നഷ്ടമായ അവധിക്കാലങ്ങൾ

Updated: May 7

ഓരോ അദ്ധ്യയന വർഷത്തിന്റേയും ഒടുവിൽ, ഈ വല്ല്യവധി വരും. സംഭവ ബഹുലമായ ഒരദ്ധ്യയന വർഷത്തിൽ നിന്നും മറ്റൊന്നിലേക്കു കൂപ്പു കുത്തുന്നതിനു മുമ്പുള്ള നീണ്ട ഒരു അവധി. രാവിലെ ധൃതിപിടിച്ച് എഴുന്നേൽക്കണ്ട.. പുസ്തകങ്ങളും ബുക്കും പറുക്കിയെടുത്ത് സ്ക്കൂളിലേക്കോടേണ്ട. ക്ലാസ്സിൽ സാറൻമാരുടെ ഓരോ ചോദ്യത്തിന്, പലവുരി പറഞ്ഞ് കാണാതെ പഠിച്ച ഉത്തരങ്ങൾ, തത്ത പറയണ പോലെ പറയണ്ട. മുൻ ശുണ്ഠിക്കാരായ പല അദ്ധ്യാപകരുടേയും വക ചൂരൽ കഷായം വാങ്ങേണ്ട. അങ്ങനെയുള്ള ഗുലുമാലുകൾക്ക് ഒരു ചെറിയ ഇടവേള..

അവധിക്കാലം എന്നു പറഞ്ഞാൽ കുട്ടികൾക്ക് മൂന്നു വാക്കിലുള്ള ഒരു ആഘോഷമായിരുന്നു - ഭക്ഷണം, കളി, ഉറക്കം.. ഒപ്പം വീട്ടിൽ മുതിർന്നവർക്ക് തലവേദനയും.. ഓടിപാഞ്ഞു നടക്കുമ്പോ വിശപ്പും കൂടും.. അപ്പോ, ഇടയ്ക്കിടെ ഇങ്ങനെ കൊറിച്ചോണ്ടിരിക്കാൻ അരി ഉണ്ടേം, അച്ചപ്പോം, കുഴലപ്പോം ഒക്കെ ഒരിമ്മിണി ഉണ്ടാക്കി വയ്ക്കണമായിരുന്നു. നാടൊട്ടുക്കുള്ള കൂട്ടുകാരും കൂടുമ്പോ, ഇപ്പറഞ്ഞ പലഹാരങ്ങളൊക്കെ പറഞ്ഞ നേരം കൊണ്ടു തീരും. ഈ മാവിനും പ്ലാവിനും ഈ അവധിക്കാലവും പിള്ളേരേം വലിയ ഇഷ്ഠമായിരുന്നു.. അതുകൊണ്ടായിരുന്നല്ലോ, അവയൊക്കെ ഈ അവധിക്കാലം നോക്കി തന്നെ കായ് ഫലങ്ങൾ തന്നിരുന്നത്. പറമ്പിന്റെ മൂലയിൽ നിന്നിരുന്ന നാട്ടുമാവിനെപ്പോഴും ഇഷ്ടം പോലെ വിരുന്നു കാരുണ്ടായിരുന്നു. മാമ്പഴത്തിന്റെ പഴുപ്പു നോക്കാനെത്തുന്ന കുഞ്ഞുകിളികളും അണ്ണാറകണ്ണൻമാരും, നട്ടുപാതിരായ്ക്ക് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന വവ്വാലുകളും... പിന്നെ നാട്ടിലെ കുട്ടികൂട്ടവും.. പിള്ളേരൊക്കെ, വെട്ടം വീഴുമ്പോഴേ എഴുന്നേറ്റിരുന്നതു തന്നെ, രാത്രിയിൽ വീണ മാമ്പഴങ്ങൾ പറുക്കാനായിരുന്നു. പകല് ഇടയ്ക്കെപ്പോഴെങ്കിലും ഒരു കൊച്ചു കാറ്റെങ്ങാനും വീശിയാലുടൻ, കുട്ടികൂട്ടം മാവിൻ ചുവട്ടിലേക്കു പായും - കാറ്റത്ത് ഞേട്ടറ്റു വീഴുന്ന മാമ്പഴം പറുക്കാൻ. വയറു നിറഞ്ഞാൽ പിന്നെ, ഭക്ഷണം ദഹിപ്പിക്കാനുള്ള തത്രപ്പാടായിരിക്കും. കൊയ്ത്തു കഴിഞ്ഞ് വെള്ളം നിറയാൻ ഇടവപാതിയിലെ മഴയേയും കാത്തു കിടക്കുന്ന പാടങ്ങൾ അങ്കകളരികളാവും... പണ്ടു കാലത്ത് കുട്ടീം കോലും ഓലപന്തു കളികൾക്കും വേദികളായിരുന്നു അതൊക്കെ. പിന്നെ പിന്നെ, ഫുട്ബോളും ക്രിക്കറ്റും അവിടെ ചേക്കേറി. ഓടീം ചാടീം ക്ഷീണിച്ചാൽ, ഇടയ്ക്ക് കേളീരംഗം പാടവരമ്പത്തെ തോട്ടിലേക്കു മാറും. മുങ്ങാം കുഴിയിട്ടും നീന്തി തുടിച്ചും ഇടയ്ക്കിത്തിരി പരൽമീനുകളെ തോർത്തിൽ കുരുക്കി പിടിച്ചും കുറേനേരം കളയും.. തിരിച്ചെത്തുമ്പോ ഒരാനേനെ തിന്നാന്നുള്ള വിശപ്പുകാണും.. തീൻ മേശയിൽ കാത്തിരിക്കുന്ന, ആവി പറക്കണ കപ്പയും കാന്താരി ചമ്മന്തിയും, ചക്കപ്പുഴുക്കും ഒക്കെ പറഞ്ഞ സമയത്തിനകം അപ്രത്യക്ഷമാകും.


പലർക്കും ആ വർഷത്തേക്കുള്ള പോക്കറ്റ് മണി ഒപ്പിക്കാനുള്ള ഒരവസരം കൂടിയായിരുന്നു ആ അവധിക്കാലങ്ങൾ. പറമ്പിലങ്ങിങ്ങ് ആകാശം മുട്ടെ പൊങ്ങി നിൽക്കുന്ന കശുമാവുകളും കായ്ക്കുന്നതേ അതിനു വേണ്ടിയായിരുന്നിരിക്കണം. ഫുട്ബോളും ക്രിക്കറ്റ് കിറ്റും സ്പോർട്സ് ഷൂവും, എന്തിന് സൈക്കിളു വരേയും വാങ്ങിയിരുന്നത് ഇത്തരത്തിൽ പോക്കറ്റ് മണി സമാഹരിച്ചായിരുന്നു.


ഇന്നു പക്ഷെ ഈ അവധിയെന്നതു തന്നെ പേരിനു മാത്രമായിരിക്കുന്നു. പല സ്ക്കൂളുകളും, റിസൽട്ട് നന്നാക്കാനുള്ള തത്രപാടിൽ, ഈ അവധിക്കാലത്തും ക്ലാസ്സുകൾ വയ്ക്കാൻ തുടങ്ങി. അവിടങ്ങളിലൊക്കെ, ഈ അവധിയിൽ പകുതിയും, സ്ക്കൂളു തുറന്നാലുടനെ നടക്കുന്ന ആദ്യ ടേമിലെ പരീക്ഷാ ടെൻഷനിൽ തീരും. പക്ഷെ, ഈയിടെ ഇറങ്ങിയ ഒരു ഓർഡർ അനുസരിച്ച്, ക്ലാസ്സുകൾ നടത്താൻ പറ്റില്ലെന്നായതോടെ ആ പരിപാടി പൂട്ടി. പക്ഷെ, അതു പല കോച്ചിംഗ് സ്ഥാപനങ്ങൾക്കും ഒരു അവസരമായി മാറി. വെക്കേഷൻ ക്ലാസ്സുകളും മറ്റുമായി അവധിക്കാലം തന്നെ താറുമായതോടെ, മാവുകൾക്കും തിരിച്ചറിവില്ലാതായി - അതോടെ, അവരും കാലം തെറ്റി കായ്ക്കാൻ തുടങ്ങി.. പിന്നെ, അവധിക്കാലം ഉണ്ടെങ്കിൽ തന്നെ, ഈ പറമ്പിലെറങ്ങാൻ കുട്ടികൾക്കെവിടെ നേരം. ടിവിയിൽ ക്രിക്കറ്റും സിനിമയും കണ്ടും പാതിരാവരെ മൊബൈലിൽ ചാറ്റിംഗ് നടത്തിയും കിട്ടുന്ന ഇത്തിരി അവധിക്കാലം തീർക്കുകയല്ലെ എല്ലാവരും. സൈബർ സ്പേസിൽ ഒരു വിരൽ തുമ്പിൽ ആവോളം ഫ്രണ്ട്സുള്ളപ്പോൾ വെറുതെന്തിനാല്ലേ, വെയിലും കൊണ്ടു ഫ്രണ്ട്സിന്റെ കൂടെ നടക്കണത്. അല്ലാ, ഒരു കണക്കിനാലോചിച്ചാ അവരെന്തു ചെയ്യാനാ.. പറമ്പിലെ മാവും മരങ്ങളും വെട്ടി നമ്മളു റബ്ബറു വച്ചില്ലേ. പാടം നികത്തി വീടുകൾ വച്ചില്ലേ. വരണ്ടുണങ്ങിയ തോട്ടിലുള്ള ഇത്തിരി വെള്ളം തന്നെ ഒരു മാല്യന്യ കൂമ്പാരമാക്കി മാറ്റിയില്ലേ. ഈ മാവും മരങ്ങളും കുളങ്ങളും തോടുകളും ഒക്കെ ഇപ്പോ ചില റിസോർട്ടുകളിൽ വച്ചു പിടിപ്പിച്ചിട്ടുണ്ട്. വല്ലപ്പോഴും ഒന്നു കാണണമെങ്കിൽ അവധിക്കാലത്ത് അവിടെ പോയി രണ്ടു ദിവസം താമസിച്ചാ പോരേ. മാവും പ്ലാവും വേണ്ടുവോളം കണ്ട്, പഴയ ആ നല്ല കാലങ്ങളുടെ ഓർമ്മകൾ അയവിറക്കി, തിരിച്ചു പോരാം...


4 views0 comments

Recent Posts

See All