ഫുട്ബോൾ ലഹരി

ആവേശകരമായ ഫുട്ബോൾ വേൾഡ് കപ്പ് ഫൈനൽ. നോർമൽടൈമും കഴിഞ്ഞ്, കളി എക്സ്ട്രാ ടൈമിലേക്കും നീണ്ടിരിക്കുന്നു. അവസാനിക്കാൻ ഇനി ഏതാനും മിനിട്ടുകൾ മാത്രം. ഓരോ മുന്നേറ്റത്തിനും അനുസരിച്ച്, രണ്ടു ടീമുകളുടേയും ആരാധകർ സ്റ്റേഡിയമാകെ സുനാമി തിരമാല കടലിനെ ഇളക്കി മരിക്കും പോലെ സ്റ്റേഡിയം ഇളക്കിമറിക്കുന്നു. ഗോൾകീപ്പർ നീട്ടിയടിച്ച പന്ത്, മിഡിൽ ലൈനിനു സമീപം പത്താം നമ്പർ ജേഴ്സിക്കാരന്റെ കാലിൽ. അതിവേഗം, ഒരു മിഡ് ഫീൽഡറെ വെട്ടിച്ച് അവൻ കുതിച്ചു മുന്നേറി. ഗ്യാലറിയിൽ നിന്നുള്ള ആരവം ഒന്നു കൂടെ കൊഴുത്തു. അവൻ അവശേഷിച്ച സർവ്വശക്തിയും സംഭരിച്ച് ബോളുമായി എതിർ ഗോൾ വലയം ലക്ഷ്യമാക്കി പാഞ്ഞു. പ്രതിരോധിക്കാൻ വന്ന മൂന്ന് കളിക്കാരെ സുന്ദരമായ ഡ്രിബിളിങ്ങിലൂടെ വെട്ടിച്ച്, അവരുടെ ഗോൾ വലയത്തിന്റ ഇരുപതുവാര അകലെ എത്തി. ഏതു ആക്രമണത്തിനു മുമ്പിലും പതറാതെ ഉരുക്കുകോട്ട പോലെ നിൽക്കുന്ന എതിർ ടീമിന്റെ സെന്റർബാക്കിനു പോലും അവന്റെ ആ മാസ്മരിക പ്രകടനം കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. അവശേഷിച്ചത്, എതിർ ടീമിന്റെ ഗോൾ കീപ്പർ മാത്രം. അയാളിത്തിരി മുന്നോട്ടു കേറി വന്നിരുന്നു. ഇതു തന്നെ അവസരം. ഇടം കാലുകൊണ്ട് വലതുവശത്തേക്ക് ബോളൊന്നു പുഷ് ചെയ്ത്, വലത്തോട്ട് ഒരു ഫുൾ ലംക്ത് സ്ലൈയിഡിംഗ്. ഒപ്പം സർവ്വശക്തിയും എടുത്ത് വലതുകാൽ കൊണ്ട്, ഗോൾ വലയം ലക്ഷ്യമാക്കി ഒരുഗ്രൻ കിക്ക്. 'ഗോൾൾൾൾൾ...........' കമന്റേറ്ററുടെ നീട്ടിയുള്ള അലർച്ച കാതുകളിൽ മുഴങ്ങി. ഒപ്പം അവിടെ മറ്റൊരലർച്ചയും കേട്ടു.


അലർച്ച കേട്ടു ഉറക്കമുണർന്നെഴുന്നേറ്റു വന്ന അവന്റെ അപ്പൻ മുറിയിലെ ലൈറ്റിട്ടു. രാത്രി 1986 ലെ അർജന്റീന ബെൽജിയം വേൾഡ് കപ്പ് മാച്ചിന്റെ റീടെലിക്കാസ്റ്റ് ഏതോ ഒരു ചാനലിൽ വരുന്നുണ്ടായിരുന്നു. ആ വേൾഡ് കപ്പിലൂടെയാണല്ലോ, അർജന്റീനയും അവരുടെ മറഡോണയും കേരളീയരുടെ മനസ്സിൽ ഇടം നേടിയത്. അവനും അപ്പനും കൂടിയാണ് മാച്ച് കാണാനിരുന്നത്. പകലു ക്ലാസ്സും കഴിഞ്ഞ് ക്ഷീണിച്ച് വന്നിരുന്ന അവൻ പകുതിയായപ്പോഴേക്കും സോഫയിൽ കിടന്നു ഉറങ്ങിപ്പോയിരുന്നു. കളിയൊക്കെ കഴിഞ്ഞു, ടീവിയും ഓഫ് ചെയ്തു പോകുമ്പോൾ അപ്പൻ, നല്ല ഉറക്കത്തിലായിരുന്ന അവനെ പിന്നെ വിളിച്ചുണർത്താൻ പോയില്ല. പാതിരായ്ക്ക് ആ അലർച്ചകേട്ടപ്പൻ വന്നു ലൈറ്റിട്ടു നോക്കിയപ്പോ, ആ സെന്റർ ഫോർവേർഡ്, വലതുകാലും പൊക്കിവച്ച് തിരുമുന്ന കാഴ്ചയാണ് കണ്ടത്. എതിർ ടീമിലെ സെന്റർ ബാക്കിന്റെ ചവിട്ടൊന്നും കൊണ്ടതായിരുന്നില്ല, ഉറക്കത്തിൽ ബോളാണുന്നു കരുതി കിക്കെടുത്തത്, സോഫയുടെ കൈപിടിയിലായിരുന്നു.


തല്ക്കാലം കുറെ ഐസ്സൊക്കെ വച്ച് വേദന ശമിപ്പിച്ചെങ്കിലും, പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും നല്ല നീരു വച്ചിരുന്നു. കാലൊട്ടു നിലത്തു തൊടാൻ കൂടി വയ്യ. പിറ്റേന്ന്, ഒരു നാട്ടു വൈദ്യന്റെ തിരുമ്മും അതിന്റെ പിന്നാലെ ഒരു ആയുർവേദ ആശുപത്രി വക പ്ലാസ്റ്ററിംഗും ഒക്കെ അതിന്റെ വഴിക്കു നടന്നു. അടുത്ത ദിവസം, കാലിലൊരു കൊച്ചു ഫുട്ബോൾ പരുവത്തിൽ നീരായി. തുടർന്ന് ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി, ഒരു ഓപ്പറേഷനും വേണ്ടി വന്നു. തൊഴിയുടെ ആഘാതത്തിലും പിന്നെ തിരുമ്മുകാരുടെ തിരുമ്മും ആയുർവേദ ഹോസ്പിറ്റലിലെ പ്ലാസ്റ്ററിംഗും ഒക്കെ കൂടി, കണങ്കാലുമുഴുവൻ ചതഞ്ഞു നാശമായിരുന്നു. ആ ഓപ്പറേഷന്റെ മുറിവൊക്കെ കൂടി വരാൻ, മാസം രണ്ടെടുത്തു.


ഇപ്പറഞ്ഞതൊന്നും ഒരു കഥയല്ലട്ടോ, എന്റെ കോളേജിലെ ആദ്യ വർഷത്തിനിടയിൽ സംഭവിച്ചതാണ്. എന്തായാലും ആ സംഭവത്തോടെ സോഫയിൽ കിടന്നു ഫുട്ബോൾ കാണുന്ന പരിപാടി ഞാനുപേക്ഷിച്ചു. ഇതൊരിക്കെ പറഞ്ഞതിൽ പിന്നെ, ഫുട്ബോൾ കളി ടിവിയിൽ കാണുന്ന ദിവസം, ഭാര്യ ടിവിയ്ക്കു മുന്നിൽ നിലത്ത് കസേരകളിൽ നിന്നും കുറെ അകലത്തിൽ എനിക്കൊരു ബെഡെടുത്തിട്ടു തരും. എന്റെ കാലിനു പറ്റാനിടയുള്ള പരുക്കിനേ ഭയന്നല്ല, അവൾക്കിത്തിരി നാളോടെ ജീവിച്ചാ കൊള്ളാം എന്നുള്ള ആഗ്രഹമുള്ളതു കൊണ്ട്.