ഫോട്ടോഗ്രാഫി

ആഗസ്ത് 19, വേൾഡ് ഫോട്ടോഗ്രാഫേർസ് ദിനം. ഇന്നിപ്പോ നാടാകെ ഫോട്ടോഗ്രാഫേഴ്സ് ആണ്. ഇമ്മിണി വലിയ റെസല്യൂഷനിൽ വരെ ഫോട്ടോ എടുക്കാവുന്ന ക്യാമറകളും പിന്നെ, അതിനെയൊക്കെ ഏതു രീതിയിൽ വേണമെങ്കിലും എഡിറ്റ് ചെയ്യാൻ പറ്റുന്ന ഫ്രീ ആപ്പുകളും ഒത്തിരി ഉള്ളപ്പോ, ഇതൊക്കെ എത്ര നിസ്സാരം. പണ്ടത്തെ പോലെ, ഫിലിമിന്റെ ചിലവും ഇല്ല താനും. ചറ പറാന്ന് കുറെ ഫോട്ടോ അങ്ങെടുത്തിട്ടു നല്ലതു മാത്രം സെലക്ട് ചെയ്തെടുത്താ മതി. പഴയ ഫോട്ടോഗ്രാഫേഴ്സ് പറയുന്ന പോലെ. 'കണ്ണടയ്ക്കല്ലേ... റെഡി ...' ഇങ്ങനത്തെ ഡലോഗുകളും വേണ്ട.


പണ്ടൊക്കെ 35 ഫോട്ടോ വരെ എടുക്കാൻ പറ്റുന്ന ഫിലിം റോളുകൾ ആണുണ്ടായിരുന്നത്. കോണിക, കൊഡാക്, ഫുജി കമ്പനി കാരുടേതായിരുന്നു ഈ ഫിലിം റോളുകൾ. അത് ക്യാമെറയിൽ ലോഡ് ചെയ്യുക എന്നതു ഇത്തിരി പരിചയം വേണ്ട ഒരു പണി ആയിരുന്നു. ഓരോ ഫോട്ടോ എടുത്തു കഴിയുമ്പോഴും വൈൻഡ് ചെയ്യേണ്ട സ്പിൻഡിലിലെ, ഒരു കൊച്ചു ഗിയറിൽ ആ ഫിലിം റോളിന്റെ പുറത്തുള്ള അറ്റം കൊളുത്തണം. പിന്നെ ഒന്ന് വൈൻഡ് ചെയ്ത്, അതിൽ പിടിച്ചെന്ന് ഉറപ്പാക്കണം. വളരെ കൃത്യമായി ചെയ്താൽ, രണ്ടോ മൂന്നോ ഫോട്ടോ എടുക്കാനുള്ള ഫിലിം കൂടുതൽ കിട്ടുമായിരുന്നു.


കോളേജിൽ പഠിക്കുന്ന സമയത്ത്, എന്റെ കയ്യിൽ ഒരു ഇലക്ട്രോ 35 SLR ക്യാമറ ഉണ്ടായിരുന്നു. അന്ന് മിക്കവാറും എല്ലാവരും വല്യ സെറ്റിങ് ഒന്നും ആവശ്യമില്ലാത്ത ഓട്ടോ ഫോക്കസ് ക്യാമെറകൾ ആണ് ഉപയോഗിച്ചിരുന്നത്. ഈ SLR ക്യാമറ ഒക്കെ ആയി നടക്കുന്ന കണ്ടപ്പോ എല്ലാരും കരുതി, ഞാൻ വല്യ ഫോട്ടോഗ്രാഫി എക്സ്പെർട് ആണെന്ന്. ഒരിക്കൽ, കോളേജ് ടൂറിനു പോവുന്ന സമയം. എന്റെ ഒരു സഹപാഠി ഒരു ഓട്ടോ ഫോക്കസ് ക്യാമറയും ആയി വന്നു. അതിൽ ഫിലിം ലോഡ് ചെയ്തു കൊടുക്കണം. സഹായം അഭ്യർത്ഥിച്ചതല്ലേ, ഇത്തിരി കൂടുതൽ കൊടുത്തേക്കാം എന്ന് ഞാനും കരുതി. ഇരുട്ടത്ത് ലോഡിങ് ചെയ്താൽ, ഒരു ഫോട്ടോ കൂടി കൂടുതൽ എടുക്കാം എന്നും പറഞ്ഞു, ഞാൻ ആ ക്യാമറ ഹോസ്റ്റലിൽ കൊണ്ട് പോയി, രാത്രി ഇരുട്ടത്ത്, ഫിലിം ലോഡ് ചെയ്തു കൊടുത്തു. കുറഞ്ഞത് 38 ഫോട്ടോ എങ്കിലും എടുക്കാൻ പറ്റുമെന്ന് പറഞ്ഞപ്പോ, ആ കുട്ടിക്കും സന്തോഷം. എന്തായാലും സഹപാഠി ടൂറിനിടെ കുറെ ഫോട്ടോകൾ എടുത്തു കൂട്ടി. ടൂർ ഒക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും, 40 ൽ കൂടുതൽ എടുത്തിരുന്നു. എന്നിട്ടും തീരുന്നില്ല. അതൊക്കെ മതിയെന്നും പറഞ്ഞു, ഞാൻ റീവൈൻഡ് ചെയ്യിപ്പിച്ചു. എന്റെ ഫിലിം റോളുകൾ ഡെവലപ്പ് ചെയ്യാനായി, എറണാകുളത്തു ബാവൻസ്‌ സ്റ്റുഡിയോയിൽ പോയപ്പോ അതും കൂടെ കൊണ്ട് പോയി. അക്കാലത്ത് ബാവൻസുകാർ ആദ്യം ഈ നെഗറ്റീവ് ഡെവലപ്പ് ചെയ്ത്, നമ്മളെ കാണിക്കും. എന്നിട്ടു നമുക്ക് വേണ്ടത് മാത്രം പ്രിന്റ് ഓർഡർ ചെയ്താ മതിയായിരുന്നു. അന്ന് ഫിലിം ഡെവലപ്പ് ചെയ്തു വന്നപ്പോ, ഞാൻ പേടിച്ചിരുന്നത് തന്നെ സംഭവിച്ചു. ഒരു തരി വെളിച്ചം പോലും കാണാൻ പോലും ആ ഫിലിമിന് ഭാഗ്യം ഉണ്ടായില്ല.


ഈ ഫിലിം ലോഡ് ചെയ്യുന്ന വേളയിൽ, ശരിക്കും സ്പിൻഡിലിൽ കൊളുത്തിയിട്ടില്ലെങ്കിൽ, അത് ശരിക്കും ലോഡ് ആവുക ഇല്ല. ലോഡ് ആയെന്നു കരുതി, വൈൻഡ് ചെയ്ത് ഫോട്ടോ എടുത്തു കൊണ്ടിരിക്കും. 36 ൽ തീരേണ്ട റോൾ, 40 ആയിട്ടും തീർന്നില്ലെങ്കിൽ പണി കിട്ടിയെന്നുറപ്പിക്കാം. എനിക്കും അന്ന് പറ്റിയത് ഇത് തന്നെ. കൂടുതൽ ഫോട്ടോ എടുക്കാൻ വേണ്ടി, അതി വിദഗ്ദമായി ഫിലിം ലോഡ് ചെയ്തു സഹായിച്ചതാണ്. അതാ കുട്ടിക്ക് പാരയായി മാറി. എന്തായാലും എന്തൊക്കെയോ ടെക്നിക്കൽ ന്യായങ്ങളും ഒക്കെ പറഞ്ഞു അന്ന് ഞാൻ തടി തപ്പി.


ഇതെനിക്ക് മാത്രം പറ്റിയ അബദ്ധമല്ല. ടൂറിനും കല്യാണത്തിനും ഒക്കെ ഫോട്ടോ എടുത്തു, ഇത്തരം പണി കിട്ടിയ ആളുകൾ ഒത്തിരി ഉണ്ട്. അതൊന്നും പിന്നെ സിനിമയിലെ പോലെ, ഒന്നൂടെ അഭിനയിപ്പിച്ച് എടുക്കാൻ നിർവ്വാഹമില്ലല്ലോ. അപ്പൊ അതൊക്കെ വെറും ഓർമ്മകൾ മാത്രമായി അവശേഷിക്കും. ഇത്തരത്തിൽ പണികിട്ടിയ കല്യാണ ഫോട്ടോ പ്രൊഫെഷണൽസ്, തടി തപ്പാൻ വേണ്ടി, മറ്റേ സൈഡിൽ നിന്നും ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോട് കെഞ്ചി, കുറെ എക്സ്ട്രാ പൈസ കൊടുത്തു ആ ഫോട്ടോ വാങ്ങി, ആൽബം ഉണ്ടാക്കി കൊടുക്കും. ഇത്തിരി നഷ്ട്ടം വന്നാലും തടി കേടാവാതെ നോക്കണല്ലോ. ഈ ഫോട്ടോഗ്രാഫി എന്ന് വച്ച ഇത്ര കുഴപ്പം പിടിച്ച പണിയാണെന്നു, ഇന്നിപ്പോ ആർക്കും തോന്നില്ല. എടുത്തതിന്റെ റിസൾട്ട് അപ്പൊ തന്നെ സ്‌ക്രീനിൽ കാണാമല്ലോ. പക്ഷെ.. അന്നത്തെ ആ പഴയ ഫോട്ടോഗ്രാഫർ മാർ അനുഭവിച്ച വേദനകൾ ആര് ഓർക്കാൻ.3 views0 comments