കൊറോണ കാലത്തെ നഷ്ട്ടങ്ങൾ

ഒന്നര വര്ഷം മുൻപ് തുടങ്ങിയ ഈ കോവിഡ്, ഒരെത്തും പിടിയും തരാതെ ഇങ്ങിനെ പോയിക്കൊണ്ടിരിക്കുന്നു. വീട്ടിലടച്ചിരുന്നു എല്ലാവരും ഒരു പരുവമായി കഴിഞ്ഞിരിക്കുന്നു. പിള്ളേരുടെ പഠിത്തം ഒക്കെ വീട്ടിലിരുന്നു തന്നെ ആയതോടെ, സ്കൂളിൽ പഠിക്കുന്നതിന്റെ രസം മുഴുവൻ പോവുകയും ചെയ്തു. ഈ ഓൺലൈൻ ക്ലാസ്സിൽ സുഹൃത്തുക്കളുടെ ഒക്കെ പേര് സ്‌ക്രീനിൽ കാണാമെന്നല്ലാതെ, ക്ലാസ്റൂമിൽ കൂട്ടം കൂടി ഇരുന്നു ഒപ്പിക്കാറുള്ള ആ രസം ഇവിടെ ഒരിക്കലും കിട്ടില്ലല്ലോ. മുൻ നിരയിൽ ഇരിക്കാറുള്ള കുറെ പഠിപ്പിസ്റ്റുകളൊഴിച്ച്, ഒട്ടു മുക്കാൽ പേരും ക്ലാസ്സു നടക്കുമ്പോഴും എന്തെങ്കിലും കുസൃതികളൊപ്പിക്കുക പതിവാണല്ലോ - ഇത്തിരി ബോറൻ ക്ലാസ്സുകളാണെങ്കിൽ പ്രത്യേകിച്ചും. ഒരുതരത്തിൽ പറഞ്ഞാൽ, ഇപ്പോൾ കുട്ടികൾക്കു ഇതൊക്കെ ശരിക്കും നഷ്ട്ട പെടുകയല്ലേ. ഓർമ്മയിൽ തങ്ങി നിൽക്കുന്ന ക്ലാസ്സിലെ എന്റെ ഇത്തരം ഒരു അനുഭവം ഇവിടെ കുറിക്കുന്നു.


എഞ്ചിനീയറിംഗ് കഴിഞ്ഞ്‌ വായു സേനയിൽ ചേർന്നപ്പോ, പഠിത്തത്തീന്നു ഒരിത്തിരി ആശ്വാസം കിട്ടു മെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ, ഒന്നര വർഷം പഠിത്തത്തോടെ പഠിത്തം - കൂടെ ഫിസിക്കൽ ട്രെയിനിങ്ങും. പോരാത്തതിന് സീനിയർസിന്റെ വക, രാത്രിയേറെ നീളുന്ന പ്രത്യേക 'indoctrination' പരിപാടികളും. ഏറ്റവും ക്ലേശകരം, പകലത്തെ ഈ തിയറി ക്‌ളാസ്സുകളിൽ, കണ്ണടഞ്ഞു പോകാതെ പിടിച്ചു വച്ചിരിക്കുന്നതായിരുന്നു. ക്ലാസ്സിൽ എന്തെങ്കിലും കുസൃതികൾ ഒപ്പിച്ചായിരുന്നു പലപ്പഴും പിടിച്ചു നിന്നിരുന്നത്. ഒരു ദിവസം, ഒരു സീനിയർ ഓഫീസർ ഞങ്ങളെ 'എയ്റോ ഡയനാമിക്‌സ്' വളരെ സീരിയസ് ആയി പഠിപ്പിച്ചോണ്ടിരിക്കുകയാണ്. ബോറടിച്ചപ്പോ, അടുത്തിരുന്ന സുഹൃത്തുക്കളോട് വെറുതെ മൂന്ന് 'animals' ന്റെ പേര് പറയാൻ പറഞ്ഞു. ഇത് പണ്ട് കോളേജിൽ ആരോ പഠിപ്പിച്ച ഒരു തമാശ ഗെയിം ആയിരുന്നു. ആദ്യം പറയുന്നത് 'അവനാരാണ് എന്നാണ് അവന്റെ വിചാരം ', അടുത്തത് 'അവന്റെ സുഹൃത്തുക്കൾ കരുതുന്നത് ', പിന്നെ അവസാനത്തേതു 'സത്യത്തിൽ അവനാരാണ് ' - അങ്ങിനെ ആയിരുന്നു അതിന്റെ വ്യാഖ്യാനം. അന്ന് ഈ ഗെയിം ഇങ്ങിനെ പുരോഗമിക്കവേ, പെട്ടെന്ന് അവിടെ ചിരി പടർന്നു. ഒരു തെലുങ്കന് ചിരി അടക്കാൻ പറ്റാതെയായി. അവന്റെ ചിരി കണ്ടു ദേഷ്യം വന്ന അദ്ധ്യാപകൻ, ഇത്തിരി നീരസത്തോടെ വിവരം തിരക്കി. എന്റെ തെലുങ്കൻ സുഹൃത്ത് എഴുന്നേറ്റ് നിന്നു - ഞങ്ങളൊക്കെ ചിരിയടക്കി പേടിച്ചു വായും പൂട്ടി ഇരുന്നു. ഇത്രയൊക്കെ ആയിട്ടും അവനു ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു. അത് കണ്ട ഞങ്ങളും, ഇത്തിരി ഭീതിയോടെ, അടക്കി പിടിച്ചു ചിരിച്ചു കൊണ്ടിരുന്നു.


ഇത് കണ്ടു കലി കയറിയ അദ്ധ്യാപകന്റെ സ്വരം ഇത്തിരി കടുത്തു. പിന്നെ തെലുങ്കൻ സുഹൃത്തിനു പിടിച്ചു നിൽക്കാനായില്ല. ചിരി ഒരു വിധം അടക്കി പിടിച്ചോണ്ട് അവൻ പറഞ്ഞു - 'Sir .. we were discussing whether Frog is an animal or an Insect..'. പെട്ടെന്ന് ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു. സംഗതി സത്യമായിരുന്നു - കളിക്കിടെ ഒരുത്തൻ 'frog' എന്ന് പറഞ്ഞപ്പോൾ ന്യായമായും, ഈ തവള ഒരു അനിമൽ ആണോ അതോ പ്രാണിയാണോ എന്ന് സംശയം തോന്നിയ ഞങ്ങൾ അതും പറഞ്ഞു ചർച്ചയിലായിരുന്നു. അവന്റെ വിശദീകരണം കേട്ട ആ അദ്ധ്യാപകൻ കുറെ നേരം ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്ന് പോയി. പിന്നെ ആ പ്രദേശം മൊത്തം മുഴക്കി കൊണ്ട് ഒരൊറ്റ അലർച്ചയായിരുന്നു..'all of you, get out from my class..'. ഞെട്ടി തരിച്ചു പുറത്തിറങ്ങിയ ഞങ്ങളപ്പോഴും 'whether Frog is an animal or an Insect' എന്ന കാര്യത്തിൽ ഞങ്ങളുടെ ഡിസ്കഷൻ തുടരുകയായിരുന്നു!


8 views0 comments