കൊറോണയും ഒരു കുടുംബിനിയും

Updated: May 25

പണ്ടൊക്കെ, രാജി പകൽ മുഴുവൻ വീട്ടിൽ ഒറ്റക്കായിരുന്നു. ഭർത്താവിനു എപ്പോഴും തിരക്കോടു തിരക്ക്. ദൂരെ ഒരു ഹോസ്റ്റലിൽ നിന്ന് പഠിച്ച, മൂത്ത മകൻ പഠിത്തമൊക്കെ കഴിഞ്ഞു ഒരു MNC യിൽ അവിടെ തന്നെ ജോലിക്കും ചേർന്നിരുന്നു. ഇളയവനാണെങ്കിൽ കോളേജും ഹോസ്റ്റലും ഒക്കെയായുള്ള തിരക്കിലും. മക്കളെയും ഭർത്താവിനെയും ഒന്നു കാണാൻ കൂടി കിട്ടണില്ലെന്ന പരാതിയായിരുന്നു രാജിക്കെന്നും. ഒറ്റയ്ക്ക് എത്രനേരമാ ഇങ്ങനെ വീട്ടിൽ കുത്തി ഇരിക്കുന്നത്. അടിച്ചുതളികാരി ജാനകിയമ്മ സഹായത്തിനു വന്നിരുന്നതിനാൽ, വീട്ടിലെ പണികളൊക്കെ പെട്ടെന്ന് തന്നെ തീരുകയും ചെയ്യും. പിന്നെ കുറെ നേരം ടീവി കണ്ടും വാട്ട്സ്സ് ആപ്പിലും ഫേസ് ബുക്കിലും ഒക്കെ കേറി ഇറങ്ങിയും സമയം കളയും. ഇടയ്ക്കു ഭർത്താവിനും മക്കൾക്കും മെസ്സേജ് അയച്ചു 'ഭക്ഷണം കഴിച്ചോ' എന്നൊക്കെ അന്വേഷിക്കുമായിരുന്നു - കൊച്ചു കുട്ടികളെ പോലെ ഇങ്ങനെ ചോദിക്കുന്നതൊന്നും അവർക്കിഷ്ടമല്ലായിരുന്നു എന്നറിഞ്ഞുകൊണ്ട് തന്നെ.

പക്ഷെ, ഈ കൊറോണ വൈറസ് നാട്ടിൽ വിലസാൻ തുടങ്ങിയപ്പോ, ഒരു തരത്തിൽ രാജിക്ക് സന്തോഷമായി. ജോലി തിരക്കുകൾ മൂലം, രാത്രി വൈകി മാത്രം വീട്ടിലെത്തിയിരുന്ന ഭർത്താവും തന്റെ പുന്നാര മക്കളും ഏതു നേരവും കൂടെയുണ്ടെങ്കിൽ, പിന്നെ വേറെന്തു വേണം. പിന്നാലെ, 'വർക്ക് ഫ്രം ഹോം', 'സ്കൂളിംഗ് ഫ്രം ഹോം' തുടങ്ങിയ കുറെ പുത്തൻ ആശയങ്ങൾ നടപ്പിലായതോടെ, അവരൊക്കെ അവരവരുടേതായ തിരക്കുകളിലേക്കായി. കോവിട് പടർന്നു പിടിച്ചതോടെ, സഹായത്തിനു ജാനകിയമ്മയും വരാതായി. അതോടെ വീട്ടിലെ മറ്റു പണികളും തന്റെ തലയിലായി. രാജിക്ക് എന്നാലും ഒരു പരാതിയുമില്ലായിരുന്നു. അവർക്കൊക്കെ രുചികരമായ ഭക്ഷണം ഉണ്ടാക്കി കൊടുത്തും, കൂടെ ഇരുന്നു കഴിപ്പിച്ചും അവൾ സായൂജ്യം കണ്ടെത്തി. ഏതു നേരവും ലാപ്ടോപ്പിലും മൊബൈലിലും അടയിരിക്കുന്ന അവർക്കു സമയാസമയം ചായയും ജ്യൂസ്സും പിന്നെ പലതരം പലഹാരങ്ങളും ഒക്കെ ഇടയ്ക്കിടെ അങ്ങനെ കൊടുത്തോണ്ടിരുന്നു. തിരക്കിനിടയിൽ അവരുടെ വായിൽ നിന്നും അടർന്നു വീണ കൊച്ചു കൊച്ചു നന്ദി വാക്കുകളിൽ അവൾ ചാരിതാർഥ്യം കൊണ്ടു.


ഒരേ പലഹാരം കൊടുത്തു അവരെ ബോറടിപ്പിക്കേണ്ടെന്നു കരുതി, ഇടയ്ക്കു യു ട്യൂബിൽ നോക്കി പുത്തൻ പാചക രീതികൾ പരീക്ഷിച്ചു, പലവിധ നൂതന പലഹാരങ്ങളും ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി. പക്ഷെ, അവരുടെ തിരക്ക് ദിനം പ്രതി കൂടി കൂടി വന്നു. അതോടെ കിട്ടിയിരുന്ന ചുരുക്കം പ്രോത്സാഹന വാക്കുകൾക്കും പിശുക്കായി..അത്യാവശ്യം മൂളലിലോ അല്ലെങ്കിൽ തല ഉയർത്തിയുള്ള ഒരു നോട്ടത്തിലോ ഒക്കെയായി അതൊതുങ്ങി. അങ്ങ് അമേരിക്കയിലെ ഒരു ക്ലൈന്റിനു വേണ്ടി ഏതോ ഒരു പ്രോജെക്റ്റ് ചെയ്യുന്ന മകൻ വേറെ ടൈം സോണിൽ ഇരുന്നു ജോലി ചെയ്യാൻ തുടങ്ങിയതോടെ, വീട്ടിലെ അടുക്കള ഏതാണ്ട് ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിച്ചോണ്ടിരുന്നു.. രാത്രിയിൽ, ഇടയ്ക്കു അലാറം വച്ച് എഴുന്നേറ്റു, മകന് ഭക്ഷണം ചൂടാക്കി കഴിപ്പിക്കുമായിരുന്നു രാജി.


വന്നു വന്നു അടുക്കള വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് പോലായി മാറി ഇരിക്കുന്നു. ഇടക്കൊന്നു അമ്മേനെ കാണാൻ തന്റെ വീട് വരെ പോകണമെന്നൊക്കെ പാലപ്പഴും തോന്നിയതാ. പക്ഷെ, ഈ റെസ്റ്റോറന്റിനു ഒരവധി കിട്ടിയിട്ട് വേണ്ടേ. മാത്രല്ല, ഇനി താനായിട്ടു അമ്മക്ക് കോവിട് കൊണ്ട് കൊടുത്തൂന്ന നാത്തൂന്റെ പഴിയെയും ഭയമായിരുന്നു രാജിക്ക്. ദിവസങ്ങൾ ആഴ്ചകളിലേക്കും, ആഴ്ചകൾ മാസങ്ങളിലേക്കും നീണ്ടു കൊണ്ടിരുന്നു. പക്ഷെ, ഈ വൈറസിനൊരു കുലുക്കവും ഇല്ല. ആദ്യമേ കേട്ടത് വാക്സിൻ വന്നാൽ എല്ലാം ശരിയാകും, കൊറോണ നാട് വിട്ടു പൊയ്ക്കോളും എന്നൊക്കെയാ.. ഇപ്പൊ വാക്സിനും എത്തി. എല്ലാര്ക്കും കിട്ടിയിട്ടില്ല.. പക്ഷെ കിട്ടിയോർക്കും ചിലർക്കൊക്കെ വീണ്ടും പിടിപെടുന്നുണ്ട് താനും.. ചിലപ്പോ എല്ലാരും വാക്‌സിൻ എടുതാൾ അത് പോകുമായിരിക്കും.. എങ്ങിനെയെങ്കിലും ഇതൊന്നു നാട് വിട്ടു പോയ മതിയായിരുന്നു.. എന്നിട്ടു വേണം ഈ റെസ്റ്റാറ്റാന്റിനു കുറെ അവധി കൊടുത്തു , ഒരിത്തിരി വിശ്രമിക്കാൻ.
10 views0 comments