അന്നൊരു മഴക്കാലത്ത്

ഇലകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന ഓരോരോ മഴതുള്ളിക്കും എന്തു ഭംഗിയാണ്. ശരിക്കും എത്ര സുന്ദരമാണീ മഴക്കാലം. ഇടയ്ക്കൊക്കെ രൗദ്രഭാവം പൂണ്ട്, പ്രശ്നക്കാരനായി നാടാകെ വെള്ളത്തിൽ മുക്കാറുണ്ടെന്നത് ശരിതന്നെ. അതിനൊക്കെ കാരണം, തോടും പുഴയും നെൽ പാടങ്ങളും ഒക്കെ നികത്തിയും വനങ്ങൾ വെട്ടിനിരത്തിയും, കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്ന നമ്മളു മനുഷ്യവർഗ്ഗം തന്നെയാണ്. ശരിക്കും മഴയുടെ ഭംഗി ആസ്വദിക്കണമെങ്കിൽ ഉൾനാടൻ ഗ്രാമങ്ങളിൽ പോകണം. ചുറ്റിനും പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷതലപ്പുകളിലൂടെ ഊർന്നിറങ്ങുന്ന മഴതുള്ളികളും, അത്തരം പലതുള്ളികൾ ചേർന്ന് രൂപം കൊള്ളുന്ന കൊച്ചരുവികളും നിറഞ്ഞ, ആ ഗ്രാമാന്തരീക്ഷം ശരിക്കും ഒരനുഭൂതി തന്നെയാണ്. അത്തരം ഗ്രാമങ്ങളിലൊക്കെ, മഴക്കാലം തുടങ്ങിയാ പിന്നെ, കരണ്ടും നാടുവിടും. പിന്നെ ഇടയ്ക്കിടെ കുശലം പറയാനെത്തുന്ന വിരുന്നു കാരനാവും പുള്ളി. അന്നൊക്കെ മണ്ണെണ്ണ വിളക്കുകളെയാണ്, രാത്രിയാമങ്ങളിലിത്തിരി വെട്ടത്തിനായി ആശ്രയിച്ചിരുന്നത്. വിളക്കു കത്തിച്ചു വച്ചാലുടനെ പറന്നെത്തും ഈയാം പാറ്റകൾ. അവയൊക്കെ ഇപ്പൊ എവിടെ പോയോ ആവോ. മഴക്കാലത്തെ പകൽ നേരങ്ങളിൽ, പ്രധാന നേരം പോക്ക് , പേപ്പറു മടക്കി കടലാസ്സ് വഞ്ചികളുണ്ടാക്കി, മഴ വെള്ളം വീണു രൂപ പെടുന്ന ചെറു ചാലുകളിലൂടെ ഒഴുക്കി വിടുക എന്നതായിരുന്നു.


വരമ്പു കവിഞ്ഞു മഴവെള്ളം നിറഞ്ഞു കിടക്കുന്ന നെൽപാടങ്ങളും, കരകവിഞ്ഞൊഴുകുന്ന തോടുകളും ആ ഗ്രാമങ്ങളുടെ പകിട്ടൊരു പത്തുമാറ്റു കൂട്ടിയിരുന്നു. ഞങ്ങളുടെ തറവാടു വീടിനടുത്തും അത്തരത്തിലൊരു തോടും ചുറ്റിനും പാടങ്ങളും ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഞങ്ങൾക്കൊക്കെ ഇടയ്ക്കിടെ തറവാട്ടിൽ പോകാൻ വളരെ താല്പര്യവുമായിരുന്നു. എനിക്കേതാണ്ട് ആറു വയസ്സുള്ളപ്പോളാണ്, ഞാനും ചേട്ടനും അങ്ങനെ ഒരു മഴക്കാലത്ത്, ഈ തോട്ടിൽ കളിക്കാൻ പോയത്. തറവാട് വീടിനു വശത്തൂടെ ഉള്ള ഒരു തൊണ്ടിലൂടെ ആയിരുന്നു പാടത്തേയ്ക്കും പാടത്തിനപ്പുറത്തുള്ള തോട്ടിലേക്കും പോയിരുന്നത്. ചൂണ്ടയിട്ടും പിന്നെ തോർത്ത് മുണ്ടു കൊണ്ട് കോരിയും ഒന്ന് രണ്ടു പരൽ മീനിനെ പിടിച്ചും കുറച്ചു സമയം അവിടെ ചിലവഴിക്കും. അന്നും പതിവ് പോലെ, തോട്ടിലെ കളിയൊക്കെ കഴിഞ്ഞ്, മടങ്ങിവരികയായിരുന്നു ചേട്ടനും ഞാനും. തൊണ്ടിലേക്കു കയറിയതേ എനിക്കൊരു വികൃതി തോന്നി. ഞാൻ വലിയവായിൽ അലറി വിളിച്ചു. 'അമ്മേ, സുനി വെള്ളത്തീ പോയേ....' ഈ സുനി ഞാൻ തന്നെയായിരുന്നു. ചേട്ടൻ വിളിച്ചു പറയുന്നതായി തോന്നിക്കാനായിരുന്നന്നങ്ങനെ പറഞ്ഞത്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടാവും ചേട്ടൻ, 'ഇവൻ വെറുതെ പറയുന്നതാണെന്നൊക്ക..' ഇടയ്ക്ക് വിളിച്ചു പറയുന്നുണ്ട്. പക്ഷെ ഒച്ചയുടെ കാര്യത്തിൽ ഒരു പടി മുന്നിലായിരുന്ന, എന്റെ അലർച്ചയിലതു മുങ്ങിപ്പോയി.


ഉച്ചയൂണും കഴിഞ്ഞ് ഒരു മയക്കത്തിലായിരുന്നു തറവാട്ടിലെല്ലാവരും. റെയിൽവേയിൽ ജോലിയായിരുന്ന, പപ്പ എന്നു ഞങ്ങൾ വിളിച്ചിരുന്ന, അപ്പന്റെ ചേട്ടനും അന്നവിടെ ഉണ്ടായിരുന്നു. എന്റെ അലമുറ കേട്ടതേ പപ്പ ചാടിയെണീറ്റ് , തോട്ടിലേക്ക് ഓടി. എളുപ്പമെത്താൻ അയലത്തെ കയ്യാലകളൊക്കെ ചാടികടന്നാണ് ഓടിയത്. പപ്പേടെ ഓട്ടം കണ്ട്, കുറെ അയൽക്കാരും ഒപ്പം കൂടി. എൺപതു കാരനായിരുന്ന വല്യാപ്പനും ധൃതിയിൽ തൊണ്ടു വഴി, തോട്ടിലേക്കു വച്ചു പിടിച്ചു. തൊണ്ടിലിത്തിരി ദൂരം എത്തിയതും ഞാൻ ദാ അവിടെ പരുങ്ങി നിൽക്കുന്നു. കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ വല്ല്യാപ്പന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. വേഗം പുറകെ ഓടി വന്ന ആരേയോ തോട്ടിൽ പോയി പപ്പേനേം കൂട്ടരേം അറിയിക്കാൻ പറഞ്ഞിട്ട്, കയ്യിലിരുന്ന വടിയുമായി എന്റെ നേർക്കു തിരിഞ്ഞു. ഓട്ടത്തിലത്ര മോശമല്ലാതിരുന്ന ഞാൻ ഓടി, വീടിനടുത്തുള്ള പടുകൂറ്റൻ മാവിൽ വലിഞ്ഞു കയറി, അതിന്റെ തുഞ്ചത്തിരിപ്പായി. വടിയുമായി ആക്രോശിച്ചു കൊണ്ട് വല്ല്യാപ്പനും സിൽബന്ധികളും താഴേയും. ഇതിനിടെ പപ്പയും കൂട്ടരും, കുത്തി പാഞ്ഞൊഴുകുന്ന തോട്ടിൽ അങ്ങും ഇങ്ങും മുങ്ങി തിരയുകയായിരുന്നു. വിവരങ്ങളൊക്കെ അറിഞ്ഞ്, തിരച്ചിലൊക്കെ നിറുത്തി, അങ്ങു ദൂരെ നിന്നും ആ പാട വരമ്പിലൂടെ തിരിച്ചു വരുന്ന അവരെ എനിക്ക് മാവിൻ തുമ്പത്തിരുന്നു കാണാമായിരുന്നു. ശരിക്കും കാര്യത്തിന്റെ ഗൗരവം അപ്പോഴാണ് എനിക്ക് മനസ്സിലായതു തന്നെ. ഒരൊന്നൊന്നര മണിക്കൂർ ഞാൻ ആ മാവിൻ തുമ്പത്തിരുന്നു. ഒടുവിൽ രക്ഷകയായി വല്ല്യാമ്മ രംഗത്തെത്തി, തല്ലില്ലെന്ന ഉറപ്പു തന്നതിനു ശേഷമേ, ഞാൻ താഴെ ഇറങ്ങിയുള്ളു.


ഓരോ മഴക്കാലത്തും ഒരിക്കലും മറക്കാത്ത ഇത്തരം എന്തെങ്കിലും വികൃതികളൊപ്പിക്കുമായിരുന്നു ഞങ്ങൾ. അല്ലാതെന്തു ചെയ്യാൻ. ഇന്നത്തെ പോലെ വീട്ടിനകത്തു പുതച്ചു മൂടിയിരുന്ന്, കുത്തികളിച്ചോണ്ടിരിക്കാൻ പറ്റണ ഈ മൊബൈൽ ഫോണൊന്നും അന്നു ഇല്ലായിരുന്നല്ലോ!

6 views0 comments

Recent Posts

See All