വിലപേശൽ

Updated: Jul 16

പത്താം ക്ലാസ്സുവരെ ഹിന്ദി പഠിച്ചിരുന്നു .. പിന്നെ നമ്മടെ ദൂരദർശന്റെ കൃപയാൽ അത്യാവശ്യം ഹിന്ദി ഒക്കെ കേട്ടാൽ മനസ്സിലാവുമായിരുന്നു താനും... അക്കാലത്തു തേസാബ്, ഖുർബാനി, ഫർസ്, ഷോലെ തുടങ്ങിയ കുറെ ഹിന്ദിസിനിമാ വീഡിയോ കാസ്സറ്റുകൾ കയ്യിലുണ്ടായിരുന്നു .. അതൊക്കെ പല ആവർത്തി കണ്ട് കണ്ട് , തട്ടി മുട്ടി ഹിന്ദി പറയാനും പഠിച്ചെടുത്തു .. പത്തില് ഹിന്ദിക്ക് നല്ല മാർക്കും ഉണ്ടായിരുന്നു.. എന്നാലും മെനക്കെടാതെ പരീക്ഷ എഴുതാനല്ല സൗകര്യം തേടി, പ്രീ ഡിഗ്രിക്ക് മലയാളം ലാംഗ്വേജ് എടുത്തു..


പട്ടാളത്തിൽ ചേർന്ന്, ട്രെയിനിങ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റിങ് കിട്ടിയത്, ഗ്വാളിയോറിൽ ആയിരുന്നു.. അവിടെ, മറ്റു പട്ടാളക്കാരോടും പിന്നെ അത്യാവശ്യം സാധനങ്ങൾ വാങ്ങിയിരുന്ന കടകളിലും ഒക്കെ ഹിന്ദി പറഞ്ഞു, ഒരുത്തിരി കോൺഫിഡൻസ് ഒക്കെ അങ്ങ് കൂടി.. അക്കാലത്തു ഒരിക്കൽ ചേട്ടന് എന്തോ ഒഫീഷ്യൽ കാര്യത്തിന് ഡൽഹിക്ക് വരേണ്ടിവന്നു.. വരുന്ന വഴി ഗ്വാളിയോറിൽ ഇറങ്ങി, രണ്ടു ദിവസം എന്റെ കൂടി താമസിച്ചു .. പിന്നെ ഞാനും കൂടി ഡൽഹിക്കു പോയി.. അതിനു മുൻപ് കുറെ ഡൽഹി കറങ്ങിയിരുന്നതിനാൽ, എനിക്ക് ഡൽഹി നല്ല പരിചയമായിരുന്നു താനും..


ഞങ്ങൾ ന്യൂ ഡൽഹി സ്റ്റേഷനിൽ ചെന്നിറങ്ങി. കോനാട്ട് പ്ലേസിലെ ഒരു ഹോട്ടലിൽ ആയിരുന്നു ചേട്ടന്റെ റൂം ബുക്കു ചെയ്തിരുന്നത്.. സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു പോകാൻ ഞങ്ങൾ തീരുമാനിച്ചു.. ഈ ഓട്ടോക്കാരോക്കെ ഒത്തിരി ചാർജ് കൂട്ടി പറയുമെന്നും, അവരോടു ബാർഗെൻ ചെയ്യണമെന്നും ഞാൻ ചേട്ടനോട് പറഞ്ഞു.. ഹിന്ദി അറിയാവുന്ന ഞാൻ ആ ദൗത്യം ഏറ്റെടുത്തു.. ആദ്യമേ കണ്ട ഓട്ടോക്കാരനോട് പോകേണ്ട സ്ഥലം പറഞ്ഞു.. പുള്ളി ഫ്ലാറ്റ് റേറ്റ് 'സത്രഹ് റൂപ്പയ' എന്ന് പറഞ്ഞു.. ഞാൻ മനസ്സിൽ കണക്കു കൂട്ടി, ഏതാണ്ട് നാലു കിലോമീറ്റർ ദൂരം ഉണ്ട് ഈ സ്ഥലത്തേക്ക്.. അക്കാലത്തു ഒരു ഇരുപത്തഞ്ചു -മുപ്പതു രൂപ വരുമെന്നായിരുന്നു എന്റെ ധാരണ.. ചിലപ്പോ ഏതെങ്കിലും ഊട് വഴിയിലൂടെ ആയിരിക്കും കൊണ്ടുപോകുന്നത്.. ഡൽഹിയിൽ ഇക്കൂട്ടർക്ക്, ഇത്തരം പല വഴികളും അറിയാമെന്നു എനിക്കറിയാമായിരുന്നു.. ആ വഴി ചിലപ്പോ ഒന്നോ രണ്ടോ കിലോമീറ്ററേ കാണൂ.. എന്തായാലും നമുക്ക് ലാഭമല്ലേ.. അപ്പൊ പിന്നെ എന്ത് ബാർഗെൻ ചെയ്യാൻ.. ഞാൻ ചേട്ടനോട് ആ റേറ്റ് ന്യായമാണെന്നും, ഇനി ബാർഗെൻ ചെയ്യേണ്ടെന്നും പറഞ്ഞു.. അങ്ങിനെ ഞങ്ങൾ ഓട്ടോയിൽ കയറി പറഞ്ഞ ഹോട്ടലിനു മുൻപിൽ എത്തി..


അവിടെ ഇറങ്ങി കഴിഞ്ഞ്, ഞാൻ ഒരു ഇരുപത് രൂപാ വച്ച് നീട്ടി.. എന്നിട്ടു ബാക്കി ചോദിച്ചു.. അപ്പൊ ദാ .. അയ്യാള് അമ്പതു രൂപ കൂടി ചോദിക്കുന്നു... ഒന്നും മനസ്സിലാവാതെ നിന്ന എന്നോട് അയ്യാള് വീണ്ടും വിശദീകരിച്ചു.. അയ്യാള് 'സത്തർ' എന്നാണ് പറഞ്ഞതത്രെ.. എന്ന് വച്ചാൽ എഴുപത് രൂപ.. ഒരു പക്ഷെ അത് സത്യം ആയിരുന്നിരിക്കും. അന്ന് ഹിന്ദി അത്യാവശ്യം അറിയാമായിരുന്നെങ്കിലും, എണ്ണാൻ അറിയാമായിരുന്നത് ഏക് മുതൽ ബീസ് വരെ മാത്രം.. പിന്നെ പച്ചിസും , പച്ചാസ്സും , സൗ ഉം.. ഈ സത്തർ എന്ന സംഭവം ആദ്യമായി കേൾക്കുന്ന ഞാൻ അതിനെ സത്രഹ് ആയി തെറ്റിദ്ധരിച്ചതിൽ എന്ത് അദ്‌ഭുതം.. പിന്നെ .. വാക്കേറ്റമായി..തർക്കമായി.. അടികിട്ടുന്ന പരുവമായപ്പോ .. ഒടുവിൽ അമ്പതു രൂപ കൊടുത്തു തടി തപ്പി..7 views0 comments