ക്രിസ്തുമസ് കേക്ക്


പാചകം എന്നും എനിക്ക് ഒരു ഹരം ആയിരുന്നു. ഓരോരോ പുതിയ വിഭവങ്ങളുണ്ടാക്കുന്നതിനായിരുന്നു എപ്പോഴും എന്റെ ശ്രമം. കാരണം മറ്റൊന്നല്ല.. ഒന്നും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഒരു റസിപ്പിയും ഞാൻ പിന്തുടരാറിലായിരുന്നു എന്നതും ഒരു പരമാർത്ഥം. ആ സമയത്ത് കയ്യിൽ കിട്ടുന്നതക്കൊ അല്പസ്വല്പം മനസ്സിൽ മൊട്ടിടുന്ന രുചിഭേദങ്ങൾക്ക് അനുസരിച്ചങ്ങു ചേർക്കും. അതുകൊണ്ടു തന്നെ, ഓരോ തവണയും രുചികളും വ്യത്യസ്ഥമായിരിക്കും. എല്ലാ ഡിഷിനും പേരിടുന്നത്, കുക്കിംഗ് ഒക്കെ കഴിഞ്ഞിട്ടാണ്. മിക്കവാറും അധികം കേട്ടു കേൾവിയില്ലാത്ത ഏതെങ്കിലും പ്രാചീനവാക്കുകളോ, അല്ലെങ്കിൽ കടിച്ചാ പൊട്ടാത്ത വല്ല ലാറ്റിനമേരിക്കൻ വാക്കുകളും പിന്നെ അന്നേരം തോന്നുന്ന എന്തെങ്കിലും ഒക്കെ ചേർത്ത് ഒരു പേരങ്ങു നൽകുകയാണ് പതിവ്. പണ്ട് ഒരിക്കൽ ശ്രീനഗറിൽ വച്ചിതുപോലെ കുറെ പണിപ്പെട്ട് ഒരു സ്വീറ്റ് ഡിഷുണ്ടാക്കി. പേരെന്തിടണമെന്ന് ഞാനാലോചിക്കവേ, ഒരു മലയാളി സുഹൃത്ത് അതൊരല്പം എടുത്ത് രുചിച്ചു നോക്കി. 'ഓ, ഇതരവണപായസമല്ലേ' എന്നവൻ പറഞ്ഞതു കൊണ്ട് പിന്നെ അതിന് വേറെ പേരൊന്നും ഇടേണ്ടി വന്നില്ല.


പരീക്ഷണങ്ങളെന്നും എനിക്കിഷ്ടമായിരുന്നു. ഒരിക്കലും ഞാൻ വിജയിക്കാത്തത് കേക്ക് ഉണ്ടാക്കുന്നതിലാണ്. കുട്ടിക്കാലത്ത് ചുരുങ്ങിയത് പത്തു മുപ്പതു തവണയെങ്കിലും ശ്രമിച്ചിട്ടുണ്ട്. വനിത പോലെയുള്ള ചില മാഗസിനുകളിലൊക്കെ ഓരോ റസിപ്പി കാണാറുണ്ടായിരുന്നെങ്കിലും, ഞാനതൊന്നും ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം അതിൽ പറയുന്ന ഒട്ടുമുക്കാൽ സാധനങ്ങളും വീട്ടിലുണ്ടാവാറില്ലെന്നതു തന്നെ. കേയ്ക്കിന്റെ പ്രധാന ചേരുവകൾ മൈദ, പഞ്ചസാര, ബട്ടർ, മുട്ട ഒക്കെ ആണെന്നെനിക്കറിയാമായിരുന്നു. പിന്നെ വാനില എസ്സൻസും ബേക്കിംഗ് പൗഡറും കുറച്ച് കിസ്മിസും കശുവണ്ടി പരിപ്പും. ഇത്രയും സാധനങ്ങൾ വച്ചായിരുന്നു പരീക്ഷണം. ഓരോരോ തവണ ഉണ്ടാക്കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ഇത്തവണയെങ്കിലും ശരിയാവുമെന്ന്. പക്ഷെ ചിലപ്പോ അകം വേവില്ല, മറ്റു ചിലപ്പോ കേക്ക് നല്ല കട്ടിയായിട്ടിരിക്കും, അങ്ങനെ മിക്കവാറും ഫ്ലോപ്പാവാറാണു പതിവ്. ഒരു പൂർണ്ണ രൂപത്തിൽ കേക്കുണ്ടാക്കി എടുത്തതായി ഞാനോർക്കുന്നില്ല. അവനിൽ നിന്നും പുറത്തെടുത്ത് ചെറിയ കഷണങ്ങളാക്കി മുറച്ച് വീണ്ടും അവനിൽ കുറച്ചുനേരം വച്ച് ബേക്ക് ചെയ്താണ് കഴിക്കുന്ന പരുവമാക്കി എടുത്തിരുന്നത്.


വീട്ടിൽ വിശേഷ അവസരങ്ങളിൽ കെയ്ക്ക്, പെസഹാ അപ്പം ഒക്കെ മുറിക്കാനായി സ്റ്റെയിൻലസ് സ്റ്റീലിന്റെ ഒരു കത്തിയുണ്ടായിരുന്നു. അതൊരിക്കൽ ഞാനുണ്ടാക്കിയ കേക്ക് മുറിക്കാനുള്ള ശ്രമത്തിനിടെ രണ്ടു കഷണമായി. മറ്റൊരിക്കൽ ഒരു കെയ്ക്കുണ്ടാക്കാനുള്ള ശ്രമം പതിവുപോലെ പരാജയപെട്ടു. അതിനെ ഒരു പ്രത്യേക പലഹാരമാക്കി കളയാമെന്നു കരുതി, വലിയ ഉണ്ടകളായി ഉരുട്ടി ഒന്നുകൂടെ ബെയ്ക്കു ചെയ്തെടുത്തു. ഒരെണ്ണം എടുത്ത് പൊട്ടിച്ച് കഴിച്ചു നോക്കി. ആർക്കും അതൊട്ടും തന്നെ പിടിച്ചില്ല. അതങ്ങനെ മേശപുറത്തു തന്നെ ഇരുന്നു. വീട്ടിലൊരു പൂച്ച സ്ഥിരം വരാറുണ്ടായിരുന്നു. മിക്കവാറും അതു അടുക്കളവശത്തിങ്ങനെ കറങ്ങി നടക്കും. ഞാനതിനൊരു കേക്കുണ്ട ഇട്ടു കൊടുത്തു. അത് ആ ഉണ്ടയെ ശരിക്കൊന്നു നോക്കി, പിന്നെ പതിയെ അടുത്തേക്കു ചെന്നു. ഓ, പൂച്ചയ്ക്കെങ്കിലും അതിഷ്ടമായല്ലോന്നു ഞാനാശ്വസിച്ചു. അടുത്തുചെന്നു പൂച്ച അതൊന്നു ശരിക്കും മണത്തു നോക്കി. പിന്നെ മെല്ലെ നാവു കൊണ്ടൊന്നു നക്കി. ഉടനെ 'മ്യാവൂ' ന്ന് ഒച്ച വച്ച് കേക്കുണ്ട അവിടിട്ട് പിന്നാമ്പുറത്തേക്ക് ഓടിമറഞ്ഞു. എന്റെ ആ പ്രതീക്ഷയും അതോടെ അസ്തമിച്ചു. ബാക്കി ഉണ്ടകളൊക്കെ അങ്ങിനെ മേശപുറത്തിരുന്നു. അന്നു വൈകിട്ട് കുറച്ചപ്പുറത്തെ വീട്ടിലെ ഒരു വല്ല്യമ്മയും മോളും കൂടി വീട്ടിൽ വന്നു. വല്ല്യമ്മ മുൻപുവശത്ത് വർത്തമാനം പറഞ്ഞിരുന്നു. ആ കുട്ടി ഇങ്ങനെ കറങ്ങി നടക്കുന്നതിന്റെ ഇടയിൽ ഈ വിശേഷ പലഹാരം കണ്ടുപിടിച്ചു. അതോരോന്നായി എടുത്തു കഴിച്ചു...ഒരു നാലഞ്ചെണ്ണം അവളു തീർത്തു തന്നു. പിറ്റേന്നു ഹോസ്പിറ്റലിൽ പോകേണ്ടി വന്നോന്നൊന്നും ഞാനന്വേഷിക്കാൻ പോയില്ല.


കെയ്ക്കു പരീക്ഷണം ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ പോലെ അങ്ങനെ തുടർന്നു കൊണ്ടിരുന്നു. എന്റെ കുറെ കൂട്ടുകാർക്കും ഈ കെയ്ക്കു കഥകളൊക്കെ അറിയാമായിരുന്നു. ഒരിക്കൽ അവൻമാരു ഒരു തമാശ അടിച്ചിറക്കി. 'ഞാൻ കെയ്ക്കുണ്ടാക്കി കഴിഞ്ഞാൽ നാട്ടിൽ പിന്നെ കുറെ നാളത്തേക്കു പട്ടി ശല്യം ഉണ്ടാവില്ലായിരുന്നത്രെ. വലിച്ചെറിഞ്ഞ കെയ്ക്കു വായിലൊട്ടി പിടിച്ചിട്ട് അവയ്ക്കൊന്നും കടിക്കാൻ പോയിട്ട് ഒന്നു കുരയ്ക്കാൻ വേണ്ടി പോലും വായതുറക്കാൻ പറ്റില്ലായിരുന്നതാണത്രേ അതിനു കാരണം'.

8 views0 comments

Recent Posts

See All