വേറൊരു പട്ടാള അനുഭവകഥ

തിരുവന്തപുരത്ത് പോസ്റ്റിങ്ങിൽ ഇരിക്കുന്ന സമയം. അന്ന് കണ്ണിൽ കണ്ടതെല്ലാം കളിച്ചിരുന്ന കാരണം, അവിടുത്തെ ഒരു അഡിഷണൽ തസ്തിക എനിക്ക് വന്നു പെട്ടു. കമാൻഡ് സ്പോർട്സ് ഓഫീസർ. വായുസേനയിൽ ഏഴു കമാൻഡുകൾ ആണ് ഉള്ളത്. ഓരോന്നിനും എല്ലാ കായിക ഇനങ്ങളിലും അവരവരുടെ ടീമുകൾ ഉണ്ട്. വർഷത്തിലൊരിക്കൽ ഇവയെല്ലാം തമ്മിൽ കായികമത്സരങ്ങൾ നടക്കുമായിരുന്നു. വാശിയേറിയ ഈ മത്സരങ്ങൾക്ക് ടീമുകളെ ഉണ്ടാക്കിയെടുക്കുക, അവരുടെ പരിശീലനത്തിനുള്ള സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ വികസിപ്പിക്കുക എന്നിവയൊക്കെ ഈ പോർട്ട് ഫോളിയോയുടെ ചുമതല ആയിരുന്നു. ഇതിന്റെ ആവശ്യത്തിനൊക്കെ ആയി, അതാതു സ്ഥലത്തെ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും ആയി ബന്ധം നിലനിർത്തുന്നതും അത്യാവശ്യമായിരുന്നു. ഇതിനൊക്കെ ആയി, പല കായിക ഇനങ്ങളുടെയും കോച്ചുകളും എന്റെ കീഴിലുണ്ടായിരുന്നു.


ഒരിക്കൽ, കേരള ഹാൻഡ്ബാൾ അസോസിയേഷനിൽ നിന്നും ഒരു ഇൻവിറ്റേഷൻ വന്നു. സംസ്ഥാന ജൂനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് പിറ്റേ ആഴ്ച, തിരുവന്തപുരത്ത് നടക്കുന്നുണ്ടായിരുന്നു. കായിക മന്ത്രി ഉദ്ഘാടനം ചെയ്യുന്ന, ആ ലോഞ്ച് ചടങ്ങിലേക്ക് ആയിരുന്നു ഇൻവിറ്റേഷൻ. എനിക്ക് ഈ പരിപാടിക്കൊന്നും വല്യ താല്പര്യമില്ലായിരുന്നു എങ്കിലും, ഉത്തരേന്ത്യ കാരനായ ഞങ്ങടെ ഹാൻഡ്ബാൾ കോച്ചിന്റെ നിർബന്ധം കാരണവും, പിന്നെ അത്യാവശ്യം ഞങ്ങൾക്ക് പരിശീലന സൗകര്യങ്ങളും ഒക്കെ ഒരുക്കി തരുന്ന ഈ കൗൺസിലിനെ പിണക്കേണ്ടെന്നും കരുതി, അത് സ്വീകരിച്ചു. ആ ചടങ്ങിൽ മറ്റുള്ളവരോടൊപ്പം, സ്റ്റേജ് പങ്കിടുക എന്നതിൽ കൂടുതൽ ഒന്നും ഇല്ലെന്നുറപ്പ് വരുത്തിയതിനു ശേഷമായിരുന്നു ഇതിന് സമ്മതം മൂളിയത്.


പറഞ്ഞിരുന്ന പോലെ പിറ്റേ ആഴ്ച, ഉദ്ഘാടന ചടങ്ങിനെത്തി. ഈ രാഷ്ട്രീയ കാർക്ക്, സമയ ക്ലിപ്ത്തത തീരെ ഇല്ലല്ലോ. പറഞ്ഞിരുന്ന സമയമായിട്ടും, മന്ത്രിയും കൂടെ വരേണ്ടിയിരുന്ന അവിടുത്തെ എംപിയും എംഎൽഎ യും ഒന്നും എത്തിയില്ല. മത്സരങ്ങൾക്കുള്ള, പല ജില്ലാ ടീമംഗങ്ങളും വരി വരിയായി മുൻപിലെ ഗ്രൗണ്ടിലിരിപ്പുണ്ട്. ഇതിനിടെ അനൗൺസ്‌മെന്റ് വന്നു, മന്ത്രിയും പരിവാരങ്ങളും അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന്. അതനുസരിച്ചു, ഞാനും അവരുടെ രണ്ടു കൌൺസിൽ മെമ്പേഴ്‌സും പിന്നെ വേറെ ഒന്ന് രണ്ടു പേരും സ്റ്റേജിൽ കയറി ഇരുപ്പായി. പത്തു മിനിട്ടു കഴിഞ്ഞു. വീണ്ടും അടുത്ത അന്നൗൺസ്‌മെന്റ് വന്നു. എന്തോ അത്യാവശ്യം വന്നു പെട്ടതിനാൽ, മന്ത്രിയും പരിവാരങ്ങളും ഇങ്ങോട്ടു വരുന്നില്ലത്രേ.. പക്ഷെ, അത് കഴിഞ്ഞു അവര് പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി.. അതുകൊണ്ടു ഇന്ത്യൻ വായുസേനയുടെ വിങ് കമാൻഡർ സുനിൽ മാത്യൂസ്, ഈ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു, സദസ്സിനെ അഭി സംബോധന ചെയ്യുമത്രേ. ഞെട്ടിതരിച്ച ഞാൻ, അപ്പുറത്തു നിന്നിരുന്ന എന്റെ ഹാൻഡ്ബാൾ കോച്ചിനെ, ഇത്തിരി ദേഷ്യത്തോടെ നോക്കി.


അന്നേരത്തേക്ക്, ഏതോ ഒരു കുട്ടി ഒരു പൂച്ചെണ്ടുമായി എന്റെ മുന്നിലേക്ക് എത്തി - എന്നെ ഉദ്ഘാടനത്തിനു വരവേൽക്കാൻ. പെട്ടുപോയി എന്നും, ഇനി രക്ഷപെടാൻ ഒരു മാർഗ്ഗവും ഇല്ലെന്നും എനിക്ക് മനസ്സിലായി. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ, എന്തെങ്കിലും രണ്ടു വരി പ്രസംഗം ഒന്ന് തയ്യാറാക്കി വരാമായിരുന്നു. ഇനി അതൊക്കെ ഓർത്തിട്ടെന്തു കാര്യം. മുന്നിലിരിക്കുന്ന കുട്ടികളുടെ മുന്നിൽ അപഹാസ്യനാവാൻ പറ്റുമോ. മൈക്കിനടുത്തേക്കു ചെന്ന്, പ്രസംഗം ആരംഭിച്ചു. ഭാഗ്യത്തിന് സ്പോർട്സ്‌ എന്റെ ഹൃദയത്തിൽ, ഒത്തിരി ആഴത്തിൽ പതിഞ്ഞിരുന്ന ഒരു സംഗതി ആയിരുന്നതിനാലും, ഇടയ്ക്കു കുറച്ചു ഹാൻഡ്ബാൾ ഒക്കെ കളിച്ചു പരിചയമുണ്ടായിരുന്നതിനാലും, അതൊക്കെ വച്ച്, ഒരഞ്ചു മിനിട്ട് എന്തൊക്കെയോ അങ്ങ് തട്ടി വിട്ടു. ആർക്കും ഒന്നും മനസ്സിലാവാഞ്ഞിട്ടോ, അതോ തീർന്നു കിട്ടിയ ആഹ്ലാദത്തിലോ എന്തോ, പ്രസംഗം കഴിഞ്ഞതും എല്ലാരും കയ്യടിച്ചു.


പിന്നെ, അവിടെ ഇരുന്ന ഹാൻഡ്ബാൾ എടുത്ത്, ഉദ്ഘാടന മത്സരത്തിന്റെ റഫറിക്ക് കൈമാറി, റഫറിമാർക്കും ക്യാപ്റ്റന്മാർക്കും ഹസ്തദാനവും കൊടുത്ത്, തിരക്കുള്ളതിനാൽ മത്സരത്തിന് നിൽക്കുന്നില്ലെന്ന് സംഘാടകരെ ധരിപ്പിച്ച്, വണ്ടിക്കു നേരെ നടന്നു. ഓടി ഒപ്പമെത്തിയ, ഞങ്ങടെ ഹാൻഡ്ബാൾ കോച്ച് നല്ല സന്തോഷത്തോടെ തട്ടി വിട്ടു. 'സാർ, വളരെ നല്ല പ്രസംഗം ആയിരുന്നു. സംഭവത്തിന്റെ ജാള്യത്തിൽ നിന്നും പുറത്തു കടന്നിട്ടില്ലായിരുന്ന ഞാൻ ഒന്നും മിണ്ടിയില്ല .. ഞാൻ മനസ്സിൽ പറഞ്ഞു... 'ഞാൻ പ്രസംഗിച്ചത്, ശുദ്ധ മലയാളത്തിൽ. ഈ ചങ്ങാതിക്കാണെങ്കിൽ, ഒരു തരി മലയാളം അറിയില്ല. എന്നിട്ടു, നമ്മളെ സുഖിപ്പിക്കാൻ വന്നേക്കണു. പക്ഷെ, തടി കേടാവാതെ രക്ഷപെട്ട സന്തോഷത്തിൽ, ഒന്നും മിണ്ടാൻ പോയില്ല.14 views0 comments

Recent Posts

See All