ഞാനും ഫ്ലയിംഗ് മെഷീൻസും

കൊച്ചു നാളിലേ തന്നെ, പേപ്പറു കൊണ്ട് കുഞ്ഞു വിമാനങ്ങളും മിസൈലുകളും ഉണ്ടാക്കാൻ മിടുക്കനായിരുന്നു ഞാൻ. ഞാൻ ഒൻപതിൽ പഠിക്കുന്ന സമയം. എന്റെ ഒരു അടുത്ത സുഹൃത്തിന് മറ്റൊരു ഡിവിഷനിലെ ഒരു കുട്ടിയെ വലിയ ഇഷ്ഠമായിരുന്നു. നേരിട്ടു പറയാൻ ഭയങ്കര മടി. അന്ന് ഇന്നത്തെ പോലെ കുറുക്കു മാർഗ്ഗങ്ങളായ വാട്ട്സ് ആപ്പും ഇൻസ്റ്റഗ്രാമും ഒന്നും ഇല്ലായിരുന്നല്ലോ. അവനങ്ങനെ പ്രേമം മൂത്ത്, വട്ടാകുന്ന ഒരു പരുവമായി. അന്നാ ചങ്ങാതിയെ ഒന്നു സഹായിക്കാമെന്നു ഞാനും കരുതി. പേപ്പറു കൊണ്ട്, ഒരു വിമാനമുണ്ടാക്കി. അതിന്റെ ഒരു ചിറകിൽ അവന്റെ പേരും മറ്റതിൽ അവളുടെ പേരും എഴുതി പിടിപ്പിച്ചു. പിന്നെ അവരുടെ ക്ലാസ്സിനൂ പിന്നാലെയുള്ള ജനലിനരുകിൽ ചെന്ന്, അത് സർവ്വശക്തിയും എടുത്ത് പറത്തി വിട്ടു. ഒന്നും അറിയാത്ത പോലെ മാറി നിന്ന് പ്രതികരണം നിരീക്ഷിച്ചു. ഒരനക്കവുമില്ല. അവരു ചിലപ്പോളതു കണ്ടു കാണില്ലായിരിക്കും എന്നെനിക്കു തോന്നി. പഴയതു പോലെ ഒരെണ്ണം കൂടി ഉണ്ടാക്കി. വീണ്ടും പിറകിലെ ജനാലവഴി പറത്തി വിട്ടു. ലക്ഷ്യത്തിലെത്തുന്നുണ്ടോന്നു ഉറപ്പു വരുത്താൻ ഇത്തവണ ഞാൻ ജനാലയിലൂടെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു. ആ വിമാനം ക്ലാസ്സിലൊന്നു വട്ടം കറങ്ങി, മുൻ വശത്ത് ബ്ലാക്ക് ബോർഡിനടുത്ത് ലാൻഡ് ചെയ്തു. ആരോ അതോടി പോയി എടുത്തു. പെട്ടെന്നെല്ലാവരും പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോ, എല്ലാം ശ്രദ്ധിച്ച് ഞാനവിടെ നിൽക്കുന്നു. പിന്നത്തെ പൂരം പറയണോ.


അര മണിക്കൂറിനകം ഒരു പ്യൂൺ വന്ന് എന്നെ ഹെഡ്മാസ്റ്റർ വിളിക്കുന്നെന്ന് പറഞ്ഞു. ഇടയ്ക്കിടെ ഇങ്ങനെ എന്തെങ്കിലും ഒക്കെ എന്റെ വക പതിവായിരുന്നതിനാൽ, എന്റെ ഫ്രണ്ട്സ് ആരും അതത്ര കാര്യമാക്കിയില്ല. പക്ഷെ, അതും പ്രതീക്ഷിച്ചു ഇരുന്നിരുന്ന എനിക്കു കാര്യം മനസ്സിലായിരുന്നു. ഒരു കുറ്റവാളിയെ പോലെ തലയും താഴ്ത്തി ഞാനദ്ദേഹത്തിന്റെ മുറിയിലെത്തി. എന്നെ കണ്ടതും സൈഡിൽ വച്ചിരുന്ന ഒരു മുഴുത്ത ചൂരലുമെടുത്ത്, അദ്ദേഹം എന്റടുത്തേക്കു വന്നു. മേശപ്പുറത്ത്, ഒരു ബുക്ക് തുറന്നിരിക്കുന്ന ഞാൻ കണ്ടു. സ്ക്കൂളിലെ ഓരോരോ കാര്യങ്ങൾക്ക് ശിക്ഷ കിട്ടുന്നവരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്ന ബുക്കാണ്. അതിലധികം പേജും എന്റെ സ്വന്തം ആയിരുന്നു. അദ്ദേഹം പതിവു പോലെ എന്റടുത്തു വന്നതും ഞാൻ യാന്ത്രികമായി കൈ നീട്ടി. അദ്ദേഹം ഒന്നും ചോദിച്ചില്ല, ഞാനൊന്നും പറഞ്ഞുമില്ല. നല്ല ശക്തിയോടെ ചൂരൽ ഉയർന്നു താണു. ചൂരൽ കയ്യിൽ പറന്നിറങ്ങിയപ്പോ, ഞാൻ കുറെ നക്ഷത്രങ്ങൾ കണ്ടു. അടിയും വാങ്ങി പോകാൻ തിരിഞ്ഞ എന്നെ അദ്ദേഹം തിരിച്ചു വിളിച്ചു. എത്ര വിമാനം പറത്തിയെന്ന ചോദ്യത്തിന് രണ്ടെന്ന് സത്യസന്ധമായി ഞാനുത്തരവും നൽകി. എന്നാ ഒന്നു കൂടി നീട്ടടാ, എന്ന അദ്ദേഹത്തിന്റെ ആക്രോശം കേട്ട് കൈ നീട്ടിയ ഉടനെ അടുത്ത അടിയും വീണു. അതൊക്കെ സഹിക്കാം. പക്ഷെ ഹെഡ്മാസ്റ്റർ വിളിച്ചു ചോദിച്ചപ്പോൾ എന്റെ സുഹൃത്ത് എന്നെ തള്ളി പറഞ്ഞത് എനിക്ക് സഹിച്ചില്ല. അവന്റെ ആ പ്രണയത്തിന്, അതോടെ തിരശ്ശീല വീണെന്ന് പ്രത്യേകം പറയണ്ടല്ലോ.


എന്റെ മിസൈൽ പരീക്ഷണത്തിന് വേദിയായത്, പ്രീ ഡിഗ്രിയിലെ, ഒരു കെമിസ്റ്റ്രി ക്ലാസ്സായിരുന്നു. പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ്, ആയിടെ കോളേജിൽ പഠിപ്പിക്കാൻ കയറിയ ഒരു സാർ, ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു. ഞാനിവിടെ ബോറഡി മാറ്റാൻ, ബുക്കു കീറി മിസൈലുകളുണ്ടാക്കി കൊണ്ടിരിക്കുന്നു. എന്തോ ബോർഡിലെഴുതാൻ ബോർഡിനു നേരെ തിരിഞ്ഞ സാറിന്റെ തല നോക്കി, ഒരു മിസൈൽ ഞാൻ തൊടുത്തു. സാറിന്റെ കൈയ്യിലാണ് അതു പോയി കൊണ്ടത്. താഴെ വീണ മിസൈൽ കുനിഞ്ഞെടുത്ത്, ആരാണതു വിട്ടതെന്ന ചോദ്യത്തിന്, ഉത്തരമായി ഞാനെഴുന്നേറ്റു നിന്നു. എന്റെ ലക്ഷ്യം പോരെന്നും, ഇംപ്രൂവ് ചെയ്യണമെന്നും പറഞ്ഞ് ഇരുത്തിയിട്ട്, അദ്ദേഹം അവരുടെ കോളേജ് വീര കഥകൾ പറയാൻ തുടങ്ങി.


ഈ വക വികൃതികളായിരിക്കാം, ഒരുപക്ഷെ എന്റെ എയർ ഫോഴ്സ് പ്രേമത്തിന് കാരണമായി തീർന്നത്. ഇതൊക്കെ ഞാൻ എന്റെ CV യിൽ ചേർത്തിരുന്നെങ്കിൽ, ഒരു പക്ഷെ ബോയിംഗ്, എയർ ബസ്സ്, ഡാസ്സോ, റാഫേൽ തുടങ്ങിയ വമ്പൻ വിമാന കമ്പനി കാരാരെങ്കിലുമൊക്കെ എന്നെ റാഞ്ചി കൊണ്ടു പോയേനെ!

10 views0 comments

Recent Posts

See All