റെസിഡൻസി മെസ്സിലെ ഒരു മലയാള സിനിമ

കോവിട് വന്നതോടെ പുതിയ സിനിമ ഒന്നും ഇല്ലാതായിരിക്കുന്നു. കണ്ടതൊക്കെ തന്നെ വീണ്ടും കണ്ടു കണ്ടു മടുത്തു. അപ്പോഴാണ് ഒരു ചാനലിൽ ഇത്തിരി പഴയ ഒരു സിനിമ വന്നത്. എൺപതുകളിലെ ഒരു സിനിമ. അന്നത്തെ മലയാളം സിനിമകൾക്ക് ഒരു ഫോർമുല ഉണ്ടായിരുന്നു. നായകനും നായികയ്ക്കും ഇടയിലൊരു വില്ലൻ നിർബന്ധം. പിന്നെ കുറെ പാട്ടും ഡാൻസും മിനിമം ഒരു നാലഞ്ച് സ്റ്റണ്ട് സീനുകളും. ഇടയ്ക്കു വില്ലൻ നായികയെ തട്ടിക്കൊണ്ടു പോകും, പിന്നെ നായകൻ അവിടെ എത്തി നായികയെ രക്ഷപ്പെടുത്തും അല്ലെങ്കിൽ പകരം വീട്ടും. പല മുൻനിര നായകന്മാരും അക്കാലങ്ങളിൽ പ്രതിനായകൻ മാരായി അഭിനയിച്ചിട്ടുണ്ട്. അത് പറഞ്ഞപ്പോ, പണ്ട് ഗ്വാളിയോറിൽ റെസിഡൻസി മെസ്സിലെ, ബാച്ച്ലർ ഡേയ്‌സിനിടയിലുണ്ടായ ഒരു സംഭവം ഓർമ്മ വന്നു.


അന്ന് ഞാൻ ഗ്വാളിയോറിലാണ്. താമസം റെസിഡൻസി മെസ്സിലും. ടീവിയും കേബിളും ഒന്നും അത്ര പ്രചാരത്തിലായിട്ടില്ല. ആകെ ഒരു ടീവി ഉള്ളത് മെസ്സിലെ ബാറിൽ മാത്രം. കൂടെ നാലോ അഞ്ചോ ഹിന്ദി ചാനലുകൾ മാത്രം ഉണ്ടായിരുന്ന, ഒരു കേബിൾ കണക്ഷനും. ഇടയ്ക്കു ദൂരദർശനിൽ വന്നിരുന്ന ചുരുക്കം ചില മലയാളം സിനിമ ആയിരുന്നു ഞങ്ങൾ കുറെ മലയാളികൾക്കുള്ള ഒരേ ഒരു ആശ്വാസം. അങ്ങിനെയുള്ള ദിവസങ്ങളിൽ ബാർ സമയത്തടക്കുവാൻ ഞങ്ങൾ സമ്മതിക്കാറില്ലായിരുന്നു. ഒരിക്കൽ അവിടെ ഒരു ഹെലികോപ്റ്റർ യൂണിറ്റ് കുറച്ചു നാളത്തേക്ക് ഒരു ഡിറ്റാച്മെന്റിൽ വന്നു. ആ യൂണിറ്റിലെ ഓഫീസർമാർ ഞങ്ങളുടെ മെസ്സിൽ ആയിരുന്നു താമസിച്ചിരുന്നത്. അവരുടെ കൂട്ടത്തിലും രണ്ടു മലയാളികളുണ്ടായിരുന്നു. ഒരുത്തൻ എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഒരു മുൻനിരാ നായകന്റെ മകളെ കെട്ടിയിരിക്കുന്നവൻ. അമ്മായച്ഛൻ, സിനിമാ താരമാണെന്ന ഒരിത്തിരി ഹുങ്ക് ഒക്കെ അവന്റെ നടപ്പിലും വർത്തമാനത്തിലും ഉണ്ടായിരുന്നു.


അങ്ങിനെ ഇരിക്കെ ഒരു വെള്ളിയാഴ്ച രാത്രി, ദൂരദർശനിൽ ഒരു മലയാളം സിനിമ വരുന്നെന്നു കേട്ടു. ഇപ്പറഞ്ഞ ഓഫീസറുടെ അമ്മായിച്ഛൻ ആണ് അതിൽ മെയിൻ കഥാപാത്രം. അവന്റെ മലയാളി സുഹൃത്ത് മെസ്സിൽ ഈ വാർത്ത വെള്ളിയാഴ്ച രാവിലെ തന്നെ വിളംബരം ചെയ്തു. അന്ന് വൈകിട്ടും, പതിവ് പോലെ മെസ്സിലെ ബാറടച്ചില്ല. ബാർ മാൻ പാണ്ഡെജി, കുപ്പികൾ തുറന്നു കൊണ്ടേ ഇരുന്നു. കൃത്യം പതിനൊന്നു മണിക്ക്, സിനിമ തുടങ്ങി. ഇപ്പറഞ്ഞ ഓഫീസറോടുള്ള അകമഴിഞ്ഞ ആദരവ് കൊണ്ടോ, അതോ ഇത്തിരി അവിടേം ഇവിടേം ഒക്കേം കണ്ടിരിക്കുന്ന കുറെ അലവലാതി മലയാളം സിനിമകളിൽ നിന്നും ഉള്ള അമിതമായ പ്രതീക്ഷകൾ കൊണ്ടോ എന്തെന്നറിയില്ല, മലയാളം ഒരു തരി പോലും അറിയാത്ത ഹിന്ദിക്കാരും ടീവിക്കു മുന്നിൽ കുത്തിയിരിപ്പായി.


നമ്മുടെ കഥാപാത്രത്തിന്റെ പേര് ടീവി യിൽ തെളിഞ്ഞപ്പോൾ ഇപ്പറഞ്ഞ ഓഫീസറുടെ സുഹൃത്ത് കയ്യടിച്ചു. ഒപ്പം ഒന്നും മനസ്സിലായില്ലെങ്കിലും സിൽബന്ധികളും കയ്യടിച്ചു. സിനിമ തുടങ്ങി അധികം താമസിയാതെ ഇപ്പറഞ്ഞ നായകന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു. 'ദേഖോ ദേഖോ, ....... ക സസൂർജി' ഒരു ഹിന്ദി കാരൻ ആവേശത്തോടെ വിളിച്ചു കൂവി. വീണ്ടും കരഘോഷം മുഴങ്ങി. കഥകളും ഒക്കെ ആയി സിനിമ മുൻപോട്ടു പോയി.. അടുത്തതായി വന്നത് ഇപ്പറഞ്ഞ നായകന്റെ ഒരു റേപ്പ് സീനായിരുന്നു. അത് കണ്ടപ്പോൾ ആരും ഒന്നും പറഞ്ഞു കൊടുക്കാതെ തന്നെ ഹിന്ദിക്കാർക്കു എല്ലാം മനസ്സിലായി. കയ്യടിക്കണോ അതോ കരയണോ എന്ന ഭാവത്തോടെ അവർ ഇപ്പറഞ്ഞ സുഹൃത്തിന്റെ നേരെ നോക്കി. ഞാനൊന്നും അറിഞ്ഞില്ലെന്നു ഭാവത്തിൽ ബാറിലെ ചില്ലു കൂട്ടിൽ ഇരിക്കുന്ന കുപ്പികൾ എണ്ണി തീർക്കുകയായിരുന്നു അയ്യാൾ. എന്തായാലും ആ സീൻ കഴിഞ്ഞപ്പോഴേക്കും ആ ഓഫീസർ അവിടുന്ന് തടിതപ്പി. പിറ്റേന്ന് രാവിലെ മെസ്സിലെ ഡൈനിങ്ങ് ടേബിളിൽ, ഒരു പാവത്താൻ എന്ന മട്ടിൽ ഇരിക്കുന്ന അവനെ നോക്കി എല്ലാ ഹിന്ദിക്കാരും ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും കുറച്ചു നാളത്തേക്ക് അവന്റെ ഹുങ്ക് ഇത്തിരി കുറഞ്ഞു കിട്ടി.


4 views0 comments