ഓൺലൈൻ പർച്ചെസ്സ്

Updated: May 25

വർക്കിച്ചന് ഇങ്ങിനെ അടങ്ങി ഒതുങ്ങി ഇരിക്കുന്ന പതിവ് തീരെ ഇല്ലാത്തതാണ്. പക്ഷെ ഇതിപ്പോ എന്ത് ചെയ്യാൻ. കോവിട് നാട് മുഴുവൻ പരന്നതോടെ, പുറത്തിറങ്ങാൻ പറ്റാതായില്ലേ. പോരാത്തതിന് ട്രിപ്പിൾ ലോക്ക് ഡൗണും. സാധാരണ കുറച്ചപ്പുറത്തുള്ള കടയിൽ പോയി, സാധനങ്ങൾ വാങ്ങി വരികയായിരുന്നു പതിവ്. പച്ചക്കറികളൊക്കെ നോക്കി വാങ്ങണമെന്ന കണിശക്കാരനായിരുന്നു പുള്ളി. ഈ പച്ചക്കറി വാങ്ങൽ മാത്രമല്ല, ഇടയ്ക്കു നല്ല നാടൻ വിഭവങ്ങൾ പാചകം ചെയ്യുന്നതിലും മിടുക്കനായിരുന്നു വർക്കിച്ചൻ. ലോക്ക് ഡൌൺ അങ്ങ് നീണ്ടതോടെ, വീട്ടിലിരുന്നു ബോറടിച്ചു തുടങ്ങി.


അങ്ങിനെ ഒരു ദിവസം വീണ്ടും അടുക്കളയിൽ ഒന്ന് കയറി. തന്റെ മാസ്റ്റർ പീസ്സായ അവിയൽ തന്നെ ഉണ്ടാക്കി കളയാമെന്നു തീരുമാനിച്ചു. ചെന്ന് നോക്കുമ്പോ പച്ചക്കറികൾ അധികം ഒന്നും ഇല്ല. അല്ലെങ്കിലും തന്റെ വീട്ടിൽ എല്ലാര്ക്കും മാംസാഹാരത്തോടാണ് പ്രിയമെന്ന് വർക്കിച്ചൻ ഓർത്തു - അപ്പൊ പിന്നെ ഈ പച്ചക്കറികൾ എങ്ങിനെ കാണാൻ. എന്തായാലും അവിയൽ ഉണ്ടാക്കാൻ തിരുമാനിച്ചതല്ലേ.. ഉണ്ടാക്കിയിട്ട് തന്നെ കാര്യം. ലോക്ക് ഡൌൺ അല്ലായിരുന്നെങ്കിൽ, വേഗം പോയി വേണ്ടതൊക്കെ വാങ്ങി വരുമായിരുന്നു വർക്കിച്ചൻ. പക്ഷെ, ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കില്ലല്ലോ. എന്തായാലൂം സാധനങ്ങൾ ഓൺലൈൻ ഓർഡർ ചെയ്തു എത്തുമ്പോഴത്തേക്കും സമയം എടുക്കും. ഇപ്പറഞ്ഞ പാചക പരീക്ഷണം, അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാതെ ഗത്യന്തരമില്ല.


വല്ലപ്പഴും ചില സാധനങ്ങളൊക്കെ ആമസോണിൽ നിന്നും ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങുന്നതൊഴിച്ചാൽ, ഈ ഓൺലൈൻ വ്യാപാരത്തിന്റെ അത്ര വല്യ ആരാധകനൊന്നും അല്ല വർക്കിച്ചൻ. എന്നാലും ഇന്നൊന്നു പരീക്ഷിക്കുക തന്നെ. ഏതോ നല്ലതെന്നു തോന്നിയ രണ്ടു മൂന്നു സൈറ്റുകൾ കണ്ടു പിടിച്ച്, പുള്ളി അവിയലിനും സാമ്പാറിനും വേണ്ട എല്ലാ പച്ചക്കറികളും കുറച്ചു കുറച്ചു ഓർഡർ ചെയ്തു. വിലയും ഗുണവും നോക്കി പല പല സൈറ്റുകളിൽ നിന്നും ആണ് എല്ലാം ഓർഡർ ചെയ്തത്. അന്നത്തെ ദിവസം കുറെ വായനയും എഴുത്തും ഒക്കെ ആയി അങ്ങ് ചിലവഴിച്ചു. പിറ്റേന്ന് തന്റെ ഇഷ്ട്ടപെട്ട അവിയലും സാമ്പാറും ഒക്കെ കൂട്ടി ഉച്ചയൂണ് കഴിക്കുന്ന മധുര സ്വപ്നങ്ങളും കണ്ടു അന്ന് കിടന്നുറങ്ങി.


പിറ്റേന്ന് രാവിലെ പത്തുമണി ആയപ്പോ മൊബൈലിൽ ഒരു മെസ്സേജ് വന്നു. 'വെണ്ടക്ക ആൻഡ് വഴുതനങ്ങ ഡെലിവേർഡ്'. ഇപ്പൊ കോവിഡ് തുടങ്ങിയതിൽ പിന്നെ, ഗേറ്റിൽ സെക്യൂരിറ്റി എല്ലാം വാങ്ങി വയ്ക്കുകയാണ് പതിവ്. ഓർഡർ ചെയ്തവർ അവിടെ പോയി എടുത്തോളണം. വർക്കിച്ചൻ സമയം കളയാതെ ഓടി ചെന്നു. നോക്കുമ്പോ പറഞ്ഞ പോലെ വെണ്ടക്കയും വഴുതനങ്ങയും മാത്രം. അതും വാങ്ങി വീട്ടിലെത്തി. ഒന്നൊന്നര മണിക്കൂർ അക്ഷമനായി കാത്തിരുന്നു. അപ്പൊ ദാ അടുത്ത മെസ്സേജ്. 'കുമ്പളങ്ങാ ഡെലിവെർഡ്' . വീണ്ടും എല്ലാം എത്തിക്കാണുമെന്ന പ്രതീക്ഷയോടെ ഗേറ്റിൽ ചെന്നു. പക്ഷെ, കുമ്പളങ്ങാ മാത്രമേ എത്തിയിരുന്നുള്ളു. കാത്തിരുപ്പു തുടർന്നു. ഇതിനിടെ പെമ്പറന്നോരുണ്ടാക്കിയിരുന്ന എന്തൊക്കെയോ കൂട്ടി ചോറൂണും കഴിഞ്ഞു. വീണ്ടും ഇടവിട്ടിടവിട്ടു ഒന്നും രണ്ടും സാധനങ്ങൾ വന്നു കൊണ്ടിരുന്നു. അങ്ങിനെ രാത്രിയോടെ ഏതാണ്ട് പകുതി സാധനങ്ങൾ വീട്ടിലെത്തി. പിറ്റേന്നും രാവിലെ എഴുന്നേൽക്കുമ്പോൾ, അന്നുച്ചയ്ക്കെങ്കിലും അവിയലും സാമ്പാറും കൂട്ടി ചോറുണ്ണാൻ പറ്റുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ, അന്നും തലേദിവസത്തെപ്പോലെ ഓരോരോ സാധനങ്ങൾ ഇടവിട്ട് ഇടവിട്ട് വന്നു കൊണ്ടിരുന്ന കാരണം അത് നടന്നില്ല. അന്ന് വൈകിട്ടോടെ മത്തങ്ങയും, വാഴക്കായും, മുരിങ്ങാക്കോലും പിന്നെ ചേനയും ഒഴികെയുള്ളതൊക്കെ എത്തിയിരുന്നു. നിരാശയോടെ അന്നും അത്താഴം കഴിച്ചു കിടന്നുറങ്ങി.


പിറ്റേന്ന് രാവിലെ എഴുന്നേറ്റു, കിട്ടിയതൊക്കെ അരിഞ്ഞു നുറുക്കി തുടങ്ങി.. ബാക്കിയുള്ളവ ഒക്കെ, ഇതൊക്കെ അരിഞ്ഞു കഴിയുമ്പോഴത്തേക്കും എത്തുമെന്ന പ്രതീക്ഷയോടെ. ഇത്തിരി നേരം കഴിഞ്ഞപ്പോ, 'മത്തങ്ങാ ഡെലിവെർഡ്' മെസ്സേജ് എത്തി. എന്നാലും ഒഴിച്ച് കൂട്ടാനാവാത്ത വാഴക്കായും , ചേനയും, മുരിങ്ങക്കായും ഇല്ലാതെ എന്തവിയ്യൽ എന്ന് ചിന്തിച്ചിരിക്കവേ, മൊബൈലിൽ അടുത്ത മെസ്സേജ് വന്നു. ഓടി പോയി അതെടുത്തു നോക്കിയ വർക്കിച്ചൻ ഞെട്ടി പോയി... 'ഡ്യൂ ടു നോൺ അവൈലബിലിറ്റി, ഓർഡർ ക്യാൻസൽഡ്..സോറി ഫോർ ദി ഇൻകൺവീനിയന്സ് ' അരിഞ്ഞു കൂട്ടിയതൊക്കെ, ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്രിഡ്ജിനകത്തേക്കു വച്ചു. ഇത്തിരി കഞ്ഞി എടുത്തു, പൊടിക്ക് അച്ചാറും തൈരും കൂട്ടി കഴിച്ചു വർക്കിച്ചൻ തല്ക്കാലം തൃപ്തിയടഞ്ഞു.


13 views0 comments