കൊറോണ കാലത്തെ ഒരു സൈക്കിൾ സവാരി

ഈ ലോക്കഡൗൺ ഒക്കെ തുടങ്ങുന്നതിനു മുൻപ് പതിവായി സൈക്കിൾ സവാരിക്ക് പോയിരുന്നതാണ്.. അത് ഇത്തിരി കൂടുതലായിരുന്നോ എന്നൊരു സംശയമേ ഉണ്ടായിരുന്നുള്ളു.. ഇടയ്ക്കു വെറുതെ ഒന്ന് ചുറ്റാനിറങ്ങി നൂറ് കിലോമീറ്റർ വരെ കറങ്ങി വന്നിട്ടുണ്ട്.. അപ്പോഴാണ്, അങ്ങിനെ സൈക്കിൾ ചവിട്ടി അത്ര രസിക്കണ്ടന്നും പറഞ്ഞു കോവിഡ് ഇവിടെ പിടി മുറുക്കുന്നത് .. പിന്നെ ലോക്ക്ഡൌൺ ആയി, എല്ലാം അടച്ചു പൂട്ടി വീട്ടിലിരുപ്പായി.... അതോടെ സൈക്കിളിരുന്നു തുരുമ്പു പിടിക്കാനും തുടങ്ങി..


മാസങ്ങൾ കുറെ അങ്ങിനെ അങ്ങ് കടന്നു പോയി. ഇത്തിരി ഇളവുകൾ ഒക്കെ വന്നപ്പോ, ഒരു ദിവസം വെറുതെ സൈക്കിളും എടുത്തു ഇറങ്ങി. തിരക്കേറിയ ഈ കൊച്ചി നഗരത്തിൽ സൈക്കിള് ചവിട്ടുന്നതിൽ എനിക്കത്ര താൽപ്പര്യമില്ല. ഏതെങ്കിലും കായലിനടുത്തേക്കാണ് മിക്കവാറം എന്റെ യാത്രകൾ. അന്നും പതിവ് തെറ്റിച്ചില്ല. ഇത്തിരി മാറി പൂത്തോട്ട എന്ന ഒരു സ്ഥലമുണ്ട്.. കായൽ താരമാണ്. അവിടെ നിന്നും ഫെറി സെർവിസ്സിൽ കയറിയാൽ, കായലിന്റെ ഭംഗിയൊക്കെ ആസ്വദിച്ച്, അപ്പുറത്തു അരൂർ എന്ന സ്ഥലത്തിനടുത്തു ഇറങ്ങാം. ആദ്യമൊക്കെ സൈക്കിൾ ചവിട്ടുമ്പോൾ, അരൂര് വഴിയ്ക്ക് വന്ന്, തിരിച്ചു പോരുന്ന വഴിക്കു ഈ ഫെറിയിൽ കയറി പോരുകയായിരുന്നു പതിവ്. പക്ഷെ, അന്നേ ദിവസം സമയം ഇത്തിരി വൈകി ഇരുന്നതിനാൽ, ഈ വഴി വച്ച് പിടിച്ചു. വെറുതെ അവിടം വരെ പോയി കായലും കണ്ടു തിരിച്ചു പോരുക എന്ന ഒരു പ്ലാൻ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. കൃത്യം അവിടെ ചെന്ന ആ സമയത്ത്, ഫെറി സർവീസ് കാരുടെ ജങ്കാർ അവിടെ റെഡി ആയി കിടക്കുന്നു. ഈ ഫെറി അക്കരെ പോയി, ഒരു മണിക്കൂറിനകം തിരിച്ചു വരും.. അന്നാ വെറുതെ ഒരു കായൽ യാത്ര ആയിക്കോട്ടെ എന്ന് കരുതി അതിലേക്കങ്ങു കയറി. കൊറോണ കാലം ആയതിനാലായിരിക്കും ആളുകളൊക്കെ കുറവായിരുന്നു.


ജങ്കാർ കുറെ അങ്ങ് നീങ്ങി കഴിഞ്ഞപ്പോ, അതിലെ ഒരു ജോലിക്കാരൻ ടിക്കറ്റിന്റെ പൈസയും ചോദിച്ചെന്റെ അടുത്ത് വന്നു. എന്നും സൈക്കിളിനു ഇറങ്ങുമ്പോ, അരയിൽ കെട്ടുന്ന ഒരു പൗച്ച് കൂടെ ഉണ്ടാവും. അതിലാണ് മൊബൈൽ ഫോൺ വയ്ക്കാറ്. അതിന്റെ മറ്റേ ഒരു കള്ളിയിൽ പത്തു മുന്നൂറു രൂപയും കാണും. സൈക്കിളിംഗ് ആയി നടക്കുമ്പോ, ഇടയ്ക്കു വല്ലതും കുടിക്കാനും പിന്നെ ഇത്തരത്തിലുള്ള ടിക്കറ്റ് ചിലവുകൾക്കും ഒക്കെ ആയി എന്നും കരുതുന്നതാണ്. ഇന്ന് പക്ഷെ ഞാൻ പരതിയപ്പോ, പൈസ ഒന്നും കാണുന്നില്ല. പൗച് അഴിച്ചെടുത്ത്, വീണ്ടും പരിശോധിച്ചു.. ഇല്ല, ഒരൊറ്റ പൈസ ഇല്ല. മാസങ്ങൾക്കു മുൻപ് ആണ് ഞാൻ അത് അവസാനം ഉപയോഗിച്ചിരുന്നതെങ്കിലും, അതിൽ അന്നും നാന്നൂറ് രൂപയോളം ഉണ്ടായിരുന്നു എന്നെനിക്കുറപ്പായിരുന്നു. വേറെ ഒരാവശ്യത്തിനും ഞാൻ അതെടുക്കാറും ഇല്ല. പിന്നെ അതെവിടെ പോയി.. പത്തു രൂപ കൊടുക്കാനുള്ള എന്റെ താമസം കണ്ടപ്പോ, ആ ഫെറി കാരനു ഇത്തിരി ദേഷ്യം വന്നു തുടങ്ങി. 'ഒരു മിനിട്ട് .. ഇപ്പൊ തരാട്ടോ' .. എന്നും പറഞ്ഞ് ഞാൻ ഷോർട്ട്സിന്റെ മറ്റു പോക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങി. അയ്യാൾ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട്, മറ്റുള്ളവരുടെ ടിക്കറ്റ് പൈസ വാങ്ങാൻ പോയി.


ഞാൻ വീട്ടിലേക്കു ഭാര്യയെ ഫോൺ ചെയ്ത്, ആ പൗച്ചിലുണ്ടായിരുന്ന പൈസയെ പറ്റി ചോദിച്ചു.. അവൾ അതെന്നോ ഒരു ദിവസം മീൻ കാരന് കൊടുക്കാൻ ചില്ലറ ഇല്ലാതിരുന്ന കാരണം എടുത്തു കൊടുത്തിരുന്നത്രെ.. 'എന്തെ.. പൈസ ഇല്ലേ ' എന്ന ചോദ്യത്തിനു, 'ആ കുഴപ്പമില്ല..' എന്ന മറുപടി കൊടുത്തു ഫോൺ കട്ട് ചെയ്തു. കായലിന്റെ നടുക്കാണ് എന്ന് പറഞ്ഞു എന്തിനു അവളെ വെറുതെ ടെൻഷൻ അടിപ്പിക്കണം എന്ന് കരുതി, അതൊന്നും പറയാൻ പോയില്ല. എന്റെ ഫോണിലാണെങ്കിൽ ഗൂഗിൾ പേ തുടങ്ങിയ വാലറ്റ് അക്കൗണ്ട് ഒന്നും ഇല്ല താനും. പുത്രൻമാർ രണ്ടു പേരും എല്ലാ പണമിടപാടുകളും അത് വഴിയാണെന്നത് പെട്ടെന്ന് ഞാൻ ഓർത്തു. അവന്മാരെ കൊണ്ട് ചെയ്യിക്കാമെന്നു വച്ച്, ടിക്കറ്റ് കാരനെ വിളിച്ചു, ചില്ലറയില്ലെന്നും ഗൂഗിൾ പേ അക്കൗണ്ട് നമ്പർ ഒന്ന് പറയാമോ എന്നും ചോദിച്ചു. 'എനിക്ക് ആ വക അക്കൗണ്ട് ഒന്നും ഇല്ല.. ചില്ലറ ഇല്ലെങ്കിൽ, താൻ മാറ്റി തരാമെന്നും അയ്യാള് പറഞ്ഞത് കേട്ടപ്പോ, ഞാൻ വീണ്ടും പെട്ടെന്ന് എനിക്ക് മനസ്സിലായി. കയ്യിൽ കാശില്ലാന്നുള്ള കാര്യം പറയാനുള്ള, ജാള്യത കാരണം അങ്ങിനെ ഒരു നമ്പർ ഇട്ടു നോക്കിയതായിരുന്നു.. അതും പൊളിഞ്ഞു. അയ്യാളുടെ ഇത്തിരി ദേഷ്യത്തോടെ ഉള്ള നോട്ടം കണ്ടപ്പോ, പൈസ കൊടുത്തില്ലെങ്കിൽ, ഇപ്പൊ തന്നെ തള്ളി വെള്ളത്തിലിടും എന്നും തോന്നി..


എന്ത് ചെയ്യണമെന്ന് ഓർത്തു വിഷമിച്ചു നിൽക്കുമ്പോൾ, അതിലെ ഒരു യാത്രക്കാരൻ, 'ടിക്കറ്റെടുക്കാൻ പൈസ വേണോ' എന്ന ഒരു ചോദ്യവുമായി എത്തി. കുറെ നേരമായി, എന്റെ അങ്കലാപ്പുകൾ കണ്ടു രസിച്ചു നിൽക്കുകയായിരുന്ന, പുള്ളിക്ക് കാര്യം ഒക്കെ ഏതാണ്ട് പിടി കിട്ടിയിരുന്നു. ഭാഗ്യത്തിന് പുള്ളിക്ക് ഗൂഗിൾ പേ അകൗണ്ട് ഉണ്ടായിരുന്നു. ഞാൻ പുത്രനെ വിളിച്ചു പുള്ളിടെ അക്കൗണ്ടിലേക്ക്, അമ്പതു രൂപ ട്രാൻസ്ഫർ ചെയ്യിച്ചു.. അയ്യാൾ തന്ന അമ്പതു രൂപയിൽ നിന്ന് പത്തു രൂപ കൊടുത്തു ടിക്കറ്റ് എടുത്തപ്പോഴേക്കും ജങ്കാർ മറുകരയിൽ എത്തിയിരുന്നു. അവിടെ ഇറങ്ങിയ അയാളോട് ഞാൻ നന്ദി ഒക്കെ പറഞ്ഞ്, അതേ ജങ്കാറിൽ തിരിച്ചു ഇക്കരയ്ക്കു പോന്നു. ഇത്തവണ പൈസ ചോദിച്ച് ജങ്കാർ തൊഴിലാളി എത്തിയപ്പോൾ, പത്തു രൂപ നോട്ടും പിടിച്ചു കാത്ത് നിൽക്കുകയായിരുന്നു ഞാൻ. ബാക്കി പൈസയ്ക്ക് വഴിയിലെ ഒരു ബേക്കറിയിൽ നിന്നും ഒരു നാരങ്ങാ വെള്ളം ഒക്കെ കുടിച്ചു തിരിച്ചു പോരുമ്പോ, ഈ ഗൂഗിൾ പേ തുടങ്ങിയ പരിപാടികൾ ഒന്നും ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.17 views0 comments

Recent Posts

See All