അന്നും ഇന്നും

കോവിഡ് കാലം തുടങ്ങിയതോടെ, പഠിത്തമൊക്കെ വീട്ടിലിരുന്നു തന്നെ ആയി. അത് നീണ്ടു നീണ്ടങ്ങനെ പോയപ്പോ, പിള്ളേർക്കൊക്കെ ഇതാണ് പഠിത്തം എന്ന് തോന്നി തുടങ്ങിയതും സ്വാഭാവികം. കോളേജും ക്‌ളാസ്സും അവിടുത്തെ കൊച്ചു തമാശകളും ഒക്കെ അവർ പാടെ മറന്നു. ഇങ്ങിനെ ഇരിക്കുമ്പോഴാണ്, യൂണിവേഴ്‌സിറ്റിക്ക് പിള്ളേരെ ഒന്ന് കോളേജ് കാണിക്കാൻ ഒരാഗ്രഹം തോന്നുന്നത്‌. കുറച്ചു ദിവസം അവിടെ ചെന്നു ക്‌ളാസ്സിലിരിക്കണം. ഒരുപക്ഷെ, പിന്നിടെങ്ങാനും 'നീയൊക്കെ കോളേജ് കണ്ടിട്ടുണ്ടോടാ?' എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാൽ, 'ഇല്ല' എന്ന് എങ്ങാനും മറുപടി പറഞ്ഞാൽ, യൂണിവേഴ്‌സിറ്റിക്ക് ചീത്ത പേരാകുമെന്നു പേടിച്ചിട്ടായിരിക്കും.


കോവിഡ് ഒന്നും ഇല്ലെന്ന സാക്ഷ്യപത്രം, അഞ്ഞൂറ് രൂപയ്ക്ക് ഒരു ലാബിൽ നിന്നും വാങ്ങി, ഇത്തിരി മുറുക്കമായി കഴിഞ്ഞ യൂണിഫോമിൽ എങ്ങിനെയൊക്കെയോ കയറി പറ്റി, മനസ്സില്ലാ മനസ്സോടെ കോളേജിലേക്ക് വിട്ടു. പഴയ സഹപാഠികളെ പലരെയും മനസ്സിലാക്കാൻ കുറെ പാട് പെട്ടു. വീട്ടിലിരുന്നു ഏതു നേരവും വെട്ടി വിഴുങ്ങിയതിന്റെ ലക്ഷങ്ങൾ എല്ലാവരിലും കാണാനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഒക്കെ കഴുത്തു നീളെ മുടിയാണ്. പിന്നെ മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ, വച്ചിരിക്കുന്ന മാസ്ക്കിന്റെ അടിയിലൂടെ നീണ്ടു നിൽക്കുന്ന താടി കണ്ടാൽ ഉറപ്പിക്കാം - അത് ആൺ കുട്ടിയാണെന്ന്.. ഒരുപക്ഷെ, ഇത്തരം സാഹചര്യം മുന്നിൽ കണ്ടാകണം, അവിടെ പെൺകുട്ടികൾക്ക് ഓവർകോട്ട് നിർബന്ധമാക്കിയിരിക്കുന്നത്‌.


സാറ്, ക്‌ളാസ്സിലെത്തി. എന്തോ പഠിപ്പിച്ചു തുടങ്ങി. വീട്ടിൽ കട്ടിലിൽ പുതപ്പിനടിയിൽ കിടന്നും, മേശമേൽ കാലും കയറ്റി വച്ചിരുന്നും, ഇടയ്ക്കു അമ്മ കൊണ്ടുതരുന്ന ഓറഞ്ച് ജൂസ്സും കുടിച്ചും, സുഖമായിട്ടിരുന്ന് ഈ ക്ലാസ്സൊക്കെ കേൾക്കാമായിരുന്നു. ഇതിപ്പോ വല്ലാതെ ബോറടിക്കുന്നു. ഉച്ചവരെ ഒരു വിധം പിടിച്ചു നിന്നു. കഴിക്കാനായി കാന്റീനിൽ ചെന്നപ്പോ, കുറെ തട്ടിക്കൂട്ട് സാധനങ്ങൾ. ഓൺലൈൻ ക്‌ളാസിൽ പഠിച്ചു ക്ഷീണിച്ച മക്കൾക്ക്, അമ്മമാര് പ്രത്യേകം തയ്യാറാക്കി കൊടുത്ത ചിക്കൻ റോസ്റ്റും നെയ് ചോറും ഒക്കെ കഴിച്ചു ശീലിച്ച കാരണമായിരിക്കും, ഉണങ്ങി വരണ്ടിരിക്കുന്ന ആ കാന്റീൻ സാധനകളൊന്നും കഴിക്കാൻ തോന്നിയില്ല. 'നമുക്ക് പുറത്തുപോയി കഴിച്ചാലോ', കൂട്ടത്തിൽ ഒരുത്തന്റെ വക ഒരാശയം. പിന്നെ താമസിച്ചില്ല. എല്ലാരും കുറച്ചപ്പുറത്തെ ഹോട്ടലിലേക്ക് വച്ച് പിടിച്ചു.


അവിടെ കഴിച്ചങ്ങിനെ ഇരുന്നു സമയം പോയതറിഞ്ഞില്ല. എന്തായാലും ആ ആദ്യ ദിവസം തന്നെ ക്‌ളാസ്സു കട്ട് ചെയ്യുന്നതിന്റെ സുഖം അറിയാൻ പറ്റി. വീട്ടിലെത്തി, അന്നത്തെ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ, ക്‌ളാസ്സു കട്ട് ചെയ്തു കഴിക്കാൻ പോയ കാര്യവും പറഞ്ഞു. എന്തായാലും കുറെ ദിവസങ്ങൾ കൂടി, അവന്റെ മുഖത്തൊരു തെളിച്ചം കണ്ട, അപ്പനും അമ്മയ്ക്കും സന്തോഷമായി.


*****


പിറ്റേന്ന് ജോലിത്തിരക്കിനിടയിൽ, അവന്റെ അപ്പന് ഒരു മെസ്സേജ് വന്നു .. പുത്രന്റെ വക.

'ഞങ്ങള് ഇന്നലെ ക്‌ളാസ്സു കട്ട് ചെയ്തത്, അവര് കണ്ടു പിടിച്ചു. ഞങ്ങളെ വിളിപ്പിച്ചിരിക്കുകയാ.. ചിലപ്പോ അങ്ങോട്ട് വിളിയ്ക്കും..'

'ഓക്കേ.. ഞാനെന്തു പറയണം? ' അപ്പൻ ചോദിച്ചു.

'എന്തെങ്കിലും അസുഖമായിരുന്നെന്നു പറഞ്ഞാ മതി..'

'എന്നാ .. തലവേദനയായിരുന്നെന്നു പറയട്ടേ?' അപ്പൻ ഒരു അഭിപ്രായം പറഞ്ഞു.

'അത് വേണ്ട.. ഇവിടെ രണ്ടു പേര് അത് പറഞ്ഞു കഴിഞ്ഞു.. കണ്ണ് വേദന എന്ന് പറഞ്ഞാ മതി..'

'ശരി...' അപ്പൻ അങ്ങിനെ മെസ്സേജ് അയച്ച്, പണ്ട് കോളേജ് സമയത്ത്, താനെത്രയോ ക്‌ളാസ്സുകൾ തന്റെ അപ്പനറിയാതെ കട്ട് ചെയ്തു കറങ്ങി നടന്നിട്ടുണ്ടെന്ന് ആലോചിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.


*****

ഇത്തിരി കഴിഞ്ഞ്, കോളേജിൽ നിന്നും കാത്തിരുന്ന ആ വിളി വന്നു. പ്രേമം സിനിമയിൽ, രഞ്ജി പണിക്കർ പറഞ്ഞ ''Don't you bloody try to trouble me ever again for such petty flimsy issue. Mind it''. എന്ന ഡയലോഗ് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, സിനിമയല്ലല്ലോ ജീവിതം എന്നോർത്ത് അത് വേണ്ടാന്ന് വച്ചു.


അവിടെനിന്നും പറഞ്ഞതൊക്കെ മൂളി കേട്ട്, ഇനി മേലിൽ ഇതാവർത്തിക്കുകയില്ലെന്നു ഉറപ്പും കൊടുത്തു ഫോൺ കട്ട് ചെയ്തു.2 views0 comments