
ബോബനും മോളിയും..
ഓർമ്മയുണ്ടോ ഈ രണ്ടു വികൃതി പിള്ളേരെ.. ഏതാണ്ട് അറുപതുകളുടെ ആദ്യം ജനിച്ച്, എക്കാലവും പന്ത്രണ്ടു വയസ്സിൽ വളർച്ച മുരടിച്ചു നിന്നു പോയ ആ രണ്ടു ഇരട്ട കുസൃതികൾ, നമ്മൾ മലയാളികളെ ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം, കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്. ടോംസ് എന്ന കാർട്ടൂണിസ്റ്റിന്റെ വിരൽത്തുമ്പിൽ ജനിച്ചു, അരങ്ങിൽ പോത്തൻ വക്കീലിന്റെയും മേരികുട്ടിയുടെയും മക്കളായും, നാട്ടിൽ മലയാള മനോരമയുടെ വളർത്തു മക്കളായും വളർന്നു അവർ. അവർക്കു കൂട്ടായി, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ ചേട്ടനും സഹധർമ്മിണി മറിയാമ്മ ചേട്ടത്തിയും, നാട്ടിലെ പെൺപിള്ളേർക്കു മുഴുവൻ തലവേദന ആയിരുന്ന എവർഗ്രീൻ കാമുകൻ അപ്പി ഹിപ്പിയും, വിവരോം വിദ്യാഭ്യാസോം ഉണ്ടായിരുന്ന ഒരേ ഒരു ആശാനും, പിന്നെ സാദാ സമയം അവരുടെ കൂടെ കറങ്ങി നടന്നിരുന്ന ഒരു പട്ടി കുട്ടിയും. പഴഞ്ചൻ ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രെസ്സിട്ടു നടന്നിരുന്ന അവർക്കു, അതിൽനിന്നും മോചനം കിട്ടിയത് പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. പിൽക്കാലത്തു അനിമേഷൻ ഫിലിമുകളിൽ അവതരിക്കാനും അവർക്കു യോഗമുണ്ടായി..
രാഷ്ട്രിയവും സാമൂഹികവുമായ ഒത്തിരി സമകാലീന പ്രശ്ങ്ങൾ, നല്ല രസകരമായി അവതരിപ്പിക്കുന്നതിൽ മിടുക്കരായിരുന്നു അവർ. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമോദ്ദാഹരണമായിരുന്നു മറിയാമ്മ ചേടത്തി - അതൊക്കെ അനുഭവിക്കാൻ യോഗം കിട്ടിയത് ഇട്ടുണ്ണൻ ചേട്ടനാണെന്നു മാത്രം. എല്ലാരേം സഹായിക്കാൻ സാദാ സമയവും ജാഗരൂകരായിരുന്നു ബോബനും മോളിയും...പക്ഷെ, ഒടുവിൽ അതൊക്കെ സഹായം ചോദിച്ചെത്തുന്നവർക്കു പാരയായി തീരാറായിരുന്നു പതിവ്.. അന്നൊക്കെ എല്ലാവരും വാരിക കയ്യിൽ കിട്ടിയാലുടൻ തേടിയിരുന്നത്, വാരികയുടെ ഏറ്റവും പിറകിലെ പേജിൽ അച്ചടിച്ച് വന്നിരുന്ന ഇവരുടെ കഥകളാണ് - ഒരു പക്ഷെ, ഒത്തിരി പേരിൽ ഏതൊരു മാഗസിനും, പത്രവും ഒക്കെ പിന്നിൽ നിന്നും വായിച്ചു തുടങ്ങുന്ന ശീലം വന്നതും ഇതിൽ നിന്നും ആവും.. ജനനത്തീയതി വച്ച് നോക്കിയാൽ, ഇപ്പൊ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ആയിട്ടുണ്ടാവണം ഈ ബോബനും മോളിയും.. കയ്യിലിരുപ്പ് പക്ഷെ പണ്ടത്തെ പോലൊക്കെ തന്നെ ആയിരിക്കും ..
