മാപ്പ് ....

മുപ്പതു വർഷങ്ങൾക്കു ശേഷം ഒരു മരണവീട്ടിൽ വച്ചാണ്, ഞാൻ കുട്ടിയമ്മ ടീച്ചറെ കാണുന്നത്. അഞ്ചാം ക്ലാസ്സിലെന്റെ സയൻസ് ടീച്ചറായിരുന്നു ഈ കുട്ടിയമ്മ ടീച്ചർ. വിശേഷങ്ങളൊക്കെ പറയുന്നതിനിടെ, ടീച്ചർ എന്റെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി. ടീച്ചറുടെ മകൾ രേഷ്മ, എന്റെ ഒപ്പം പത്തു വരെ പഠിച്ചതാണ്. അവള് കുറെ നാളായി എന്റെ നമ്പർ തേടുകയായിരുന്നത്രെ.


ഈ രേഷ്മയും ഞാനും നാലാം ക്ലാസ്സു വരെ വളരെ അടുത്ത സുഹൃത്താക്കളായിരുന്നു. പിന്നെ ഞങ്ങൾ ഒരേ സ്കൂളിലായിരുന്നെങ്കിലും വെവ്വേറെ ക്ലാസ്സുകളിലായിരുന്നതിനാൽ അധികം മിണ്ടിയിട്ട് തന്നെ ഇല്ലായിരുന്നു. എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു സുപ്രധാന സംഭവം, ഒൻപതാം ക്ലാസ്സില് വച്ച് ഞാനൊപ്പിച്ച ഒരു വികൃതിയായിരുന്നു. എന്റെ ഒരു സുഹൃത്തിനു അവളോട് ഒരു വല്ലാത്ത പ്രേമമായിരുന്നു. അവനെ ഒന്ന് സഹായിക്കാനായി, ഞാൻ കടലാസ്സു കൊണ്ടൊരു കിളിയെ ഉണ്ടാക്കി, അതിൽ അവന്റെയും അവളുടെയും പേരുകൾ എഴുതി പിടിപ്പിച്ചു. ഒരു ഇന്റർവെൽ നേരത്തു അത് അവളുടെ ക്ലാസ്സിലേക്ക് പിന്നിലെ ജനാല വഴി പറത്തി വിട്ടിട്ടു ഞാൻ ഓടി രക്ഷപെട്ടു. കുറച്ചു കാത്തു നിന്നിട്ടും ഒരനക്കവും കാണാതിരുന്നാൽ, വീണ്ടും ഒരെണ്ണത്തിനെ കൂടി പറത്തി വിട്ടു, അവരുടെ റിയാക്ഷൻ കാണാനുള്ള കൗതുകം കാരണം, ഇത്തവണ ജനാലക്കൽ തന്നെ കാത്തു നിന്നു. പറന്നു വന്ന കിളിയെ കണ്ടു എല്ലാരും പുറകോട്ടു തിരിഞ്ഞു നോക്കിയതോടെ ഞാൻ പിടിക്ക പെട്ടു. പരാതി ഹെഡ്‍മാസ്റ്ററുടെ അടുത്തെത്തി. അന്നും സാറിന്റെ ചൂരൽ കഷായം എനിക്ക് കിട്ടി. ഇതിങ്ങനെ ഇടയ്ക്കു പതിവുള്ളതായിരുന്നതിനാൽ, എനിക്ക് വലിയ പ്രയാസ്സമൊന്നും തോന്നിയതും ഇല്ല.


ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം, ഈ കുട്ടിയമ്മ ടീച്ചർ പറഞ്ഞപ്പോളാണ്, ഞാനവളുടെ പേര് കേൾക്കുന്നത് തന്നെ.. ടീച്ചറെ കണ്ടു പിരിഞ്ഞു, കുറച്ചു ദിവസങ്ങൾക്കു ശേഷം, ഞാൻ ഓഫീസിലിരിക്കുമ്പോ എനിക്കൊരു ഫോൺ കാൾ വന്നു.. ഞാനാണെന്ന് ഉറപ്പു വരുത്തിയ ശേഷം, വിളിച്ച ആൾ സ്വയം പരിചയപ്പെടുത്തി.. 'ഞാൻ രേഷ്മ.. ഓർക്കുന്നില്ലേ, പത്തുവരെ നമ്മളോരുമിച്ചു പഠിച്ചതാ ..' പണ്ടത്തെ കളികൂട്ടു കാരിയിൽ നിന്നും ശബ്‌ദം ഒത്തിരി മാറിയിരുന്നു. പക്ഷെ, പേര് പറഞ്ഞതും അവളെ ഓർത്തെടുക്കാൻ എനിക്കൊട്ടും പാടുപെടേണ്ടി വന്നില്ല. ആ പഴയ വികൃതി ഒപ്പിച്ചതിനു ശേഷം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലായിരുന്നതിനാൽ, എനിക്കൊരിത്തിരി ചമ്മലൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവളുടെ സംസാരത്തിൽ, അതിന്റെ ഒരു ദേഷ്യമോ ഒന്നും പ്രതിഫലിച്ചില്ല. ഈ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ, ജോലി കുടുംബം കുട്ടികൾ അങ്ങിനെ പല പല മാറ്റങ്ങളും ഞങ്ങൾക്ക് വന്നിരുന്നല്ലോ. ആ വിശേഷങ്ങളൊക്കെ പങ്കു വച്ച് കൊണ്ട് കുറച്ചു നേരം സംസാരിച്ചു. പിന്നെ പൊടുന്നനെ അവൾ ഇത്തിരി സീരിയസ് ആയി സംസാരിക്കാൻ തുടങ്ങി.


"സുനിൽ, അന്നൊരിക്കൽ ഞാൻ കാരണം, സുനിലിന് മത്തായി സാറിന്റെ കയ്യിൽ നിന്നും അടി കിട്ടിയിട്ടുണ്ട്.. ഓർക്കുന്നുണ്ടോന്നറിയില്ല.. " കയ്യിലിരുപ്പ് നല്ലതായിരുന്നതിനാൽ, കണക്കറ്റ അടികൾ ഇങ്ങനെയൊക്കെ വാരി കൂട്ടിയിട്ടുണ്ടങ്കിലും, കിട്ടിയ ഓരോന്നും കൃത്യമായി മനസ്സിൽ സൂക്ഷിക്കുന്ന ഈ ഞാൻ, അതെങ്ങിനെ മറക്കാൻ.. എന്നിൽ നിന്നും മറുപടിയൊന്നും കിട്ടിയില്ലെങ്കിലും അവൾ തുടർന്നു .. "അറിയാതെ സംഭവിച്ചതാ .. എന്നോട് ക്ഷമിക്കണം.." ശരിക്കും ആ വികൃതിക്കു ഞാനല്ലേ മാപ്പു പറയേണ്ടിയിരുന്നത്.. എന്തോ തട്ടിമുട്ടി പറഞ്ഞൊഴിയാൻ ശ്രമിച്ച എന്നെക്കൊണ്ട്, അതിലൊന്നും ഒരു പരിഭവവും ഇല്ലെന്നു പറയിച്ചിട്ടേ അവൾ ഫോൺ വച്ചുള്ളൂ...


PS - പിന്നീടൊരിക്കൽ വേറൊരു സുഹൃത്തിനെ കണ്ടപ്പോ, അവളുമായുണ്ടായ ഈ വർത്തമാന കാര്യം ഞാൻ പറഞ്ഞു.. കല്യാണം ഒക്കെ കഴിഞ്ഞു പിൽക്കാലത്തു രേഷ്മ വേറെ ഏതോ ഒരു സഭയിൽ ചേർന്നെന്നും, അവിടെ നമ്മൾ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടിച്ചവരോടൊക്കെയും ക്ഷമ ചോദിക്കണമെന്നൊരു നിയമം ഉണ്ടെന്നും അവൻ പറഞ്ഞറിഞ്ഞു. അപ്പോളാണ്, അവള് വിളിച്ചു മാപ്പു ചോദിച്ചതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയത്..


8 views0 comments

Recent Posts

See All