കാള വണ്ടി

കാളവണ്ടി ഇല്ലാത്ത ഒരു ഗ്രാമത്തെ പറ്റി ആലോചിക്കാനേ കഴിയില്ല. പണ്ട് ഞങ്ങളുടെ ഗ്രാമത്തിലും ഒരു കാളവണ്ടി ഉണ്ടായിരുന്നു. ഗ്രാമത്തിലെ ചെറു കുന്നുകളും നെൽപാടങ്ങളും തോടുകളും താണ്ടി, ഇടുങ്ങിയ ചെറു നാട്ടു വഴികളിലൂടെ പതിയെ നീങ്ങിയിരുന്ന ആ വണ്ടി വലിച്ചിരുന്നത് രണ്ടു വയസ്സൻ കാളകളായിരുന്നു. ടൗണിലെ ചന്തയിലേക്ക് ഗ്രാമത്തിൽ നിന്നും പച്ചക്കറി ഉല്പന്നങ്ങളും, തിരിച്ചിങ്ങോട്ട് ശർക്കര, ഉപ്പ് തുടങ്ങിയ പലവ്യഞ്ജനങ്ങളും കൊണ്ടു പോയിരുന്നത്, ആ രണ്ടു വയസ്സൻ കാളകളുടെ മുതുകത്തു കയറ്റിയായിരുന്നു. ആ കാളവണ്ടിയുടെ അമരത്ത് എപ്പോഴും കാളവണ്ടിയുടെ മുതലാളിയും ഡ്രൈവറും ഒക്കെ ആയ കുര്യാക്കോ ചേട്ടൻ, കയ്യിലൊരു ചാട്ട വടിയുമായി കൂഞ്ഞികൂടി ഇരുപ്പുണ്ടാവും. ആ രംഗം ഓർക്കുമ്പോഴെല്ലാം, പണ്ട് സ്കൂളിൽ പഠിച്ച പി ഭാസ്കരന്റെ, കാളകൾ എന്ന ഒരു പദ്യം മനസ്സിലേക്കോടിയെത്തും.


"തോളത്തു ഘനം തൂങ്ങും വണ്ടി തൻ തണ്ടും പേറി-

ക്കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുമ്പോൾ

മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി-

ട്ടറ്റത്തു വണ്ടികയ്യിലിരുപ്പൂ കൂനിക്കൂടി "


ഇടയ്ക്കു ആ ചാട്ട വടി ഒന്നു വീശി, കുര്യാക്കോ ചേട്ടൻ പാവം ആ കാളകളുടെ മുതുകത്തൊന്നു ചെറുതായി തട്ടും. ഒപ്പം വാ കൊണ്ട് ഒരു പ്രത്യേക ശബ്ദം കേൾപ്പിക്കും. ആ ശബ്ദത്തീന്നാണോ, അതോ മുതുകത്തു കിട്ടിയ തട്ടീന്നാണോന്നറിയില്ല, തിരിയണോ നിക്കണോന്നൊക്കെ ആ കാളകൾക്കു മനസ്സിലാകുമായിരുന്നു. ഒരുപക്ഷെ, വർഷങ്ങളായുള്ള ആത്മബന്ധത്തിൽ നിന്നും കുര്യാക്കോ ചേട്ടന്റെ മനസ്സു വായിച്ചെടുക്കാനവറ്റകൾക്കു കഴിഞ്ഞിരുന്നിരിക്കും. ഇടയ്ക്കിത്തിരി അടിച്ചു പൂസാകുന്ന ശീലം, ഈ കുര്യാക്കോ ചേട്ടനുണ്ടായിരുന്നു. എത്ര പൂസായാലും കുര്യാക്കോ ചേട്ടനു ഒരു കൂസലുമില്ലായിരുന്നു. വണ്ടിയിൽ കയറി, ചാട്ട ഒന്ന് ചുഴറ്റി, പ്രത്യേക തരത്തിലുള്ള ആ ഒച്ച ഒന്ന് വച്ച് കഴിയുമ്പോഴത്തേക്കും കാളകൾക്ക് കാര്യം മനസ്സിലാവും. പിന്നെ അവ തനിയെ നടന്നു തുടങ്ങും. വണ്ടിയിലിരുന്ന് ഉറങ്ങുന്ന കുര്യാക്കോ ചേട്ടനെ ഒരു പോറലു പോലും ഏൽക്കാതെ ആ കാളകൾ വീട്ടിലെത്തിക്കുമായിരുന്നു.


രണ്ടു ജനറേഷൻ മുൻപു വരെ, ഇത്തരം കാളവണ്ടികളായിരുന്നത്രേ, ഗ്രാമങ്ങളിൽ ചരക്കു നീക്കത്തിനുള്ള ഏക വാഹനം. കുലുങ്ങി കുലുങ്ങി, ആ കുലുക്കത്തിനൊപ്പം കാളകളുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന മണിയിൽ നിന്നുള്ള താളാദ്മകമായ ആ മണിയൊച്ചയും കേൾപ്പിച്ചു വരുന്ന ആ കാള വണ്ടി, അന്ന് ഞങ്ങൾക്ക് വളരെ കൗതുകമായിരുന്നു. കുര്യാക്കോ ചേട്ടനെ സോപ്പിട്ട്, ഞങ്ങളും ഇടയ്ക്കിത്തിരി ദൂരം അതിൽ കയറി യാത്ര ചെയ്യുമായിരുന്നു. ഇടയ്ക്ക് ഒന്നോ രണ്ടോ തവണ, കുര്യാക്കോ ചേട്ടൻ ചായക്കടയിലും മറ്റും കയറുന്ന തക്കത്തിന്, കാളവണ്ടി ഓടിക്കാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങളു ആ ചാട്ടകൊണ്ടു തട്ടിയാലോ, വാ കൊണ്ട് എന്തെങ്കിലും ശബ്ദമുണ്ടാക്കിയാലോ, ആ കാളകൾ ഒരടി മുന്നോട്ടു വയ്ക്കില്ലായിരുന്നു.


കുര്യാക്കോ ചേട്ടൻ ഈ കാളവണ്ടി സർവ്വീസിന്റെ നാട്ടിലെ അവസാനത്തെ കണ്ണിയായിരുന്നു. അദ്ദേഹത്തിന്റെ മകൻ, ജീപ്പും ടിപ്പറും ഒക്കെയുള്ള ഒരു കൊച്ചു മുതലാളിയായതോടെ, കാളവണ്ടി വെട്ടി നുറുക്കി, വിറകാക്കി. അവശരായിരുന്ന ആ കാളകൾ രണ്ടും നൊയമ്പു കഴിഞ്ഞുള്ള ഒരു ഞായറാഴ്‌ച, നാട്ടുകാരുടെ കറി ചട്ടിയികളിലുമായി. സൗകര്യത്തിനു ജീപ്പും കാറും ഒക്കെ വന്നതോടെ, പതിയെ ഈ കാളവണ്ടികളൊക്കെ നാട്ടിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ഇപ്പൊ ഈ കാളവണ്ടികളൊക്കെ കാണണമെങ്കിൽ വല്ല മ്യൂസിയത്തിലോ മറ്റോ പോയി നോക്കേണ്ടി വരും.