ഓണം കേറാ മൂലയിലെ ബേക്കറി

ഈ സംഭവം നടക്കുന്നത് ഉത്തരേന്ത്യയിൽ, ഹരിയാനയുടെ അങ്ങേ അറ്റത്ത്, ഓണം കേറാ മൂലയിലുള്ള ഒരു എയർ ഫോഴ്സ് സ്റ്റേഷനിലാണ്. അക്കാലത്ത്, അവിടത്തെ സ്റ്റേഷൻ കമാൻഡർ ആള് ഒരിത്തിരി മുൻശുണ്ഠിക്കാരൻ ആയിരുന്നു. പുള്ളിക്ക് കേൾക്കാൻ തീരെ ഇഷ്ടമില്ലാതിരുന്ന ഒരു ഇംഗ്ലീഷ് വാക്ക് ആയിരുന്നു 'NO'. ആരെങ്കിലും എന്തിനെങ്കിലും ഉത്തരമായി ഈ വാക്ക് പറഞ്ഞു പോയാൽ, പിന്നത്തെ പുകില് പറയുകയേ വേണ്ട. പച്ചക്കറികൾ അവിടെ, സ്റ്റേഷന് അകത്തും പുറത്തും വേണ്ടുവോളം കിട്ടുമായിരുന്നു. പക്ഷെ, ബേക്കറി സാധനങ്ങൾ കിട്ടണമെങ്കിൽ മുപ്പത്തഞ്ചു കിലോമീറ്റർ അകലെയുള്ള പട്ടണത്തിലേക്കു പോകണമായിരുന്നു. ഹരിയാനയിലെ ഒരു ഇടത്തരം പട്ടണമായിരുന്നു അത്. അവിടെ കിട്ടുന്ന കേക്കും മറ്റും അത്ര നല്ലതല്ലായിരുന്നു താനും. ഒരിക്കൽ ഒരു സ്റ്റേഷൻ വെൽഫെയർ മീറ്റിംഗിനിടെ, ഈ കാര്യം ആരോ ഉന്നയിച്ചു. എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ ഒരു ബേക്കറി തുടങ്ങിക്കൂടാ എന്നായി കമാൻഡർ. അടുത്തിരുന്ന ഒരു യൂണിറ്റ് കമാൻഡർ, വളരെ നല്ല ആശയം എന്ന് പറഞ്ഞു അദ്ദേഹത്തെ പിന്താങ്ങുകയും ചെയ്തു. സന്തോഷത്താൽ മതി മറന്ന, വല്യ കമാൻഡർ ഇപ്പറഞ്ഞ ചെറിയ കമാൻഡർക്ക് തന്നെ ബേക്കറി തുടങ്ങാനുള്ള ചുമതലയും നൽകി. കൂടെ എന്ന് തുടങ്ങുമെന്ന ഒരു ചോദ്യവും. ചെറിയ കമാൻഡർ ഒരു നിമിഷം ഒന്നാലോചിച്ചു, എന്നിട്ടു മനകണക്കു കൂട്ടി പറഞ്ഞു 'രണ്ടു മാസം'. ഇത്തിരി ഒച്ച കൂട്ടി വല്യ കമാൻഡർ അവിടെ വച്ച് തന്നെ പ്രഖ്യാപിച്ചു .. 'ഒ കെ .. ഒരു മാസം. അടുത്ത മാസം ബേക്കറി തുടങ്ങിയിരിക്കണം.' പണി കിട്ടിയ കൊച്ചു കമാൻഡർ, ഒട്ടും വ്യാകുലനാകാതെ പിന്നിലിരുന്നു തന്റെ അഡ്ജുട്ടന്റിനു നേരെ തല തിരിച്ചു നോക്കി. ആ നോട്ടത്തിലുള്ള നിർദ്ദേശം സ്വീകരിച്ചതായി, ഒരു 'തംപ്സ് അപ്പ്' ലൂടെ അഡ്ജുടണ്ട് അറിയിച്ചു. പിന്നെ പിൻ നിരയിൽ ഇരുന്നിരുന്ന തന്റെ ഡെപ്യൂട്ടിയായ, യൂണിറ്റ് വാറണ്ട് ഓഫീസറിനെ നോക്കി. അവിടുന്നും ‌ കിട്ടി ഒരു 'തംപ്സ് അപ്പ്'. പുള്ളിയും തന്റെ ബോസ്സുമാരെ അനുകരിച്ച്, പിറകിലോട്ടു തിരിഞ്ഞു തന്റെ സാർജന്റിന് നോട്ടത്തിലൂടെ നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള നോട്ടം പിൻവരി വരെ പോയി. ഏറ്റവും പിന്നിലെ വരിയിലിരുന്ന, പാവം മുത്ത് ചാമിക്ക് പിന്നിൽ നോക്കി നിർദ്ദേശം കൊടുക്കാൻ ആരും ഇല്ലാതിരുന്നതിനാൽ, പുള്ളി ഡയറിയിൽ എന്തോ കുത്തിക്കുറിച്ചു.


ഒരു മാസം പെട്ടെന്നങ്ങു കടന്നു പോയി. ഒരു ദിവസം ഈ മീറ്റിംഗിന്റെ മിനിറ്റ്സ് ഒക്കെ എടുത്തിരുന്ന ഓഫീസർ, പുരോഗതി അറിയാനും ഉദ്‌ഘാടനം പ്ലാൻ ചെയ്യാനും ഒക്കെ ആയി മുൻ പറഞ്ഞ, കൊച്ചു കമാൻഡറിനെ വിളിച്ചു. അന്നത്തെ ആ മീറ്റിംങ്ങിനിടെ സംഭവിച്ച ഈ കൊച്ചു കാര്യം, മറ്റു തിരക്കുകൾക്കിടെ, പുള്ളി പാടേ മറന്നു പോയിരുന്നു. വിവരങ്ങൾ അറിയാനായി, തന്റെ അഡ്ജുട്ടന്റിനെ വിളിച്ചു. അയാളും അന്ന് ഹാളിൽ വച്ച് നിർദ്ദേശം കൈമാറിയതോടെ, അക്കാര്യം മറന്നു പോയിരുന്നു. എന്തായാലും തന്റെ ഡെപ്യൂട്ടിക്ക് ഡെലിഗേറ്റ് ചെയ്തിരുന്നതല്ലേ.. അയാളോട് ചോദിച്ചപ്പോൾ അവിടേം അതേ അവസ്ഥ. അങ്ങിനെ ഒടുവിൽ അഡ്ജുട്ടണ്ട് മുതൽ പാവം മുത്തു ചാമി വരെ എല്ലാവരും കമാണ്ടിങ് ഓഫീസറിന്റെ മുന്നിൽ ഹാജരായി. ബേക്കറിയുടെ പുരോഗതി, മുത്ത് ചാമിയുടെ ഡയറിയിൽ അന്ന് വരച്ച ആ രണ്ടു വര മാത്രമായിരുന്നു. വല്യ കമാൻഡർ അറിഞ്ഞാൽ പിന്നെ പുകിലാവും. കൊച്ചു കമാൻഡർ, ഗർജ്ജിച്ചു ' ഒരു ദിവസം, ബേക്കറി തുറന്നിരിക്കണം'. പിന്നെ, മേൽ പറഞ്ഞ ഓഫിസറിനെ വിളിച്ചു പിറ്റേന്ന് ഉദ്‌ഘാടനം പ്ലാൻ ചെയ്തോളാനും പറഞ്ഞു. എല്ലാം കേട്ട് നിന്ന അഡ്ജുട്ടണ്ട്, ഒരു 'തംപ്സ് അപ്പ്' കാട്ടി, സല്യൂട്ടും കൊടുത്തു പുറത്തോട്ടിറങ്ങി. പിന്നെ എല്ലാരും നെട്ടോട്ടമായി. അവിടുത്തെ കൊച്ചു ഷോപ്പിംഗ് കോംപ്ലക്സിൽ, ഒരു മുറിയിൽ ഒരു പച്ചക്കറി കട പ്രവർത്തിച്ചിരുന്നു. നേരെ ചെന്ന്, ആ കട കയ്യേറി. പച്ചക്കറി ഒക്കെ തൊട്ടപ്പുറത്തെ പലചരക്കു കടയിലോട്ടു മാറ്റി. പിന്നെ എവിടെ നിന്നോ കുറെ ഡെസ്‌ക്കും ബെഞ്ചും, കണ്ണാടി കൂടുകളും ഒക്കെ വന്നു. ആരൊക്കെയോ ചേർന്ന്, പൊട്ടി പൊളിഞ്ഞ ഭിത്തികളിൽ റിപ്പയറിങ്ങും, ചായം പൂശലും ഒക്കെ തുടങ്ങി. ഒരു കലാകാരന്റെ വക ഒരു അടിപൊളി നെയിം ബോർഡും. വൈകിട്ടായപ്പോഴേക്കും, ബേക്കറി മുറി റെഡി ആയി. ഇനി ബേക്കറിയിലേക്ക് കേക്ക്, ബ്രഡ്, ബിസ്ക്കറ്റ്, ബർഫി തുടങ്ങിയ പലഹാരങ്ങൾ ഒക്കെ വേണം. അഡ്ജുട്ടണ്ട്, മുത്ത് ചാമിയെയും കൂട്ടി, സ്കൂട്ടറിൽ പട്ടണത്തിലേക്കു വിട്ടു. അവിടത്തെ ബേക്കറികളിൽ മുഴുവൻ പരതി, ഒരു വിധം നല്ല കുറെ സാധനങ്ങളൊക്കെ ഒപ്പിച്ചെടുത്തു.


എല്ലാം കൂടി രണ്ടു ചാക്കിലാക്കി, തിരിച്ചു എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം പാതിരാ ആയിരുന്നു. അവിടെ പതിനൊന്നു മണിക്ക് മെയിൻ ഗേറ്റ് അടക്കുന്ന പതിവുണ്ടായിരുന്നു. അത് കഴിഞ്ഞു, രാത്രി ഗേറ്റ് തുറക്കണമെങ്കിൽ തുറക്കണമെങ്കിൽ, വല്യ കമാന്‍ഡറുടെ അനുവാദം വേണം. വല്യ കമാൻഡറിനെ അറിയിച്ചാൽ പണി പാളും. അവർ ഗേറ്റ് തുറന്നു കൊടുക്കാൻ സെക്യൂരിറ്റിക്കാരോട് കുറെ കെഞ്ചിയെങ്കിലും, കമാണ്ടറെ പേടിച്ചു അവർ അതിനു തയാറായില്ല. ഇനി എന്ത് ചെയ്യും. അക്കാലത്തു മൊബൈൽ ഫോൺ ഒന്നും പ്രചാരത്തിലായിട്ടില്ല. പുള്ളി ഇത്തിരി അപ്പുറത്തെ ഒരു STD ബൂത്തു കാരനെ കുത്തിയെഴുന്നേല്പിച്ചു, അവിടെ നിന്നും, തന്റെ വാറന്റ് ഓഫീസറെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. അയാളോട് സ്റ്റേഷന് പിന്നിൽ, മതിലിനു ഇത്തിരി പൊക്കം കുറഞ്ഞിടത്തു വരാനും, അവിടേക്കു ചാക്ക് കെട്ടുകൾ വലിച്ചെറിഞ്ഞു കൊടുക്കാമെന്നും പറഞ്ഞു. പറഞ്ഞപോലെ അയ്യാളവിടെ എത്തി, സിഗ്നല് കൊടുത്തപ്പോ പുറത്തു നിന്നും രണ്ടു ചാക്ക് കെട്ടുകൾ മതിലിനു മുകളിലൂടെ ഇപ്പുറത്തെത്തി. അവരുടെ നിർഭാഗ്യത്തിന്, കുറച്ചപ്പുറത്ത് ഒരു പോസ്റ്റിൽ നിന്നിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, മതിലിനു മുകളിലൂടെ എന്തോ വീഴുന്ന കണ്ടു ബഹളം കൂട്ടി. പിന്നെ നിമിഷ നേരം കൊണ്ട്, സെക്യൂരിറ്റി ഓഫീസറും തൊട്ടു പിന്നാലെ വല്യ കമ്മാൻഡറും ഒക്കെ അവിടെ എത്തി.


കമാൻഡർ യൂണിറ്റ് കമാൻഡറെയും കൂട്ടാളികളെയും വിളിച്ചു കണക്കിന് കൊടുത്തു. പിന്നെ, വാങ്ങിച്ചു കൊണ്ട് വന്ന സാധനങ്ങൾ എല്ലാം നിർദിഷ്ട ബേക്കറിയിൽ കൊണ്ട് പോയി വയ്ക്കാനും, പിറ്റേന്ന് പ്ലാൻ ചെയ്തിരുന്ന ഉദ്‌ഘാടനത്തിനു ക്ഷണിച്ചിരുന്ന എല്ലാർക്കും വിതരണം ചെയ്യാനും ഉത്തരവായി. ആ ചടങ്ങിനിടെ, ആരോ ഒരാൾ ധൈര്യപ്പെട്ടു അത് പോലത്തെ ഒരു സ്റ്റേഷനിൽ, ഒരു ബേക്കറി തുടങ്ങാനും നടത്താനുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കമാൻഡറെ പറഞ്ഞു മനസ്സിലാക്കി. ബേക്കിംഗ് ഒക്കെ നന്നായി വശമുള്ള, ഒരു മഹിളാ ജനം ഇതൊക്കെ വീട്ടിൽ തന്നെയുണ്ടാക്കാം എന്നും പറഞ്ഞു മുന്നോട്ടു വന്നു. തുടർന്ന് അവിടെ എല്ലാ സ്ത്രീജനങ്ങൾക്കും വേണ്ടി ഒരു കുക്കിംഗ് ക്ലാസ് നടത്തുവാനും തയ്യാറായത്തോടെ ആ വഴിക്കു നീങ്ങാം എന്ന് കമാൻഡറും തീരുമാനിച്ചു. അങ്ങിനെ, ആ നിർദിഷ്ട ബേക്കറിയിൽ, ഒരു മാസത്തോളം തകൃതിയായി കുക്കിംഗ് ക്ലാസ് നടന്നു, അതോടെ അവിടെ എല്ലാവരും സ്വയം പര്യാപ്തത കൈ വരിച്ചു. പിന്നെ ബേക്കറി സാധനങ്ങൾ കിട്ടുന്നില്ലെന്നൊരു പരാതി അവിടെ ഒരിക്കലും ഉയർന്നില്ല.

22 views0 comments

Recent Posts

See All