പമ്പുസെറ്റ്

കുറച്ചു ദിവസങ്ങൾക്കു മുൻപ്, ഭാര്യവീട്ടിൽ പോയിരുന്നു. രാത്രി ഒന്നു കുളിക്കാൻ നോക്കുമ്പോ പൈപ്പിൽ ഒരു തുള്ളി വെള്ളം ഇല്ല. പമ്പ് ഓണാക്കി ഇത്തിരി കാത്തിരുന്നു. വെള്ളം കയറിണില്ല. എന്നിലുള്ള ഇലക്ട്രിക്കൽ എൻജിനീയർ ജാഗ്രൂഗനായി. കിണറ്റിൻ കരയിലുള്ള പമ്പുസെറ്റിനെ ഒന്നുപോയി പരിശോധിച്ചു. പമ്പ് കറങ്ങണുണ്ട്, പക്ഷെ വെള്ളം കയരുന്നില്ല.


ഇതൊക്കെയോ എത്ര കണ്ടിരിക്കണു. വീട്ടിലും പണ്ടുണ്ടായിരുന്നു ഒരു പമ്പ്. ക്രോംപ്റ്റണിന്റെ ഒരു ജെറ്റ് പമ്പ്. എന്റെ എൻജിനീയറിംഗിന്റെ ബാലപാഠങ്ങളിൽ ആ പമ്പിനു ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. വീട്ടിലെ കിണറിനിമ്മിണി നല്ല ആഴമുണ്ടായിരുന്നു. ഓരോ വേനലിനും വെള്ളം വറ്റുമ്പോ, കരിംപാറ പൊട്ടിച്ചു താഴ്ത്തി, കിണറിന്റെ ആഴം അങ്ങു പാതാളം വരെ എത്തിയിരിക്കുന്നു. പണ്ടുക്കാലത്ത് അത്ര താഴ്ചയിൽനിന്നും വെള്ളമടിക്കാൻ ഈ ജെറ്റ് പമ്പിനുമാത്രമേ കെൽപ്പുണ്ടായിരുന്നുള്ളു. വെള്ളം കയറാത്ത പല അവസരങ്ങളിലും, വില്ലൻ ഫുട്ട് വാൽവായിരുന്നു. ഫുട്ട് വാൽവെന്നുവച്ചാൽ ഇന്നത്തെപ്പോലെ സിമ്പിളു സാധനമൊന്നുമായിരുന്നില്ല. സ്പ്രിംഗ് ഒക്കെയുള്ള വാൽവുകളോടുകൂടിയ നല്ല ഇരുമ്പിന്റെ ഒരു എമണ്ടൻ സാധനം. അന്ന് പിവിസി പൈപ്പുകളത്ര പ്രചാരത്തിലില്ല. അതുകൊണ്ടു തന്നെ പമ്പിൽ നിന്നും ഫുട്ട് വാൽവു വരെ ഇരുമ്പിന്റെ പൈപ്പായിരുന്നു. അതു പൊക്കിയെടുക്കുക എന്നു പറഞ്ഞാൽ ഒരിത്തിരി പണിയായിരുന്നു. പമ്പിൽ നിന്നും വിടുവിച്ച് നാലാളു പിടിച്ചാലെ അവനനങ്ങുമായിരുന്നുള്ളു. അതുകൊണ്ടു തന്നെ, ഇത്തരം അവസരങ്ങളിൽ മെക്കാനിക്കിനെ വിളിക്കാതെ തരം ഇല്ലായിരുന്നു.

ഞങ്ങടെ വീടിനടുത്തും ഉണ്ടായിരുന്നു, ഇത്തരം ഒരു മെക്കാനിക്ക്. ഷൈനി ഇലക്ടിക്കൽസ് എന്നപേരിൽ ഒരു സ്ഥാപനം നടത്തി വന്നിരുന്ന ഒരു ചേട്ടൻ. എക്കാലത്തും ഷൈനി എന്ന് സംസാരത്തിൽ സംബോധന ചെയ്തിരുന്നതിനാൽ ആ ചേട്ടന്റെ പേരുപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ല. അതുകൊണ്ടു തന്നെ പുള്ളീടെ പേരെനിക്കറിയില്ല. പിൽക്കാലത്ത് പുള്ളീടെ മകൻ ഗോപിയും അവിടെ പണിക്കു കൂടി തുടങ്ങി. ഇന്നിപ്പോ ഈ ഗോപിയാണ് അവിടെ CEO. പണ്ടൊക്കെ വിളിച്ചാൽ ഒന്നു രണ്ടു ദിവസം വൈകിച്ച്, ഇത്തിരി ഗമയൊക്കെ കാട്ടിയേ അവരു വരുമായിരുന്നുള്ളു. വന്നാലുടനേ രണ്ടുമൂന്നാളെ വിളിക്കാൻ പറയും. പിന്നെ ഒന്നു രണ്ടു മണിക്കൂറിനകം പൈപ്പൊക്കെ അഴിച്ചു പൊക്കിയെടുത്ത്, ഫുട്ട് വാൽവൊന്നു ക്ലീൻ ചെയ്ത് താഴേക്കിറക്കിയാൽ സംഗതി ക്ലിയറായി. ഇരുമ്പിന്റെ ഫുട്ട് വാൽവായിരുന്നതിനാൽ, തുരുമ്പെടുത്ത് ഇത്തരം പ്രശ്നങ്ങളിടയ്ക്കിടെ വരും. രണ്ടുമൂന്നു തവണ ഇങ്ങനെ ആവുമ്പോ അതങ്ങു മാറ്റിയാലോ എന്നെങ്ങാനും പറഞ്ഞാലുടനെ ഈ മെക്കാനിക്ക് പറയും. 'ഏയ്, അതിന്റെ ആവശ്യം ഒന്നും ഇല്ല, ഇത് കുറെ ഓടിക്കോളും. ഇതു നല്ല ഒറിജിനൽ സാധനമാ, ഇപ്പൊ വരണതൊക്കെ വെറും കച്ചറ സാധനങ്ങളല്ലേ'. ആരെങ്കിലും പുതിയത് മാറ്റിയിട്ടാൽ പിന്നെ കുറെ നാളത്തേക്ക് പുള്ളിക്ക് പണിയില്ലാതാവുമല്ലോ. എന്തായാലും അക്കാലങ്ങളിൽ, ഈ പൈപ്പ് പൊക്കാൻ സഹായത്തിന് ആളെ കിട്ടാനത്ര ബുദ്ധിമുട്ടില്ലാതിരുന്നതിനാലും പിന്നെ ഒന്നുരണ്ടു ദിവസത്തേക്ക് വെള്ളം കയറിയില്ലെങ്കിലും കിണറ്റിൽ നിന്നും കോരിയുപയോഗിക്കുന്നത് ഒരു ശീലമായിരുന്നതിനാലും അതിലൊക്കെ ഉപരി പുതിയത് വാങ്ങി മാറ്റിയിടാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കരുതിയും തല്ക്കാലം അതുതന്നെ അങ്ങ് ഓടട്ടേ എന്നു കരുതും.


ഈ ലീക്ക് വീട്ടിലെ മാത്രം പ്രശ്നമയിരുന്നില്ല. ഒട്ടു മിക്കവാറും വീടുകളിലും ഇതു തന്നെയായിരുന്നു അവസ്ഥ. പതുക്കെ, ഇടയ്ക്കിടെയുള്ള ഈ ഫുട് വാൽവ് ലീക്ക് റിപ്പയറിംഗിൽ നിന്നും രക്ഷപ്പെടാനായി, ആളുകളോരോരോ സൂത്രപണികളൊപ്പിച്ചു തുടങ്ങി. ചെറിയ ലീക്കൊക്കെ ആണെങ്കിൽ പമ്പടിക്കാൻ നേരം അതിൽ വെള്ളം നിറച്ചിട്ടടിക്കാൻ തുടങ്ങി. അക്കാലങ്ങളിൽ പമ്പടിക്കാൻ രണ്ടാളു വേണമായിരുന്നു. ഒരാൾ വെള്ളമൊഴിച്ചു കൊടുക്കും, നിറഞ്ഞാലുടൻ നീട്ടി ഒരു അലർച്ചയാണ്. 'ഓണാക്കിക്കോ....'. അതുകേട്ടാലുടൻ അപ്പുറത്തു കാത്തുനിൽക്കുന്ന ആൾ മോട്ടർ ഓൺചെയ്യും. പൈപ്പിൽ എയറു നിൽക്കുന്നുണ്ടെങ്കിൽ ചിലപ്പോ, വെള്ളം കയറുകയില്ല. ഇങ്ങനത്തെ അഭ്യാസം രണ്ടു മൂന്നാവർത്തി നടത്തിയാലാണ് ചിലപ്പോളൊക്കെ പമ്പടിക്കാൻ പറ്റുന്നത്. രണ്ടു മൂന്നു തവണ നോക്കിയിട്ടും നടന്നില്ലെങ്കിൽ, വീട്ടിലെ കാരണവരതേറ്റെടുക്കും. അന്നിട്ടും നടന്നില്ലെങ്കിൽ മാത്രമേ മെക്കാനിക്കിനെ വിളിക്കാറുള്ളൂ. അക്കാലങ്ങളിൽ, ഇത്തരം വെള്ളം നിറയ്ക്കലിനും മോട്ടോർ ഓണാക്കലിനും ഇടയിൽ പലർക്കും ഷോക്കേറ്റ സംഭവങ്ങളൊത്തിരിയുണ്ട്. പമ്പിന്റെ കറങ്ങുന്ന, മോട്ടോറിൽ മുടി ചുറ്റിപിടിച്ചും അപകടങ്ങൾ ചിലയിടത്തൊക്കെ ഉണ്ടായിട്ടുണ്ട്.


വീട്ടിൽ, ഫുട്ട് വാൽവിന്റെ ലീക്കിന്റെ ശക്തിക്കനുസരിച്ച്, വെള്ളം നിറയ്ക്കുന്ന രീതികൾക്കും വ്യത്യാസം വന്നുകൊണ്ടിരുന്നു. കപ്പിൽ ഒഴിച്ച്, വെള്ളം നിക്കാതെ വന്നതോടെ, പൈപ്പു വച്ച് വെള്ളം നിറയ്ക്കാൻ തുടങ്ങി. വീട്ടിലന്നു രണ്ടു ടാങ്കുണ്ട്. താഴത്തെ ടാങ്കിൽ വെള്ളം ചാടുന്ന പൈപ്പിലേക്ക്, മുകളിലത്തെ ടാങ്കിൽ നിന്നും ഒരു ഹോസിലൂടെ വെള്ളം നിറച്ചായിരുന്നു അടുത്ത പടി. അതിനായി ഒരു ഹോസന്ന് സ്ഥിരം അവിടെ ഇട്ടു വച്ചിരുന്നു. ഇടയ്ക്കെപ്പഴോ, പഞ്ചായത്ത് വാട്ടർ സപ്ലേയുടെ കണക്ഷനിൽ നിന്നും അതിൽ വെള്ളം വരുന്ന സമയത്ത് മോട്ടോറിന്റെ പൈപ്പിലേക്ക് തുറന്നു വിട്ടു നിറയ്ക്കുന്ന രീതിയും നടപ്പിലാക്കി. ഞങ്ങളുടെ ഇത്തരം ഇന്നൊവേറ്റീവ് ആശയങ്ങൾ കാരണം ഷൈനി ഇലക്ട്രിക്കൽസിന് വല്ലപ്പഴും തടഞ്ഞുകൊണ്ടിരുന്ന ചില്ലറ കൂടി നഷ്ഠമായികൊണ്ടിരുന്നു. ഒടുവിൽ, പുള്ളി തന്നെ അപ്പനോടു പറഞ്ഞ് ആ മോട്ടോർ മാറ്റി, പുതിയതൊരെണ്ണം വെപ്പിച്ചു. ഈ പുതിയ വീരൻ, വെള്ളത്തിൽ മുങ്ങികിടക്കുന്ന ടൈപ്പായതിനാൽ ഫുട് വാൽവ് ലീക്ക്, വെള്ളം ഒഴിക്കൽ ഈ മാതിരി പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.


തറവാട്ടിൽ പണ്ട് കൊച്ചപ്പൻ ചെയ്തിരുന്ന, ഒരു കൗതുകകരമയ വെള്ളം നിറയ്ക്കലിന്റെ ഗുട്ടൻസ് അന്നും ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല. പമ്പിൽ വെളളം നിറയ്ക്കാൻ നേരം പുള്ളി ഒരു ബക്കറ്റുമായി തൊഴുത്തിലേക്ക് പോകും. കുറെ ചാണകമെടുത്ത് ബക്കറ്റിലിടും. പിന്നെ പമ്പിരിക്കുന്ന കിണറ്റുകരയിലേക്കെത്തും. വെള്ളം കോരി ബക്കറ്റ് നിറച്ചിട്ട്, ചാണകം നന്നായി വെള്ളത്തിൽ കലക്കും. അങ്ങനെ കലങ്ങി മറഞ്ഞിരിക്കുന്ന ചാണകവെള്ളം ഓരോ കപ്പു കോരി പമ്പിലേക്കൊഴിക്കും. വെള്ളം പമ്പിൽ നിറഞ്ഞാലുടൻ, പതിവിൻ പടി മോട്ടറടിച്ചോന്നലറി വിളിച്ചു പറയും. അന്നും ഈ ചാണക വെള്ളത്തിന്റെ ഗുട്ടൻസ് അറിയാൻ ഞാൻ പലരോടും അന്വേഷിച്ചിട്ടുണ്ട്. ആരും കൃത്യമായ ഒരു ഉത്തരം തന്നിരുന്നില്ല. എവിടെയോ ആരോ ചെയ്യുന്ന രീതി കണ്ട് ആളുകളപ്പടി തുടർന്നു കൊണ്ടേ ഇരുന്നു. ഒരു പക്ഷെ, സാന്ദ്രത കൂടിയ ചാണകവെള്ളം, ഫുട് വാൽവിലെ ലീക്കിനെ ഒരു പരിധി വരെ തടഞ്ഞു നിറുത്തന്നതായിരുന്നിരിക്കാം അതിന്റെ ഈ ഗുട്ടൻസ്. എന്തായാലും ഒഴിക്കുന്ന ഈ ചാണകവെള്ളത്തിന്റെ നല്ല ഒരു പങ്ക് പൈപ്പിലൂടെ ടാങ്കിലെത്തുമായിരുന്നു. ബാക്കി ലീക്ക് ചെയ്ത് കിണറ്റിലേക്കും. ഒരു പക്ഷെ, ഈ ഡൈലൂട്ടഡ് ചാണക വെള്ളമായിരുന്നിരിക്കാം കഞ്ഞീം കറീം വയ്ക്കാൻ വരെ അവരന്നുപയോഗിച്ചിരുന്നത്. മിക്കവാറും വീടുകളിൽ പശുവൊന്നും ഇല്ലാതായ ഇക്കാലത്ത്, ഈ രീതി തുടരണമായിരുന്നെങ്കിൽ, റോഡിലും മറ്റും പോയി ചാണകം വാരേണ്ട അവസ്ഥ വന്നേനെ.


വീട്ടിൽ ചേട്ടനും ഞാനും കൂടി, ഇതിനനുബന്ധമായ ചില സജ്ജീകരണങ്ങൾ ചെയ്തിരുന്നു. ആദ്യം ചെയ്തത്, ടാങ്കിലെ വെള്ളത്തിന്റെ ലവലറിയാനുള്ള ഒരു സംവിധാനമാണ്. ടാങ്കിൽ, മരകഷണം കൊണ്ടുള്ള ഒരു ഫ്ലോട്ട് ഇട്ട്, അതിനെ ഒരു പൊട്ടൻഷ്യോമീറ്ററുമായി പിടിപ്പിച്ചുള്ള ഒരു സംവിധാനമായിരുന്നു ആദ്യത്തേത്. ഈ പൊട്ടൻഷ്യോമീറ്ററുപയോഗിച്ച്, ഒരു കംപരേറ്ററിലൂടെ, വാട്ടർ ലവൽ പല കളർ ലൈറ്റുകളിലൂടെ, വീട്ടിൽ പമ്പിന്റെ സ്വിച്ചിനടുത്ത്, ഡിസ്പ്ലേ ചെയ്യുന്ന ഒരുഗ്രൻ സംവിധാനമായിരുന്നത്. ഒരുപക്ഷെ, അന്നു ഞങ്ങളതിന്റെ പേറ്റന്റെടുത്തിരുന്നെങ്കിൽ, അതിന്റെ കണ്ടു പിടുത്താവകാശം ഞങ്ങളുടെ പേരിലിരുന്നേനെ. പിൽക്കാലത്ത്, ഈ സംവിധാനം ഉപയോഗിച്ച്, ടാങ്കിലെ വാട്ടർ ലവൽ കുറയുമ്പോൾ ഓട്ടോമാറ്റിക് ആയി, മോട്ടോറിനെ ഓണാക്കാനുള്ള ഒരു ഡിസൈൻ ഞങ്ങളാലോചിച്ചതായിരുന്നു. പക്ഷെ, നേരത്തെ പറഞ്ഞ ഫുട് വാൽവ് ലീക്കും, വെള്ളം ഒഴിക്കലും, പിന്നെ തീരെ ടെക്ക് സ്വാവി അല്ലാതിരുന്ന വീട്ടുകാരും കാരണം ആ പരീക്ഷണം മുഴുവനാക്കാതെ ഉപേക്ഷിച്ചു.


ഈ വിഷയത്തിൽ, ഇത്രയും എക്സ്പീരിയൻസുള്ള, എനിക്കുണ്ടോ ഭാര്യവീട്ടിലെ ഈ പമ്പിന്റെ ലീക്കു തീർക്കാൻ പ്രയാസം. രാത്രി തന്നെ, പ്രശ്നം പരിഹരിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഇരുട്ടത്ത് കിണറ്റിൽ നിന്നും ഫുട്ട് വാൽവിനെ പുറത്തെടുക്കാനുള്ള പ്രശ്നങ്ങൾ കാരണം ആ ശ്രമം ഉപേക്ഷിച്ചു. വെളുപ്പിനേ എഴുന്നേറ്റ്, ഒരുവിധം പൈപ്പ് പൊക്കിയെടുത്തു. വിചാരിച്ചപോലെ, ഫുട്ട് വാൽവു തന്നെയായിരുന്നു വില്ലൻ. പണ്ടു ഷൈനി ഇലക്ടിക്കൽസിലെ ആശാൻ ചെയ്തിരുന്ന പോലെ, അതൊക്കെ ഊരി ഒന്നു ക്ലീനാക്കി പിടിപ്പിച്ചു. വെള്ളം ഒഴിച്ചപ്പോ, പ്രശ്നങ്ങളൊന്നും ഇല്ല. ഉടൻ പമ്പടിച്ച് ടാങ്ക് നിറയ്ക്കുകയും ചെയ്തു.


വാൽകഷണം.... പണ്ട്, ഞാൻ ലീവിൽ വരുന്ന സമയത്ത്, പല സാധനങ്ങളും കേടായി എന്റെ വരവും കാത്ത്, വീട്ടിലിരിപ്പുണ്ടാകും. എല്ലാത്തിനേയും, പോകുന്നതിനു മുമ്പ് ഞാനൊരുവിധം, ശരിയാക്കി വയ്ക്കും. ഞാൻ ലീവു കഴിഞ്ഞ്, ജോലി സ്ഥലത്തെത്തുമ്പോഴത്തേക്കും, അവയിൽ ചില സാധനങ്ങളൊക്കെ, വീണ്ടും പണിമുടക്കിയിട്ടുണ്ടാകും. അവിടുന്ന് ഞാൻ ഫോൺ ചെയ്യുമ്പോ, ആദ്യം കേൾക്കുന്ന വർത്തമാനം മിക്കവാറും ഇതായിരിക്കും. ഓ.. ഇതിനെങ്കിലും, ആ സ്ഥിതി വരാതിരുന്നാ മതിയായിരുന്നു.

18 views0 comments

Recent Posts

See All