ആന മടിയന്മാർ

ഇന്നലെ ഒരവസരം ഒത്തുവന്നപ്പോ, പെരിയാർ വനാതിർത്തിയിൽ കൂടെ വെറുതെ ഒന്ന് കറങ്ങാൻ പോയി. അവിടെ അടുത്തെങ്ങും ആളുകൾ ഒന്നും തന്നെ ഇല്ലാത്ത കാരണം, കൊറോണ പേടി കൂടാതെ, ഇത്തിരി നേരം എങ്കിലും മാസ്ക് ഒക്കെ ഒന്ന് മാറ്റി, നല്ല ശുദ്ധ വായു ആസ്വദിക്കാം എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. അങ്ങിനെ കുറെ നടന്നപ്പോ, ഒരു ചേട്ടനെ കണ്ടു മുട്ടി. അവിടെ കാടിനോട് ചേർന്നുള്ള മറ്റൊരാളുടെ സ്വകാര്യ ഭൂമിയിൽ, കൃഷി നടത്തുന്ന ഒരു ചേട്ടൻ. ഏഴെട്ടു ഏക്കർ കൃഷി ഭൂമിയിൽ, വാഴ, കപ്പ പിന്നെ ഇഞ്ചി ഇതൊക്കെയാണ് കൃഷി ചെയ്യുന്നത്. ഇടയ്ക്കൊക്കെ ആന ഇറങ്ങുന്ന പ്രദേശം ആണെന്നറിയാമായിരുന്നതിനാൽ, വെറുതെ ആ കാര്യവും ഒന്ന് ചോദിച്ചു പോയി. പിന്നെ ചേട്ടന്റെ വക ആന കഥകൾ വന്നു തുടങ്ങി.


ആനകൾ എന്നും ഇറങ്ങി വരുമത്രെ. എട്ടും പത്തും ആനകളുടെ കൂട്ടമായിട്ടാണ് അവറ്റകളുടെ വരവ്. സന്ധ്യ മയങ്ങുമ്പോഴാണ് ആന കൂട്ടം എത്തുന്നത്. പിന്നെ നേരെ പറമ്പിലേക്ക് കയറുകയായി. കുലച്ചു നിൽക്കുന്ന വാഴകളുണ്ടെങ്കിൽ, അതിലേക്കായിരിക്കും ആദ്യം നോട്ടമിടുന്നത്. തുമ്പിക്കൈ കൊണ്ട് വലിച്ചു പറിച്ചെടുത്ത്, ആർത്തിയോടെ അകത്താക്കുന്ന ജോലി തിരക്കിലേക്കവർ വ്യാകൃതരാകും. ആനകൾ പതിവായി വരും എന്നറിയാമെന്നതിനാൽ, ചേട്ടൻ ഏതു നേരവും പറമ്പിന്റെ മൂലയിൽ കെട്ടിപൊക്കിയിട്ടുള്ള ഒരു ഏറു മാടത്തിലാണ് താമസം തന്നെ. ദൂരെ നിന്നും ആന കൂട്ടം വരുന്നത് കാണുമ്പോഴേക്കും, ചേട്ടനും പെമ്പറന്നോരും കൂടെ, പണ്ടേതോ ബാന്റു മേളക്കാരുടെ കയ്യിൽ നിന്നും ഒപ്പിച്ചെടുത്ത, പൊട്ടിപൊളിഞ്ഞ ഒരു പഴയ ചെണ്ടയും, അപശബ്ദം മാത്രമുണ്ടാക്കുന്ന ഒരു ട്രെമ്പേറ്റും ആയി പറമ്പിലേക്കിറങ്ങും. ചേടത്തി ചെണ്ട കൊട്ടും, ചേട്ടൻ ട്രെമ്പേറ്റ് വായിക്കും.. അടുത്തെത്തിയ ആനകൂട്ടം, അവരുടെ ബാൻഡ് മേളം ഒക്കെ കണ്ടു ഒരു വേള, അമാന്തിച്ചൊന്നു നിൽക്കും.. ഇത്തിരി നേരം അപ്പുറത്തും ഇപ്പുറത്തും ആയി, മേളക്കാരും കാഴ്ചക്കാരും ആ നിൽപ്പ് തുടരും. മേളക്കാര് വിട്ടു കൊടുക്കില്ലെന്ന് തോന്നിയാൽ, അത് കേട്ട് കാതു പൊട്ടിക്കേണ്ടെന്നു കരുതിയാവും, ആനകൂട്ടം പതിയെ കാട്ടിലേക്ക് തിരിച്ചു നടക്കും. ബാന്റു കാരെങ്ങാനും, ക്ഷീണിച്ചു മേളം ഒന്നു നിറുത്തിപ്പോയാൽ, ആ തക്കത്തിന് അവർ വാഴക്കൂട്ടത്തിലേക്ക് ഇരച്ചു കയറും. പിന്നെ അവരെ പുറത്തു കടത്താൻ, ചേട്ടന് ബാന്റ് മേളം നിറുത്തി, ഒരു കരിമരുന്നു കലാകാരന്റെ റോളിലേക്ക് മാറേണ്ടി വരും. കത്തിച്ചെറിയുന്ന ഓല പടക്കത്തിന്റെ ശബ്ദം കേട്ടാൽ, ആന കൂട്ടം വേഗം പരിപാടികൾ ഉപേക്ഷിച്ച്, കാട്ടിലേക്ക് ഓടും. ചില ദിവസങ്ങളിൽ, ഈ കലാപരിപാടികൾ, പാതിരാ ആവുന്ന വരെ രണ്ടു മൂന്നു തവണ ആവർത്തിക്കും അത്രേ.. ഒടുവിൽ വിട്ടു കൊടുക്കില്ലെന്ന ചേട്ടന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മിക്കവാറും അവർ തോൽക്കും. എന്നാലും, ഇടയ്ക്കൊക്കെ തക്കം നോക്കി, അവറ്റകൾ പറമ്പിൽ കയറി ഒരാഴ്ചത്തേക്കുള്ള, ഭക്ഷണം ഒറ്റയടിക്ക് അകത്താക്കി സ്ഥലം വിടും.


ഇടയ്ക്കു നാട്ടുകാരുടെ പരാതിയെ തുടർന്ന്, ആനകളെ പേടിപ്പിക്കാൻ വനം വകുപ്പ്, ഇലക്ട്രിക്ക് വേലികൾ സ്ഥാപിച്ചിരുന്നത്രെ. പക്ഷെ, ആനയ്ക്ക് നമ്മള് മനുഷ്യരെക്കാളും ബുദ്ധിയുണ്ടെന്നാണ് ചേട്ടൻ പറഞ്ഞത്. ഒന്നു രണ്ടു തവണ ഷോക്ക് കിട്ടിയതേ, അവർക്കു കാര്യം മനസ്സിലായി. പിന്നെ, അടുത്ത് നിൽക്കുന്ന വല്ല മരവും ഒക്കെ കുത്തി മറിച്ച്, ആ വേലിയിലേക്കു തള്ളി ഇടും.. അപ്പൊ എല്ലാം കൂടെ ഷോർട്ട് ആയി, ഫ്യൂസും പോകും. പിന്നെ, ഒന്നും പേടിക്കണ്ടല്ലോ. ഇടയ്ക്കു, നീളൻ കൊമ്പു കൊണ്ട് മണ്ണ് കുത്തിയിളക്കി, ഇലക്ട്രിക്ക് കമ്പികൾ നാട്ടിയിരിക്കുന്ന പോസ്റ്റുകൾ മറിച്ചിട്ട്, അതൊക്കെ കേടാക്കാൻ വൈദഗ്ധ്യം ഉള്ള ചില ആനകളും അവരുടെ കൂട്ടത്തിലുണ്ടത്രെ. ഇതൊക്കെ കേട്ടപ്പോ, പണ്ടെങ്ങോ കേട്ടുമറന്ന ആനയുടെയും തയ്യൽക്കാരന്റെയും കഥ ഓർമ്മ വന്നു. തുമ്പിക്കൈയ്യിൽ കുത്തി നോവിച്ചതിന്, കണക്കിന് പകരം വീട്ടിയ ആ ആന മുത്തപ്പന്റെ, ഈ പുത്തൻ തലമുറ ഇങ്ങിനെ ഒക്കെ ചെയ്തില്ലെങ്കിലേ അദ്‌ഭുതമുള്ളു.


"പാവം ആനകൾ. കാട്ടിൽ വിശപ്പടക്കാൻ അവർക്കൊന്നും കിട്ടാത്തത് കാരണം ആയിരിക്കും അവറ്റകൾ നാട്ടിലേക്കിറങ്ങുന്നത്" എന്ന് ഞാൻ വെറുതെ ഒന്ന് പറഞ്ഞു പോയി. അതത്രയ്ക്കങ്ങു പിടിക്കാതിരുന്ന ചേട്ടൻ എനിക്ക് അതിനു മറുപടിയും തന്നു.. "വേണ്ട തീറ്റ കാട്ടിലുണ്ട് .. പക്ഷെ, അതൊക്കെ വലിച്ചു പറിച്ചെടുക്കാൻ തുമ്പികൈയും നീട്ടി കുറെ മേലനങ്ങി പണിയെടുക്കണം. ഈ പറമ്പിലേക്ക് കയറിയാൽ, എല്ലാം മുൻപിലേക്ക് നീട്ടി വച്ച് കൊടുത്തപോലെ അല്ലെ. ഒട്ടും മേലനങ്ങാതെ, വയറു നിറയ്ക്കാൻ പഠിച്ചു പോയി, അവരൊക്കെ" അത് കേട്ടപ്പോ, ഒരു പക്ഷെ നമ്മള് മനുഷ്യരെപ്പോലെ, മേലനങ്ങാതെ ചോറുണ്ണാൻ അവരും പഠിച്ചു വരുന്നെന്ന് എനിക്ക് തോന്നി.


ബാൻഡ് മേളവും ആന സർക്കസ്സും കാണാൻ നിൽക്കണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, രാത്രി ഇത്തിരി വൈകുന്നത് വരെ കാത്തു നില്ക്കാൻ, ഇത്തവണ ഗത്യന്തരമില്ലാതിരുന്നതിനാൽ, വേറൊരു ദിവസം അത് കാണാൻ വരാമെന്നും പറഞ്ഞു ഞാൻ തിരിച്ചു പോന്നു.
9 views0 comments