സമസ്യ

Updated: May 7

ഇപ്പൊ കുട്ടികളൊക്കെ കൊറോണയെ പേടിച്ചു വീട്ടിനകത്തിരിപ്പാണല്ലോ. കുട്ടികൾക്കാണെങ്കിൽ അതാണിഷ്ടം താനും. എന്തൊക്കെ സാധനങ്ങളാ ഇപ്പൊ കളിക്കാനുള്ളത്. ടീവി, കമ്പ്യൂട്ടർ ഗെയിംസ്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, പ്ലേ സ്റ്റേഷൻ. അങ്ങിനെ പോകുന്നു.. സാധാരണ ടോയ്‌സൊന്നും ആർക്കും വേണ്ടാതായി. അപ്പനമ്മ മാർക്കും സന്തോഷം.. പറമ്പിലോടി നടക്കുമ്പോ വീണു ചിലപ്പോ മുറിവൊക്കെ പറ്റാറുണ്ട്.. ഇപ്പൊ ആ ചിന്തയൊന്നും വേണ്ട. വല്ലയിടത്തും അടങ്ങി ഒതുങ്ങി ഇരുന്നു എന്തെങ്കിലും കാണിച്ചോണ്ടിരുന്നോളും. ഇടയ്ക്കിടെ അടുക്കളയിൽ കയറി പാത്രങ്ങളും പരതാറില്ല.. അമ്മക്കാണെങ്കിൽ 'എന്തുണ്ടാക്കി വച്ചാലും, ഇരിക്കൂല്ല' എന്നുള്ള പതിവ് പരാതിയും ഇല്ല.. കാരണം. എടുത്തു കൊടുത്താ തന്നെ കഴിക്കാൻ വേണ്ടി മൊബൈൽ ഫോൺ താഴെ വയ്ക്കാൻ മടിയല്ലേ.


പണ്ട് തറവാട്ടിലപ്പൂപ്പന്റെ കൂടെ കഴിഞ്ഞ ഒരു അവധികാലം ഓർമ്മ വരുന്നു.. ഞങ്ങളങ്ങനെ പറമ്പിൽ കളിച്ചു തിമിർക്കുന്നു. ഇടക്കു എവിടെയോ തട്ടി വീണു കൈ മുറിഞ്ഞു.. ഇനി പുറത്തു കളിയൊന്നും വേണ്ടാന്ന് അപ്പൂപ്പൻ കർക്കശത്തോടെ പറഞ്ഞു.. അങ്ങിനെ ഞങ്ങളുടെ കളി വീട്ടിനകത്തായി.. അമ്മൂമ്മ ഇടതടവില്ലാതെ നെയ്യപ്പം ചുട്ടോണ്ടിരിക്കുന്നു. വീട്ടിലുള്ളപ്പോഴൊക്കെ അപ്പൂപ്പന് ഉച്ചക്ക് ഒരു ചെറു പ്രാർത്ഥന പതിവുണ്ട്.. ഞങ്ങള് നസ്രാണികളുടെ പ്രാർത്ഥനിയിൽ, 'ഞങ്ങൾക്കു അന്നന്നെത്തേക്കുള്ള അപ്പം തരണേ. ' എന്നാരു വരിയും ഇടക്ക് വരുന്നുണ്ട്.. അപ്പൂപ്പൻ പ്രാർത്ഥിക്കുന്ന മുറിയുടെ മുകളിൽ മച്ചാണ് അന്ന്.. ഇടക്ക് അവിടേം ഇവിടേം ഒക്കെ മച്ചിൽ ചെറിയ .ചെറിയ വിടവുകളും ഉണ്ടായിരുന്നു. വല്യാപ്പൻ പ്രാർത്ഥന തുടങ്ങുന്ന സമയം ഞങ്ങള് മുകളിൽ കയറി കാത്തിരുന്നു. കൈ രണ്ടും മുകളിലേക്ക് പൊക്കി പിടിച്ചാണ് പ്രാർത്ഥന. പ്രാർത്ഥനയിൽ മുൻപ് പറഞ്ഞ ഭാഗം വന്ന സമയം, കയ്യിലിരുന്ന നെയ്യപ്പം താഴേക്കിട്ടു കൊടുത്തു.. പെട്ടെന്ന് കയ്യിൽ അപ്പം വന്നു വീണപ്പോ അപ്പൂപ്പനൊന്നു ഞെട്ടി. സംഗതീടെ ഗുട്ടൻസ് മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പിന്നെ നല്ലൊരു ചൂരല് മെടുത്തു ഞങ്ങളുടെ നേരെ പാഞ്ഞു വന്നു, ഞങ്ങൾക്ക് കണക്കിന് കിട്ടുകയും ചെയ്തു. അതോടെ വീട്ടിനകത്തു കളി മതിയാക്കിക്കോളാനും ഉത്തരവായി. അത് കേൾക്കേണ്ട താമസം, ഞങ്ങള് നേരെ പറമ്പിലേക്ക് പാഞ്ഞു.


അല്ല, ഞാനാലോചിക്കുവാർന്നു. ഇങ്ങിനെ ഒരു സംഭവം ഇക്കാലത്തു ഉണ്ടാവാനൊട്ടും ഇടയില്ല. കാരണം ഇന്ന് മച്ചും ഇല്ല, മച്ചും പുറത്തു കേറാൻ പിള്ളേർക്ക് നേരവും ഇല്ല. അഥവാ അങ്ങിനത്തെ ഒരു സാഹചര്യം വന്നിരുന്നെങ്കിൽ, കൊറോണയെ പേടിച്ചു ആകത്തിരിക്കണോ അതോ പിള്ളേരെ പേടിച്ചു പുറത്തിരിക്കണോ എന്ന സമസ്യയിലായിരുന്നേനെ ഒട്ടു മിക്കവാറും രക്ഷ കർത്താക്കൾ.


5 views0 comments

Recent Posts

See All