ഒരെഴുത്തുകാരന്റെ വേദന


ഏറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു, കുത്തിക്കുറിച്ച് വച്ചിട്ടുള്ളതൊക്കെ കൂട്ടിയിണക്കി, ഒരു ബുക്ക് ആക്കണമെന്ന്. ഒടുവിൽ അതൊരു വിധം സാധിച്ചെടുത്തു. 'കാക്കയ്ക്കും തൻകുഞ്ഞു പൊൻ കുഞ്ഞെന്ന്' ഒരു ചൊല്ലുണ്ടല്ലോ. ആ ബുക്കിന്റെ കാര്യത്തിൽ, എനിക്കും കാക്കയുടെ അതേ മനോഭാവമായിരുന്നു. ഈ പുസ്തകമെഴുതി, അതിൽ നിന്നും കുറെ സമ്പാദിച്ചു കൂട്ടുക എന്ന ലക്ഷ്യമൊന്നും ഇല്ലായിരുന്നു. മെനകെട്ടിരുന്ന് എഴുതിയിട്ട്, കുറച്ചു പേരെങ്കിലും വായിക്കാതിരുന്നാൽ, അതൊരു നൊമ്പരമായി തീരുമെന്ന ചിന്തമാത്രമായിരുന്നു മനസ്സിൽ. അറിയപ്പെടുന്ന പ്രസാധകരു വഴി ഇറക്കിയാലേ, നാലു പേരറിയൂ എന്ന് സുഹൃത്തുക്കൾ പലരും പറഞ്ഞു.


എന്നാലങ്ങിനെയാവട്ടെന്ന് കരുതി, തൃശൂരും കോട്ടയത്തും ഒക്കെയുള്ള ഏറ്റവും വല്യ പ്രസാധകരെ കാണാൻ ഇറങ്ങി തിരിച്ചു. എന്നെ നിരാശപ്പെടുത്തേണ്ടെന്ന് കരുതിയാവണം, കയ്യെഴുത്തുപ്രതിയുടെ ഓരോ കോപ്പി, വാങ്ങി വച്ചിട്ട്, പിന്നെ അറിയിക്കാമെന്നും പറഞ്ഞ്, എന്നെ അവർ വേഗം പറഞ്ഞു വിട്ടു. ആഴ്ചകൾ കാത്തിട്ടും, ഒരു മറുപടിയും കിട്ടിയില്ല. പേരിന്റെ കൂടെ ഒരു തകഴിയെന്നോ, പൊറ്റക്കാടെന്നോ മറ്റോ ചേർത്തിരുന്നെങ്കിൽ, ഒരു പക്ഷെ അവരുടെ പ്രതികരണം മറ്റൊരു തരത്തിലായിരുന്നേനെ എന്നെനിക്കു തോന്നി.


ഇത്തിരി താഴെ കിടയിലുള്ള പ്രസാധകരെ കണ്ടു പിടിക്കാനായി എന്റെ അടുത്ത ശ്രമം. അങ്ങിനെ, പലരുടെയും മെയിൽ ഐഡിയിൽ ഒരു ഇമെയിൽ അയച്ചു നോക്കി. അതിപ്പോഴും, വിലാസം തപ്പി, ഇന്റർനെറ്റ് ശൃംഖലയിൽ കറങ്ങി തിരിഞ്ഞ് നടക്കുകയായിരിക്കും. പിന്നെ കുറെ പേരെ ഒന്ന് ഫോണിൽ വിളിച്ചു നോക്കി. ഒട്ടുമിക്കവരും ഫോൺ എടുത്തതെ ഇല്ല. എടുത്ത ചിലർ പറഞ്ഞു 'മാനുസ്ക്രിപ്റ്റ് അയയ്‌ക്ക്‌ .. എന്നിട്ടു നോക്കാം'. അവരുടെ ആ പറച്ചിൽ കെട്ടതേ വല്യ താൽപ്പര്യമില്ലെന്ന് മനസ്സിലായി.


കഠിനപ്രയത്നം ഫലം തരാതിരിക്കില്ലല്ലോ. ഒടുവിൽ ഒരു കൂട്ടർ തിരിച്ചു വിളിച്ചു. ഞാൻ കാര്യം പറഞ്ഞു. സെൽഫ് പബ്ലിഷ് എന്നൊരു ഓപ്ഷൻ ഉണ്ടത്രേ. നാൽപ്പതിനായിരം രൂപയ്ക്ക്, അഞ്ഞൂറ് കോപ്പി അടിച്ചു കയ്യിൽ തരും. കുറെ കോപ്പികൾ അവരും കയ്യിൽ വയ്ക്കും - അവരുടെ ബുക്ക് സ്റ്റാളുകളിലൂടെയും ആമസോനിലൂടെയും ഒക്കെ വിൽക്കാനായിട്ട്.


'ഓ.. ആയിരം കോപ്പി ഒക്കെ ചൂടപ്പം പോലെ വിറ്റു പോകും.. ഇടയ്ക്ക് നടത്തുന്ന ബുക്ക് ഫെയറിൽ തന്നെ, ഒരഞ്ഞൂറു കോപ്പി ചിലവാകും. പിന്നെ ആമസോണിലും ഫ്ളിപ് കാർട്ടിലും ഒക്കെ കൂടി കുറെ എണ്ണം അങ്ങിനെയും പോകും. ' പ്രസാദകരിൽ നിന്നും അത് കേട്ടപ്പോൾ വായനയിൽ ഇത്രമാത്രം തല്പരരായ ആളുകൾ ഇക്കാലത്ത്, ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കൊരു സന്ദേഹം.


'കവിത പോലല്ല, ചെറു കഥകൾക്ക് ഇപ്പോൾ കണ്ടമാനം വായനക്കാരുണ്ട്.' എന്റെ സംശയനിവൃത്തിക്കായി, അയ്യാൾ പറഞ്ഞു.


'അങ്ങിനെ വിൽക്കുന്ന ബുക്കിൽ നിന്ന് എനിക്കെന്തു ലാഭം' എനിക്കൊരു ചെറിയ സംശയം.


'ഓരോ കച്ചവടത്തിനും, പത്തു ശതമാനം റോയൽറ്റി നിങ്ങൾക്ക് കിട്ടും' പറഞ്ഞത് കേട്ടപ്പോ, അത് വലിയൊരു കാര്യമാണെന്ന് തോന്നി. പക്ഷെ മനസ്സിൽ പെട്ടെന്നൊന്നു കണക്കു കൂട്ടി നോക്കി. നൂറു രൂപാ വിലയിട്ടാൽ, ഒരു ബുക്ക് വിൽക്കുമ്പോൾ എനിക്ക് പത്തു രൂപ കിട്ടും. ആയിരം രൂപ കിട്ടാൻ, നൂറെണ്ണം വിൽക്കണം. അതും പോരാഞ്ഞ്, അതിന്റെ ടാക്സ് സർക്കാരിന് കൊടുക്കുകേം വേണം.


ഭാഗ്യത്തിന്, അവര് വഴി, ബുക്ക് പ്രസിദ്ധീകരിച്ച മറ്റൊരു സാഹിത്യകാരന്റെ മൊബൈൽ നമ്പർ കിട്ടി. എന്നോട് പറഞ്ഞപോലൊക്കെ തന്നെ അയ്യാളോടും പറഞ്ഞിരുന്നത്രെ. പക്ഷെ, ഒരു വർഷം ആയിട്ടും, റോയൽറ്റി ഒന്നും കിട്ടിയിട്ടില്ലെന്നു മാത്രം. കയ്യിൽ കിട്ടിയ അഞ്ഞൂറ് കോപ്പികളിൽ, മുന്നൂറെണ്ണം ഇപ്പോഴും ബാക്കി ഇരുപ്പുണ്ടത്രേ. ആദ്യമൊക്കെ തന്റെ മുറിയിൽ ഭദ്രമായി വച്ചിരുന്ന ആ കോപ്പികൾ, ഇപ്പൊ തട്ടിൻ പുറത്തേക്കു മാറ്റിയിട്ടെന്ന് മാത്രം. ആദ്യമാദ്യം, വീട്ടിൽ വരുന്നോർക്കൊക്കെ ഓരോ കോപ്പി കൊടുക്കുമായിരുന്നു. അത് പേടിച്ചാണോ, എന്തോ വീട്ടിൽ വരുന്ന അതിഥികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഇടയ്ക്ക്, നാട്ടിലെ ക്ളബ് കാര് ഓണാഘോഷ പിരിവിനായി വീട്ടിൽ വന്നു. പിരിവു തുകയ്‌ക്കൊപ്പം, അമ്പതു കോപ്പി അവർക്ക് എടുത്ത് കൊടുത്തു. അതവര്, ഓണക്കളികൾക്കൊക്കെയും സമ്മാനമായി കൊടുത്തു തീർക്കുകേം ചെയ്തു. പിന്നീടൊരിക്കൽ, ഇത്തിരി അപ്പുറത്തുളള കടൽ കരയിൽ വെറുതെ ഒന്ന് കാറ്റു കൊള്ളാൻ പോയതാർന്നു. ഒരു പൊതി ചൂടൻ കടലയും വാങ്ങി, പാറ പുറത്തു പോയിരുന്നു. കടലയും കൊറിച്ച്, കടലും കണ്ടിരുന്നു. തിരിച്ചു പോരാൻ നേരം, വെറുതെ ആ കടല പൊതിഞ്ഞിരുന്ന കടലാസോന്നു തുറന്നു നോക്കി. എവിടെയോ കണ്ടു പരിചയമുള്ള പേജുകൾ. അത്, തന്റെ തന്നെ ബുക്കിന്റെ ഒരിതളാണെന്ന്, ഞെട്ടലോടെ അയ്യാൾ തിരിച്ചറിഞ്ഞു.


അയ്യാളുടെ ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ, അത്തരം ഒരു ഗതി എനിക്കും വരേണ്ടെന്ന് കരുതി, ആ പ്രസാധകനേം വേണ്ടെന്നു വച്ചു.


എന്നാലിനി ഗൂഗിളിലൊന്ന് നോക്കിക്കളയാം എന്നു കരുതി, അവിടെയും പരതി. അവര് നിരാശപ്പെടുത്തിയില്ല. കൊച്ചി മുതൽ ചിക്കാഗോ വരെയുള്ള, ലക്ഷക്കണക്കിനു പ്രസാധകരെ കാട്ടി തന്നു. അതിൽ കുറച്ചുപേരുടെ സൈറ്റിൽ കയറി ചെറിയ ഒരന്വേഷണം നടത്തുകയും ചെയ്തു. അതിൽപ്പിന്നെ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ തുറക്കുമ്പോഴത്തേക്കും, ഗൂഗിൾകാര്, എന്റെ മുന്നിലേക്ക് പ്രസാധകരുടെ പരസ്യങ്ങൾ വച്ച് നീട്ടാനും തുടങ്ങി.


ഒടുവിൽ അങ്ങ് ഉത്തരേന്ത്യയിൽ കിടക്കുന്ന ഒരു കൂട്ടരെ തപ്പി പിടിച്ചു. മലയാളം വായിക്കാനറിയില്ലെങ്കിലും , അവരതൊക്കെ പ്രിന്റ് ചെയ്തു തരാമെന്നേറ്റു. ഒപ്പം ആമസോണിലൂടെയും മറ്റും വിറ്റു കൊള്ളാമെന്നും. ന്യായമായ വിലയ്ക്ക്, നൂറു കോപ്പി എനിക്കും കിട്ടി.


ബുക്കിറക്കിയ വിവരം നാലുപേരെ അറിയിക്കാനായി ഫേസ്ബുക്കിൽ ഒരു പോസ്റ്റും ഇട്ടു. അപ്പൊ ചിലർക്ക് പരിഭവം - ബുക്ക് റിലീസിന് അവരെ ഒന്നും വിളിക്കാത്തതിന്. ആദ്യമൊക്കെ, വീട്ടിൽ വന്നവരും പലയിടത്തും കണ്ടുമുട്ടിയ സുഹൃത്തുക്കളും പരിചയക്കാരു മൊക്കെ ഓരോ കോപ്പി ചോദിച്ചു വാങ്ങി കൊണ്ടു പോയി - വായിച്ചിട്ട്, ഉടൻ അഭിപ്രായം പറയാമെന്നും പറഞ്ഞ്. പക്ഷെ, ഒരു മാസമായിട്ടും അധികമാരും തിരിച്ചു വിളിച്ചില്ല. മാത്രമല്ല, വഴിയിൽ കാണുമ്പോൾ അവരൊക്കെ മാറി നടക്കുകയും ചെയ്യും, ആ ബുക്ക് വായിച്ചോന്ന് ഞാനെങ്ങാനും ചോദിച്ചാലൊന്നു ഭയന്നാവും.10 views0 comments

Recent Posts

See All