ഫിറ്റ്നസ് ചലഞ്ച്‌

കേണൽ സുഗുണൻ, കുടുംബത്തോടൊപ്പം അങ്ങ് ഉത്തരേന്ത്യയിൽ ഒരു സ്ഥലത്തു പോസ്റ്റഡാണ്‌. വയസ്സ് അമ്പതായതോടെ, ശരീരത്തിൽ അവിടേം ഇവിടേം ഇത്തിരി കൊഴുപ്പൊക്കെ അടിഞ്ഞു കൂടി തുടങ്ങി. നല്ല ഫിറ്റായിരുന്ന തന്റെ രൂപം പതുക്കെ മാറുന്നത് സുഗുണൻ സാബിന് മനസ്സിലായി. കൂട്ടുകാരുടെ പലരുടെയും അവസ്ഥ ഏതാണ്ടിതു പോലെ തന്നെയാണെന്ന്, വൈകാതെ സുഗുണന് മനസ്സിലായി.. ഇതെങ്ങിനെ വിട്ടാൽ പറ്റില്ലല്ലോന്നു കരുതി ഇരിക്കുമ്പോഴാണ്, ആരോ ഫിറ്റ്നസ് ചലഞ്ച്‌ എന്നും പറഞ്ഞു ഒരു തുടക്കമിട്ടത്. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്' എന്ന് പറഞ്ഞ പോലെ, അതുവന്ന നേരം പുള്ളിക്കങ്ങു ഇഷ്ട്ടായി . പിറ്റേന്ന് തന്നെ ചലഞ്ച്‌ ഏറ്റെടുക്കാൻ തീരുമാനിച്ചു കിടന്നുറങ്ങി. വെളുപ്പിനെ അലാറം വച്ച് എഴുന്നേറ്റ്‌ നോക്കുമ്പോ, പെമ്പറന്നോരു നല്ല സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്നു. അവളങ്ങിനെ കിടന്നുറങ്ങണ്ടന്നു കരുതി, കുത്തി എഴുന്നേൽപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കി.


'എടീ, പമ്മീ (പദ്മജാ നായർ എന്ന ഭാര്യയെ സുഗുണൻ സാബ് സ്നേഹ പൂർവ്വം വിളിച്ചിരുന്നതങ്ങിനെയാണ്) എഴുന്നേൽക്ക് , നമുക്ക് നടക്കാൻ പോവാം.'


'പിന്നെ, ഈ തണുപ്പത്തോ. എനിക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല. നിങ്ങള് വേണെങ്കി തന്നെ പൊയ്ക്കോ.' അതും പറഞ്ഞു പമ്മി മാഡം പുതപ്പ് ഒന്നുക്കൂടെ വലിച്ചിട്ട് ഉറക്കം തുടർന്നു.


പെമ്പ്രന്നോരു സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്ന കണ്ടപ്പോ, സുഗുണൻ സാബിന്റെ ഹെൽത്ത് മോട്ടിവേഷൻ ഒക്കെ പമ്പ കടന്നു. പിന്നെ പറഞ്ഞിരുന്നിട്ടു ചെന്നില്ലെങ്കിൽ, കൂട്ടുകാർ ഇന്ന് കണക്കിന് കളിയാക്കുമെന്നോർത്തപ്പോൾ, അധികമൊന്നും നോക്കിയില്ല..വേഗം തയ്യാറായി പുറത്തിറങ്ങി.


**


നാലു കിലോമീറ്റർ നടന്ന്, നല്ല ഉന്മേഷവാനായി തിരിച്ചു വീട്ടിലെത്തിയപ്പോ, സഹധർമ്മിണി ചൂട് ചായേം കുടിച്ചോണ്ട് പത്രവും വായിച്ചു, ഉമ്മറത്തിരിക്കുന്നു.


"ഓ, നടന്നിട്ടു എന്ത് ഗുണം കിട്ടി. വെറുതെ തണുപ്പത്തു ഓരോ കോപ്രായം കാട്ടാൻ. അല്ലാതെന്തിനാ." സുഗുണൻ സാബ്, വീട്ടിലേക്കു കയറവെ ഭാര്യ പിറു പിറുത്തു.


"കണ്ടോ.. ഒരു മൂന്നു മാസം കൊണ്ട്, ഞാൻ പഴയ എന്റെ ആ ഫിറ്റ്നസ് വീണ്ടെടുക്കും. നീ നോക്കിക്കോ." രാവിലത്തെ ഉറക്കം ഇത്തിരി നഷ്ടമായെങ്കിലും, പ്രശാന്ത സുന്ദരമായ കാലാവസ്ഥയിൽ, നടന്നത്തിന്റെ ഉന്മേഷത്തിൽ കേണൽ സാബ് തിരിച്ചടിച്ചു.


"ഉവ്വ്.. എന്നിട്ടെന്തിനാണാവോ." വയസ്സായാൽ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കണം. അല്ല പിന്നെ." ഭാര്യയും വിട്ടു കൊടുക്കുന്ന മട്ടില്ല.


"നീ ഇങ്ങിനെ ഇരുന്നോ. നിനക്ക് തടി കൂടി, വല്ല പിത്തോം പിടിച്ചു വേഗം അങ്ങ് തട്ടിപോകും. എനിക്ക് അന്നേരം ഏതെങ്കിലും ഒരു നല്ല സുന്ദരി പെണ്ണിനെ കെട്ടി ജീവിക്കാനുള്ളതാ. തടി കുറച്ചു ഞാൻ നല്ല ഫിറ്റ് ആവണ നീ കണ്ടോ." ഉരുളയ്ക്ക് ഉപ്പേരി പോലെ കേണൽ സാബിന്റെ മറുപടി.


"അപ്പൊ, അതാണ് നിങ്ങടെ ഉദ്ദേശ്യം. ല്ലേ.. വെറുതെയല്ല, ഓരോരോ കോപ്രായം കാട്ടണേ." മേം സാബും വിട്ടു കൊടുക്കാൻ തയ്യാറായില്ല.


ഇനി അവിടെ നിന്നാൽ, പ്രശ്നം ഗുരുതരമാകും എന്ന് മനസ്സിലാക്കിയ സുഗുണൻ സാബ് കുളിക്കാനായി അകത്തോട്ടു കയറി.


**


പിറ്റേന്നു വെളുപ്പിന്, അലാറം അടിക്കണ കേട്ട്, ഇത്തിരി നീരസത്തോടെ കേണൽ ഉറക്കം ഉണർന്നു. കട്ടിലിൽ ഭാര്യയെ കാണാനില്ല. അടുക്കളേല് വല്ലോം ആയിരിക്കും. നന്നായി, ആരെങ്കിലും ചുരുണ്ടു കൂടി സുഖമായി കിടന്നുറങ്ങുന്ന കാണുമ്പോ, എഴുന്നേൽക്കാൻ എന്ത് മടിയാണെന്നോ. ഇതിപ്പോ അത് കാണണ്ട ആവശ്യം ഇല്ലല്ലോ. വേഗം തയ്യാറായി, ഷൂവും ഒക്കെ ഇട്ടു പുറത്തിറങ്ങാൻ ഉമ്മറത്തെത്തിയതും, കേണൽ സാബ് ഞെട്ടി പോയി. അവിടെ, ട്രാക്ക് സൂട്ടും ഷൂവും ഒക്കെ ഇട്ടു നിന്ന്, മേം സാബ് എന്തൊക്കെയോ കസർത്തുകൾ ചെയ്യുന്നു. ഭർത്താവ് പുറത്തേക്കിറങ്ങുന്ന കണ്ടു, പുള്ളിക്കാരിയും കൂടെ കൂടി. ഒന്നും മനസ്സിലാവാത്ത പോലെ മുഖഭാവം വരുത്തി, നടപ്പു തുടങ്ങിയ തന്നെ നോക്കി ചിരിച്ചു കൊണ്ട്, പമ്മി പറഞ്ഞു.


"ഞാനും തടി ഒക്കെ അങ്ങ് കുറക്കാൻ തീരുമാനിച്ചു. അപ്പൊ പിന്നെ പിത്തം വന്നു ഞാൻ ചാവേം ഇല്ല, നിങ്ങള് വേറെ ഒട്ടു കെട്ടാനും പോണില്ല. ആ പൂതിക്ക്‌ വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേരേ."


സംഗതി ഉദ്ദേശിച്ചതുപോലെ തന്നെ നടന്ന സന്തോഷത്തോടെ, കേണൽ സാബ് ഭാര്യയുടെ കൂടെ നടപ്പു തുടങ്ങി. ഒരു പുത്തൻ ഫിറ്റ്നസ് ചലഞ്ചുമായി.
3 views0 comments

Recent Posts

See All