സാൾട്ട് ആൻഡ് പെപ്പർ

ലോക്ക്ഡൗൺ പ്രമാണിച്ച് വെറുതെ ഒരു രസത്തിന് താടി ഒന്ന് നീട്ടാൻ തീരുമാനിച്ചു. ഇപ്പോഴത്തെ ചെറുപ്പക്കാര് പിള്ളേരുടെ ട്രെൻഡ് അതാണല്ലോ. പക്ഷെ, താടി രോമങ്ങൾ നീണ്ടു തുടങ്ങിയപ്പോ ഒരു പ്രശ്നം തലപൊക്കി - വളർന്നു വന്നതിൽ കൂടുതലും വെള്ളിനൂലുകൾ പോലുള്ള നരച്ച രോമങ്ങൾ. കാര്യം 'സാൾട്ട് ആൻഡ് പെപ്പർ' എന്നൊക്കെ പറയാമെങ്കിലും, ഇതിൽ മുക്കാലും സാൾട്ടും പിന്നെ പേരിനു കുറച്ചു പെപ്പറും ആയിരുന്നു എന്നത് ഒരു പരമാർത്ഥം. ഒന്ന് ചായം പൂശിയാലോ എന്ന് ഒന്നാലോചിച്ചു.. തനിയെ ചെയ്താൽ ചിലപ്പോ പണി കിട്ടും.. ഏതെങ്കിലും ഒരു പ്രൊഫഷണലിനെ കൊണ്ട് ചെയ്യിക്കുന്നതായിരിക്കും ഉത്തമം.. വെറുതെ ഒന്ന് ഗൂഗിളിൽ കയറി പരതി നോക്കാമെന്നു വച്ച് കുത്തിക്കോണ്ടിരുന്നപ്പോഴാണ് ഒരു കാഞ്ഞിരപ്പിള്ളിക്കാരൻ സുഹൃത്ത് പണ്ടിവിടെ ഒരിമ്മിണി വല്യ ഒരെണ്ണത്തിൽ കേറി ചായം പൂശിയ കഥ പറഞ്ഞിരുന്നതോർത്തത് ...


**

സാബൂന്റെ കുട്ടിക്കാലത്ത്, കാഞ്ഞിരപള്ളീലൊരൊറ്റ ബാർബർ ഷോപ്പേ ഉണ്ടായിരുന്നുള്ളു.. കോവാലൻ ചേട്ടനായിരുന്നു ആസ്ഥാന ബാർബർ. അന്നതിന്റെ പേര് കാർത്ത്യായനീ ബാർബർ ഷോപ്പെന്നായിരുന്നു. ഇപ്പോ പുള്ളീടെ പുത്രൻ ശശിയാണ് അതു നടത്തുന്നത്. കാലം മാറുന്നതിനൊപ്പം കോലവും മാറ്റണമെന്ന അഭിപ്രായക്കാരനാണ് ശശിയാശാൻ. കറങ്ങുന്ന കസേരയും ഇലക്ട്രിക് ട്രിമ്മറും ഒക്കെയുണ്ടവിടിപ്പോൾ. പുള്ളി പേരിലും അൽപ്പം പരിഷ്കാരം വരുത്തി. ഒരു ഗമാൽറ്റിക്കു വേണ്ടി, കാത്തീസ് സലൂൺ എന്നാക്കി. വെയിലേറ്റു കരിവാളിച്ച കാഞ്ഞിരപ്പള്ളിക്കാർക്കു വേണ്ടി ഫേഷ്യലും, മസ്സാജിംഗും പിന്നെ നര മറക്കാനുള്ളവർക്കായി, ഡയിംഗും ബ്ലീച്ചിംഗും ഒക്കെ ഇപ്പോ പുള്ളീ അവിടെ തുടങ്ങിയിരിക്കുന്നു. പ്രായം അമ്പതടുത്തതോടെ, നമ്മുടെ സാബൂന്റെ മുടിയിഴകളിൽ പകുതിയും വെള്ളി നൂലുകളായി. ഒരു ദിവസം, പതിവു മുടിവെട്ടു കഴിഞ്ഞ്, ഇത്തിരി ഒന്നു കറുപ്പിച്ചേക്കാമെന്നു ശശി പറഞ്ഞപ്പോ, ആയിക്കോട്ടേന്നായി സാബു. പക്ഷെ പിറ്റേന്ന് ഓഫീസിലെത്തിയപ്പോ, സഹപ്രവർത്തകരൊക്കെ നോക്കി ചിരിക്കുന്നു. ശശീടെ വക നല്ല ഇടിവെട്ടു കറുപ്പു ചായം സാബൂന്റെ തലയിരുന്നു തിളങ്ങുന്ന കണ്ടാ, ആരും ചിരിച്ചു പോകുമായിരുന്നു. ഹാഫ് ഡേ, ലീവുമെടുത്ത് വീട്ടിലെത്തിയ സാബു, നന്നായി പതയണ ലക്സ് സോപ്പിട്ട്,പത്തു തവണ കുളിച്ചിട്ടും കറുപ്പുകളറിനു വലിയ കുലുക്കമൊന്നും ഉണ്ടായില്ല. പിന്നെ പെമ്പ്രന്നോരു പറഞ്ഞകേട്ട്, തൈരും ചൊർക്കയും കൂട്ടി പുരട്ടി, രണ്ടു മണിക്കൂറു കഴിഞ്ഞ് കഴുകി കളഞ്ഞപ്പോളാണ്, ഇത്തിരി കളറൊന്നു പോയി കിട്ടിയത്. എന്തായാലും ഇനി മേലാൽ, ഈ പരിപാടിക്കില്ലാന്ന് സാബു അന്നു തിരുമാനിച്ചു.


ഒന്നു രണ്ടു മാസം അങ്ങനെ കഴിഞ്ഞു. സാബൂന്റെ തലയിലെ വെള്ളിനൂലുകളുടെ എണ്ണം പിന്നേം കൂടി. ഓഫീസില് ചായ തരുന്ന രാധാമണി ഒരു ദിവസം 'സാറിനു മധുരമില്ലാത്ത ചായയല്ലേ' എന്നു ചോദിച്ചതുകൂടി ആയപ്പോ സാബു ശരിക്കും ഞെട്ടി. ഇടയ്ക്കൊരു ദിവസം കമ്പനി കൂടി, ഇത്തിരി ഫിറ്റായ ഒരു വേളയിൽ സാബു തന്റെ വെള്ളി മുടികളേ പറ്റി സുഹൃത്തുക്കളോടു പറഞ്ഞു. എറണാകുളത്ത്, നല്ല അടിപൊളിയായി തല കറുപ്പിക്കുന്ന സലൂണുകളുണ്ടെന്നും, അവിടെ ചെയ്താൽ ശരിക്കും ഒറിജിനലായി തോന്നുന്ന തരത്തിൽ കറുപ്പിച്ചു തരുമെന്നും, ഒരു സുഹൃത്തു പറഞ്ഞത് കേട്ടപ്പോ സാബുന് ഇത്തിരി പ്രതീക്ഷ ഒക്കെ ആയി. എന്നാ ഇനി എന്നെങ്കിലും അതൊന്നു നോക്കണമെന്നു പുള്ളി മനസ്സിൽ കുറിച്ചിട്ടു. കുടിച്ച കള്ളിന്റെ ലഹരി ഇറങ്ങിയിട്ടും, ആ എറണാകുളത്തെ സലൂണിനെ പറ്റിയുള്ള ചിന്ത അവന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. അധികം താമസിയാതെ, ഹെഡ് ഓഫീസിലോട്ട് വിളിച്ച്, എറണാകുളത്തേക്ക് ഒരു ടൂർ തയ്യാറാക്കി. അടുത്ത ദിവസം വെളുപ്പിനു തന്നെ സുസ്മേരവദനനായി, ഒരു മൂളിപാട്ടും പാടി ചടാപടാന്ന് റെഡിയാകുന്ന സാബുനെ കണ്ടപ്പോ ഭാര്യ ഒന്നന്ധാളിച്ചു. എട്ടുമണിക്കുള്ള എറണാകുളം ഫാസ്റ്റിൽ അവൻ കാഞ്ഞിരപ്പള്ളീന്നു ബസ്സു കയറി. പത്തുമണിക്കു തന്നെ, എറണാകുളത്തെ ഓഫീസുകാര്യങ്ങളൊക്കെ തീർത്ത്, സുഹൃത്തു പറഞ്ഞിരുന്ന സലൂണിലേക്കു വിട്ടു.


സലൂൺ കണ്ടതും സാബൂന്റെ മനസ്സു കുളിർത്തു. കാഞ്ഞിരപ്പള്ളീലെ ശശീടെ ബാർബർ ഷോപ്പു പോലൊന്നും അല്ല. നല്ല ഇന്റീരിയർ വർക്കൊക്കെ ചെയ്ത്, പ്രത്യേക ലൈറ്റിംഗ് സംവിധാനങ്ങളും അതിനൊക്കെ പറ്റിയ രീതിയിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. പോരാത്തതിന്, അവിടത്തെ സ്റ്റാഫുകളിൽ പകുതിയും പെൺകുട്ടികളും ആണെന്നു കണ്ടപ്പോ, തന്റെ തലയ്ക്ക് കളറടിക്കാൻ വരണത് ഏതെങ്കിലും പെൺകുട്ടി ആയിരിക്കണേന്ന് അവൻ പുണ്യാളനോടു പ്രാർത്ഥിക്കുകയും ചെയ്തു. എന്തായാലും പുണ്യാളൻ, അവന്റെ ആ യാചന തള്ളിക്കളഞ്ഞില്ല. യൂണിഫോമിട്ട ഒരു പെൺകുട്ടി, കക്ഷിയെ സ്വീകരിച്ച് ഒരു കസേരയിലിരുത്തി. വെള്ളിമുടികളൊക്കെ ഒന്നു കറുപ്പിക്കണമെന്ന് പറഞ്ഞപ്പോളവൾ, ഒരു ബ്രോഷറുമായി വന്ന്, പല ഓപ്ഷൻസ് കാട്ടി കൊടുത്തു. അതു നോക്കീട്ട്, വല്ല്യ പിടിയൊന്നും കിട്ടാതിരുന്ന സാബു, എല്ലാം അവളുടെ ഇഷ്ടത്തിനു വിട്ടു കൊടുത്തു. അങ്ങനെ, ഒരൊന്നൊന്നര മണിക്കൂർ, അവളു സാബൂന്റെ തലയിലെ ഓരോ മുടിയേയും വേർ തിരിച്ചെടുത്ത്, ചായം പൂശി. എല്ലാം കഴിഞ്ഞ്, തന്റെ മുന്നിലുള്ള കണ്ണാടിയിൽ നോക്കിയ സാബുന് കണ്ണാടിയിൽ തെളിഞ്ഞ ചെറുപ്പക്കാരനെ തിരിച്ചറിയാൻ ഇത്തിരി പണിപെടേണ്ടി വന്നു. ഒരഞ്ഞൂറിന്റെ നോട്ടും കയ്യിൽ പിടിച്ച്, പുള്ളി ബില്ലിനായി കാത്തുനിന്നു. ഒരു നൂറു രൂപ, ആ കുട്ടിയ്ക്ക് ടിപ്പായി കൊടുക്കണമെന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല, അവളു ബില്ലുമായി വന്നു. ആഞ്ഞൂറിന്റെ നോട്ട്, അതിൽ വച്ച് 'കീപ്പ് ദ ചെയ്ഞ്ച്' എന്നു പറയാനൊരുങ്ങവേ, അവന്റെ കണ്ണുകൾ വെറുതെ ആ ബില്ലിൽ പതിഞ്ഞു. അയ്യായിരത്തി അറുന്നൂറ്റി പതിനാറ്, എന്നു തന്നെയാണെന്ന്, ഉറപ്പു വരുത്താൻ കണ്ണട ഒന്നു തുടച്ച് മുഖത്തുവച്ച്, വീണ്ടും നോക്കി. ഇലക്ട്രിസിറ്റി ഓഫീസിലെ രണ്ടു പതിറ്റാണ്ട് സർവീസിനിടെ, കണ്ടമാനം ആളുകൾക്ക് ഷോക്കടിക്കണ ബില്ലുകൾ പലതും കൊടുത്തിട്ടുണ്ടെങ്കിലും, അവനിത്തരം ഒരു ഷോക്കാദ്യമായിട്ടായിരുന്നു. സാബൂന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ നോക്കി നിൽക്കുകയായിരുന്നു ആ കുട്ടി. അവളുടെ മുഖത്ത്, ഒരു കള്ളചിരി വിരിയുന്നുണ്ടോന്ന് സാബു ഒരു വേള സംശയിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ഇതൊക്കെ എനിക്ക് പുല്ലാണ്, എന്ന ഭാവത്തോടെ, മുഖത്ത് ഒരു പ്ലാസ്റ്റിക്ക് ചിരിയും വച്ച്, വാലറ്റിൽ നിന്നും രണ്ടായിരത്തിന്റെ മൂന്നു പുത്തൻ നോട്ടെടുത്ത്, ബില്ലിനു മുകളിലേക്കിട്ട്, 'കീപ്പ് ദ ചെയ്ഞ്ച്' എന്നും പറഞ്ഞ് സാബു പുറത്തേക്കിറങ്ങി. ബസ്സ്സ്റ്റാൻഡിലേക്ക് നടക്കുമ്പോ, ഐഡിയാ പറഞ്ഞുകൊടുത്ത സുഹൃത്തിനെ മനസ്സിൽ പ്രാകുകയായിരുന്നു അവൻ ...


**

ഗൂഗിൾ എന്നെ നിരാശപെടുത്താതെ കുറെ ഓപ്ഷൻസ് എന്റെ മുന്നിലേക്ക് വച്ച് നീട്ടി.. പക്ഷെ, സാബൂന്റെ അനുഭവ കഥ ഓർമ്മയിൽ വന്നതിനാലാകണം, വെറുതെ ഒരു ഷോക്ക് വാങ്ങേണ്ടെന്നു ഞാൻ തീരുമാനിച്ചു... കണ്ണാടിയിൽ നോക്കി അഭിമാനത്തോടെ പറഞ്ഞു 'സാൾട്ട് ആൻഡ് പെപ്പർ ഈസ് ദി ബെസ്ററ്'.. പിന്നെ ഒരു മാസ്ക്കെടുത്തു ധരിച്ചു.. ഓൾ പ്രോബ്ലം സോൾവ്ഡ്...4 views0 comments

Recent Posts

See All