ ഒരുവിധം എല്ലാരുടെയും പ്രഷർ ഇത്തിരി കൂടിയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ.. ചിലപ്പോ ഈ ചാനലുകളിലെ വാർത്ത കണ്ടാൽ ഏതോ കോമഡി പ്രോഗ്രാം ആണെന്ന് തെറ്റിദ്ധരിച്ചും പോകും... ഈയിടെ ഒരു കുറ്റാരോപിതയെ പോലീസ് ബംഗളൂരു നിന്നും കൊച്ചിക്കു റോഡ് മാർഗ്ഗം കൊണ്ടുവരുന്നത്‌ ഒട്ടു മിക്കവാറും ചാനലുകളും ലൈവായിട്ടു കാട്ടുന്നുണ്ടായിരുന്നു. പോലീസ് വണ്ടിക്കൊപ്പമെത്താൻ എല്ലാ കൂട്ടരും തമ്മിൽ കൊടും മത്സരം. ഇടക്ക് തുണിയിട്ടു മൂടിയ പ്രതിയുടെ തലവെട്ടം ചില്ലു ഗ്ലാസ്സിലൂടെ ക്യാമറയിൽ പതിഞ്ഞപ്പോ, അണപൊട്ടിയൊഴുകിയകമന്റേറ്ററുടെ വികാരം നിറഞ്ഞ റിപ്പോർട്ടിങ് കേട്ട് തലതല്ലി ചിരിച്ചുട്ടുണ്ടാവും ഒത്തിരിപേർ... തങ്ങൾക്കു തോന്നും പോലെ വളച്ചൊടിച്ചു വാർത്ത പറയാൻ, ഒരു ഉളുപ്പും ഇല്ല ഈ ചാനലുകൾക്കൊക്കെ.. പല ചാനലുകളിലെ ഒരേ വാർത്തകൾ കണ്ടാൽ, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന കൺഫ്യൂഷനിലാകും പൊതു ജനം. വന്നു വന്നു അയലത്തെ പരദൂഷണകാരെക്കാളും അധഃപതിച്ചു പോയിരിക്കുന്നു എന്ന് തോന്നുന്നു ഒട്ടു മിക്കവാറും സ്വകാര്യ ടീവീ ചാനലുകൾ .


ഇത്തരം തമാശകൾ കണ്ടു മടു ത്ത്, നമ്മുടെ സ്വന്തം ദൂരദർശനിലെ വാർത്ത വച്ചപ്പോൾ അത്ര പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.. എന്നാൽ കവല പ്രസംഗം നടത്തും പോലെ ന്യൂസ് വായിക്കുന്ന സ്വകാര്യ ന്യൂസ് റീഡർ മാരിൽ നിന്നും വ്യത്യസ്തമായി, സൂക്ഷമതയോടെ ഒട്ടും വളച്ചൊടിക്കാതെ, ഒരു പൊളിറ്റിക്കൽ ചായ്‌വും കാട്ടാതെ, എരിവും പുളിയും ലവലേശം ചേർക്കാതെ വാർത്ത വായിക്കുന്നതു കേട്ടപ്പം, വെറുതെ കുറെ നേരം അത് കണ്ടിരുന്നു. അറിയാതെ മനസ്സ് പണ്ട് ദൂരദർശൻ മാത്രം ഉണ്ടായിരുന്ന ആ ഒരു കാലത്തേക്ക് കുതിച്ചു...


പണ്ട് എല്ലാവർക്കും സുപരിചിതമായിരുന്നു ആ ചില ന്യൂസ് റീഡേഴ്സിനെ ഓർത്തെടുക്കാൻ വെറുതെ ഒരു ശ്രമം നടത്തി.. ഗീതാഞ്ജലി അയ്യർ, അവിനാശ് കൗർ സരിൻ, സൽ‍മ സുൽത്താൻ.. എത്രെയോ പ്രൊഫഷണലിസത്തോടെ ആയിരുന്നു അവരൊക്കെ വാർത്തകൾ വായിച്ചിരുന്നത്.. അതും ഇന്നത്തെ പോലെ മുന്നിൽ സ്‌ക്രീനിൽ അസിസ്റ്റ് ചെയ്യാൻ വേറെ ടെക്നോളജി സപ്പോർട്ട് ഒന്നും ഇല്ലാതിരുന്നിട്ടു കൂടി. അക്കാലത്തു വാർത്തകൾ വന്നിരുന്നത് ദിവസത്തിൽ മൂന്നോ നാലോ തവണ മാത്രമായിരുന്നല്ലോ. അതുകൊണ്ടവർക്കു ഒരു വാർത്തയെ കീറിമുറിച്ചു എഴുതാപുറങ്ങൾ വായിച്ചു, എല്ലാത്തിനെയും സസ്പെൻസ് ത്രില്ലെർ ആക്കണ്ടേ ആവശ്യവും ഇല്ലായിരുന്നു.


വാർത്ത മാത്രമല്ല, ഹിന്ദി അത്രക്കങ്ങു വശമില്ലാതിരുന്ന ഒത്തിരി മലയാളികൾ ഒട്ടും വിടാതെ കണ്ടാസ്വദിച്ച ഒത്തിരി സീരിയലുകളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ.. അലോക്‌നാഥ്‌ തകർത്തഭിനയിച്ച ബുനിയാദ്, ഷാരുഖ് ഖാൻ ലീഡ് റോളിലഭിനയിച്ച സർക്കസ്, ആദ്യത്തെ മെഗാ സീരിയൽ എന്നറിയപ്പെടുന്ന ഹം ലോഗ്‌, കുറ്റാന്വേഷണ സീരിയൽ കരംചന്ദ്, ഒരു തെരുവിലെ കഥകളുമായി വന്ന നുക്കട്, കുടു കൂടെ എല്ലാരേയും ചിരിപ്പിച്ച യെ ജോ ഹേ സിന്ദഗി, രേണുക ഷഹാനെ അവതരിപ്പിച്ച സുരഭി, സിദ്ധാർഥ് ബാസു ക്വിസ് മാസ്റ്റർ ആയി വന്ന ക്വിസ് ടൈം, ഞായറാഴ്ചകളിലെ സ്പൈഡർമാൻ, പിന്നെ തെന്നാലിരാമൻ, മാൽഗുഡി ഡേയ്സ് അങ്ങിനെ എത്രയെത്രെ അനുഭവങ്ങൾ.. ഞായറാഴ്ച്ച ഉച്ച നേരത്തു വന്നിരുന്ന പ്രാദേശിക ഭാഷാ ചിത്രങ്ങളിൽ മലയാളത്തിന്റെ അവസരം വരുന്നതും കാത്തിരുന്ന ആ ഒരു ദൂരദർശൻ കാലം.. കാറ്റത്തു തിരിഞ്ഞു പോയ ആന്റിന തിരിക്കാൻ വേണ്ടി നട്ടു പാതിരാക്കു പോലും പുരപ്പുറത്തു കയറാൻ മടിയൊട്ടും ഇല്ലായിരുന്നു അന്നൊക്കെ.. പക്ഷെ ആ ദൂരദർശനെ ആർക്കും വേണ്ടതായിരിക്കുന്നു ഇന്ന്..


ഇത്തിരി നേരം ദൂരദർശനിൽ വാർത്ത കണ്ടപ്പോ ഒരു കാര്യം ബോദ്ധ്യമായി..


BP കൂട്ടാതെ, വാർത്തകൾ അറിയണമെങ്കിൽ, ദിവസം മൂന്നുനേരം നമ്മുടെ സ്വന്തം ദൂരദർശനിലെ വാർത്തകൾ മാത്രം കണ്ടാൽ മതി.. അല്ല അതിന്റെ കൂടെ എന്റർടൈൻമെന്റ് കൂടി വേണമെന്നുണ്ടെങ്കിൽ, ഗോസിപ്പുകൾ കുത്തി നിറച്ചു, 24 മണിക്കൂറും മത്സരിച്ചു TRP യ്ക്ക് പുറകെ ഓടുന്ന ഈ പല സ്വകാര്യ ന്യൂസ് ചാനലുകൾക്കു മുന്നിലടയിരിക്കാം .. ന്യൂസ് കാണുന്നത് പൊതുവിജ്ഞാനം കൂട്ടാൻ നല്ലതാണെന്നു ധരിച്ചു, ഏതു നേരവും ടീവീ ന്യൂസും കണ്ടിരിക്കുന്നവർ പഴയ ഒരു ചൊല്ല് ഓർക്കുന്നത് നല്ലതായിരിക്കും. .. 'അധികമായാൽ അമൃതും വിഷം'.


1 view0 comments

Recent Posts

See All