ക്രിസ്തുമസ് കരോൾ

Updated: May 6, 2021

വീണ്ടും ഒരു ക്രിസ്തുമസ് കാലം. .. പണ്ട് പ്രീ ഡിഗ്രിക്കാലത്ത്, വെക്കേഷന് ഹോസ്റ്റലിൽ നിന്നും പിരിയുന്നതിനു മുമ്പു ഒരു പതിനഞ്ചാം തീയതി നടത്തിയ ക്രിസ്തുമസ് കരോളിന്റെ ഓർമ്മ ഇവിടെ കുറിക്കുന്നു....


സാധാരണ, നാട്ടിലൊക്കെ ക്രിസ്തുമസ് കരോൾ വീടുകൾ തോറും പോകുന്നത്, ക്രിസ്തുമസിന് മൂന്നോ നാലോ ദിവസം മുമ്പു മുതൽ മാത്രമായിരുന്നു. ആദ്യമൊക്കെ പള്ളിക്കാരു മാത്രമായിരുന്നു കരോളുമായി ഇറങ്ങിയിരുന്നത്. സൺഡേ സ്ക്കൂളിന്റെ നേതൃത്വത്തിൽ, ഈറ്റ കൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളും, കുറെയൊക്കെ പാടി പഠിച്ച കരോൾ ഗാനങ്ങളുമായിട്ടായിരുന്നന്നൊക്കെ കരോളുകളിറങ്ങിയിരുന്നത്. കരോളു തുടങ്ങുന്നതേ രാത്രി പത്തു മണി കഴിഞ്ഞായിരിക്കും. അതുകൊണ്ടു തന്നെ മിക്കവാറും പലവീട്ടിലും പാതിരാത്രി കഴിയുമ്പോഴാണ് കരോളെത്തിയിരുന്നത്. പണ്ടു കാലത്ത്, നാട്ടിൻ പുറത്ത് സ്ക്കൂളകളിൽ ബെല്ലടിക്കാനായി ഉപയോഗിച്ചിരുന്ന, 'ചേങ്ങില' എന്നു പറയുന്ന ഒരു വലിയ മണി അതിൽ മുതിർന്നവരാരെങ്കിലും പിടിച്ചിരിക്കും. ഓരോ വീട്ടിൽ നിന്നും കരോളു കഴിഞ്ഞ് ഇറങ്ങുമ്പോഴും, ചുറ്റിക വച്ച് ഈ മണിക്കിട്ട് രണ്ടു കൊടുക്കും. ചുറ്റുമ്പുറത്തുള്ളോരെ വിളിച്ചെഴുന്നേൽപ്പിക്കാനാണിത് ചെയ്തിരുന്നത്. ചില വീടുകളിലൊക്കെ വല്ല കെയ്ക്കും ചായയും അല്ലെങ്കിൽ മറ്റു വല്ല പലഹാരങ്ങളും ഒക്കെ കരുതിയിട്ടുണ്ടാകും. കുറച്ചു പേരൊക്കെ, ഇതൊക്കെ കഴിക്കാനായാണ് ഈ കരോളിനു പോയിരുന്നതും.

പിൽക്കാലത്ത്, നാട്ടിലെ മുട്ടിനും മൂലയ്ക്കുമുള്ള ഓരോരോ ഉണക്ക ക്ലബുകൾ വരെ കരോളുമായി ഇറങ്ങാൻ തുടങ്ങിയതോടെ ഓരോ വർഷവും അഞ്ചും ആറും ഗ്രൂപ്പുകൾ വരെ കരോളുമായി വീടുകളിൽ വരുമായിരുന്നു. ഒരു നക്ഷത്രവും പിടിച്ചൊരുത്തൻ മുന്നിൽ. പിന്നെ ഒരു ചെണ്ടയോ, അതുമല്ലെങ്കിൽ കൊട്ടി ശബ്ദമുണ്ടാക്കാൻ പറ്റുന്ന വല്ല പാട്ടയോ, ബക്കറ്റോ, അതുപോലെന്തെങ്കിലും പിടിച്ച മറ്റൊരുത്തനും കാണും കൂട്ടത്തിൽ. പിൽക്കാലത്ത്, സാന്റായുടെ മാസ്ക്കും ചുവന്ന ടെർലിൻ തുണിയുടെ കുപ്പായവും നാട്ടിൽ സുലഭമായതോടെ, കുടവയറിനായി, വയറ്റത്ത് തലയിണയും വച്ച് കെട്ടി, ഈ കുപ്പായവും മാസ്ക്കും ധരിച്ച്, ഊന്നു വടിയും പിടിച്ച ഒരു പയ്യനും മുന്നിൽ കാണുമായിരുന്നു. ചെല്ലുന്ന വീട്ടിൽ വല്ല കുട്ടികളുമുണ്ടെങ്കിൽ, സാന്റാ പോക്കറ്റിൽ നിന്നും ഒരു മിഠായി എടുത്തു നീട്ടും. സാന്റേടെ രൂപം കണ്ടു പേടിച്ച കുട്ടി, അലറി വിളിച്ചു കരയുന്നതോടെ, അതിനും ഉച്ചത്തിൽ കരോൾ ഗാനം തുടങ്ങും. ആദ്യമൊക്കെ, ക്ലബുകളുടെ ധന ശേഖരണത്തിനായിരുന്നു ഇതൊക്കെ നടത്തിയിരുന്നത്. പിന്നെ ബീവറേജസ് ഷോപ്പുകൾ നാട്ടിൽ വന്നതോടെ, ക്രിസ്തുമസിന് ഇത്തിരി ലഹരിയടിക്കാനുള്ള വകതേടിയായി ഇത്തരം കരോളുകൾ.


ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഹോസ്റ്റലിൽ നിന്ന്, പ്രീ ഡിഗ്രി പഠിച്ച എനിക്കും ഹോസ്റ്റലിലെ മറ്റു കൂട്ടുകാർക്കും ധനശേഖരണം, വെള്ളമടി തുടങ്ങിയ യാതൊരു ദുരുദ്ദേശവും ഇല്ലായിരുന്നു. ക്രിസ്തുമസ് അവധിയ്ക്ക് വീട്ടിൽ പോകുന്നതിനു മുമ്പ് ഒന്ന് അടിച്ചു പൊളിക്കുക അത്രമാത്രം. അക്കാലത്ത് ക്രൈസ്റ്റ് കോളേജ് പൂർണ്ണമായും ഒരു മെൻസ് കോളേജായിരുന്നു. പഠിപ്പിക്കുന്നതിൽ പകുതിയും കത്തോലിക്കാ അച്ചൻമാർ. ബാക്കിയുള്ള സാറൻമാരും, അറ്റന്റേഴ്സും എന്തിന് ക്യാംപസ്സിൽ തൂത്തു തുടച്ചിരുന്നവരും ക്യാന്റീൻ സ്റ്റാഫു വരേയും പുരുഷൻമാർ. ചുരുക്കത്തിൽ പറഞ്ഞാൽ, വിശ്വാമിത്രമഹർഷിക്ക് മനസ്സിളക്കാൻ വരുന്ന മേനകയെ പേടിക്കാതെ തപസ്സിരിക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നന്ന് ക്രൈസ്റ്റ് കോളേജ്. കോളേജും ഹോസ്റ്റലും മാത്രമായി കഴിഞ്ഞിരുന്ന കുറെ പഠിപ്പിസ്റ്റുകൾ ഒരു പെണ്ണിനെ കാണുന്നത് തന്നെ, വെക്കേഷനു വീട്ടിൽ പോകുമ്പോ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ, കരോളിനു കൂടെ കൂടിയ കുറെ എണ്ണത്തിന്, കരോളു പാടണവീടുകളിലെ തരുണീമണികളെ ഒരു നോക്കു കാണുകയെന്ന ഗൂഢ ഉദ്ദേശ്യം ഇല്ലായിരുന്നെന്നും പറയാൻ പറ്റില്ല.


അങ്ങനെ ഒരു ഡിസംമ്പർ പതിനഞ്ചിന്, ഹോസ്റ്റലിൽ നിന്ന് വയറു നിറയെ ചോറും കഴിച്ച്, മുപ്പതോളം വരുന്ന ഞങ്ങടെ സംഘം കരോളു തുടങ്ങി. കൂട്ടത്തിൽ തടിയും നല്ല വയറുമുള്ള ഒരുത്തൻ സാന്റാ ആയി. കരോളിങ്ങനെ ഓരോരോ വീടുകൾ താണ്ടി, ഇരിങ്ങാലക്കുടയിലെ പലവഴിയിലൂടെയും പോയിക്കോണ്ടിരുന്നു. സമയം പന്ത്രണ്ടായതോടെ, ഉറക്കം കളഞ്ഞതിന് പല നാട്ടുകാരും ഉടക്കിതുടങ്ങി. പോരാത്തതിന്, കരോളു കാണാൻ വീട്ടുകാരുടെ ഒപ്പം ഇറങ്ങി നിന്നിരുന്ന, പല സുന്ദരിക്കുട്ടികളേയും നോക്കി, ഞങ്ങടെ കൂട്ടത്തിലെ ചിലര് കമന്റടിയും കണ്ണിറുക്കലും തുടങ്ങിയതോടെ, അവരുടെ ദേഷ്യം ഒന്നു കൂടെ കൂടി. എന്നാലും മുപ്പതോളം വരുന്ന ഈ കോളേജു പിള്ളേരെ വിരട്ടാനിത്തിരി, പേടി തോന്നിയതിനാലാരും ഒന്നും മിണ്ടിയില്ല. കരോളങ്ങനെ പലയിടത്തും കറങ്ങി, ഒരു ഒന്നൊന്നരയായപ്പോ, ക്ഷീണിച്ചവശരായി എല്ലാരും തിരിച്ചു പോരുകയായിരുന്നു. കൂട്ടത്തിൽ, പട്ടികടിക്കാൻ വന്നാപോലും ഓടാൻ കൂട്ടാക്കാത്ത ഒരു ത്രശൂർക്കാരനായിരുന്നു, പെട്രോമാക്സും പിടിച്ച്, വെട്ടം കാട്ടി മുമ്പിൽ നടന്നിരുന്നത്. ആടിയും പാടിയും ക്ഷീണിച്ച സാന്റാ, മാസ്ക്കൊക്കെ ഊരിയിരുന്നെങ്കിലും, ഡിസംബറിലെ ചെറിയ കുളിരുണ്ടായിരുന്നതിനാൽ, ഗൗൺ ഊരിയിരുന്നില്ല.

ഏതോ ഇട വഴികളൊക്കെ താണ്ടി, ഹോസ്റ്റലു ലക്ഷ്യമാക്കി നടക്കുകയായിരുന്നു. പെട്ടെന്ന്, എവിടെന്നൊക്കെയോ കുറെ ആളുകൾ കുറുവടീം പത്തലും ഒക്കെയായി ചാടിവീണു. അവരു ഞങ്ങടെ കൂട്ടത്തിലേക്കിടിച്ചു കയറി തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. ഓർക്കാപ്പുറത്ത്, അടികിട്ടിയ കൂട്ടം, പലവഴിക്കു ചിതറി ഓടി. ജീവിതത്തിൽ അധികം ഒന്നും ഒരിക്കലും ഓടാത്ത, ത്രശ്ശൂർക്കാരൻ സുഹൃത്ത് പെട്രോമാക്സും പിടിച്ച് കണ്ട വഴിയേ വച്ചു പിടിച്ചു. സാന്റായും മറ്റേതോ വഴി പാഞ്ഞു. കുപ്പായം തടഞ്ഞു രണ്ടു തവണ മൂക്കും കുത്തി വീണു. എഴുന്നേറ്റ്, നീളൻ കുപ്പായം മടക്കികുത്തി വച്ച് ഓടാൻ തുടങ്ങി. ക്രിക്കറ്റ് മാച്ചുകളിൽ, എന്നെ റണ്ണൗട്ടാക്കുന്നതിലെ കാരണക്കാരനായ ഒരു തടിയൻ സുഹൃത്ത്, എന്നെയും മറികടന്നോടുന്ന കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അങ്ങനെയൊക്കെ ഓടി, ഒരു വിധം കോളേജിനടുത്തെത്തി. ഒരു ഹെഡ്കൗണ്ട് നടത്തിയപ്പോ ഒരാൾ കുറവ്.


ഞങ്ങളുടെ കൂട്ടത്തിലെ ശരിക്കുമുള്ള ഓട്ടക്കാരൻ, യൂണിവേഴ്സിറ്റിയിലെ നൂറു മീറ്റർ ചാംപ്യൻ, കൂട്ടത്തിലില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച്, ഒരു പത്തു മിനിട്ടങ്ങനെ നിന്നു. അപ്പോഴേക്കും, അവനോടി കിതച്ചെത്തി. ഓട്ടക്കാരനാണല്ലോ പുള്ളി. ആളുകൾ ചാടിവീണപ്പോ, അത്യുഗ്രൻ സ്റ്റാർട്ടോടെ ആദ്യം വിട്ടതും പുള്ളി തന്നെയായിരുന്നു. നൊടിയിടയിൽ ഏതാണ്ട്, ഇരുന്നൂറു മീറ്ററോടി കഴിഞ്ഞപ്പോഴേക്കും പുള്ളി ക്ഷീണിച്ചു. അപ്പോ അവിടെ തെങ്ങു നടാനായോ മറ്റോ എടുത്ത, ഒരു വലിയ കുഴി കണ്ടു. പുള്ളി അതിലിറങ്ങി ഒളിച്ചങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ മറ്റു പലരും ആ വഴി ഓടണ ശബ്ദം കേട്ടെങ്കിലും റിസ്ക്കെടുക്കേണ്ടെന്നു കരുതി, അനങ്ങിയില്ല. ആ നേരത്താണ്, ഒരുത്തൻ തെളിഞ്ഞു കത്തുന്ന പെട്രോമാക്സ് കൊണ്ടു വന്ന്, കുഴിയുടെ വക്കത്തു വച്ചത്. എല്ലാത്തിനെയും ഓടിച്ചു പുറകെ വന്ന നാട്ടുകാരു നോക്കുമ്പോ, അരികെ പെട്രോമാക്സും തെളിച്ചു വച്ച്, ഒരുത്തൻ കുഴിയിൽ ഒളിച്ചിരിക്കണു. അവരവനെ പൊക്കിയെടുത്തു, ഒന്നു രണ്ടെണ്ണം പൊട്ടിച്ചു. നല്ല കായികശേഷി ഉണ്ടായിരുന്നതിനാൽ, അവനവിടെ നിന്നും ഒരുവിധം രക്ഷപ്പെട്ടോടി. അവനിതു വിവരിക്കുമ്പോ, എന്റെ തൃശൂർക്കാരൻ സുഹൃത്ത്, പതിയെ പിന്നോട്ടു വലിയുന്നതു ഞാൻ കണ്ടു. ഓട്ടത്തിനിടയിൽ പെട്രോമാക്സ് ഒരു തടസ്സമാവുമെന്നു കണ്ട പുള്ളി തന്നെയായിരുന്നു, അത് ആ കുഴിയുടെ കരയിൽ വച്ചിട്ട് ജീവനും കൊണ്ടോടിയത്.


PS.. ഈ നൂറും ഇരുന്നൂറും മീറ്ററുകളിലൊന്നും ഓടിയിട്ട്, ജീവിതത്തിൽ ഒരു കാര്യവുമില്ലെന്നു അന്നെനിക്ക് മനസ്സിലായി. ആ അറിവാണോ, ഈ ദീർഘ ദൂര ഓട്ടത്തിലേക്ക്, എന്നെ ആകർഷിച്ചതെന്നു ചോദിച്ചാൽ, വ്യക്തമായ ഒരു ഉത്തരം എനിക്കില്ല.


6 views0 comments

Recent Posts

See All