ഒരു സർദാർജി കഥ

കുറച്ചു ദിവസം മുൻപ് ഒരു സോഷ്യൽ മീഡിയയിൽ, പ്രൊഫൈൽ പിക്ചർ ആയി ഞാനിട്ട ഒരു ഫോട്ടോ കണ്ടു പലരും നല്ല സർദാർജി ലുക്ക് ഉണ്ടെന്നു പറഞ്ഞിരുന്നു. അത് കേട്ടപ്പോഴാണ് പണ്ട് പട്ടാളത്തിൽ പരിചയപ്പെട്ട ഒരു സർദാർജിയെ ഓർമ്മ വന്നത്.


അന്ന് ഞാൻ ഉത്തരേന്ത്യയിലെ ഒരു സ്റ്റേഷനിലായിരുന്നു പോസ്റ്റഡ്. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ സർദാർജി, എൻറെ യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു. പട്ടാളത്തിൽ അത് വരെയുള്ള സേവനത്തിനിടെ, ഞാൻ പല സർദാർജിമാരെയും കണ്ടിട്ടും ഇടപഴകിയിട്ടും ഉണ്ടായിരുന്നു. പക്ഷെ, ഈ സർദാർജിയിൽ എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. പകിടിക്കെന്തോ ഒരു പ്രത്യേകത. താടി ഒരു ചെത്ത് സ്റ്റൈലിൽ, നന്നായി ക്രോപ് ചെയ്തു വച്ചിരിക്കുന്നു. വന്നതും സ്മാർട്ട് ആയി സല്യൂട്ട് ചെയ്തു പുള്ളി സ്വയം പരിചയപ്പെടുത്തി. 'ഗുഡ് മോർണിംഗ് സർ, ഐ ആം കോർപറൽ എ സിംഗ് '. എന്തോ തിരക്കിലായിരുന്നതിനാൽ അത്യാവശ്യ വിവരങ്ങൾ മാത്രം തിരക്കി. സാധാരണ സർദാർജി മാരൊക്കെ ഹിന്ദിയിലാണ് വർത്തമാനം പറയാനിഷ്‌ഠപെട്ടിരുന്നതെങ്കിലും, ഈ സർദാർജി, ഇംഗ്ലീഷിലാണ് മുഴുവൻ സംസാരിച്ചതെന്നതിൽ ഒരു അതിശയം തോന്നി എങ്കിലും തിരക്കായിരുന്നതിനാൽ ഏറെ ചിന്തിച്ചു മെനക്കെട്ടില്ല. പുള്ളിയോട് അവിടെ ഒരു സെക്ഷനിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു ഞാൻ ചെയ്തു കൊണ്ടിരുന്ന പണിയിൽ മുഴുകി.


എന്നും വൈകിട്ട് അവിടെ ഫുട്ബോൾ കളിയ്ക്കാൻ പോകാറുണ്ടായിരുന്നു. അന്ന് വൈകിട്ട്, കളിക്കിടെ നല്ല ക്രോപ് ചെയ്തു ഒതുക്കിയ തടിയൊക്കെ ഉള്ള ഒരു ചെറുപ്പക്കാരൻ അടുത്തേക്കോടി വന്നു ഒരു 'ഗുഡ് ഈവെനിംഗ്‌ ' പറഞ്ഞു. ഇതാരെടാ താടി വടിക്കാതെ നടക്കുന്ന ഈ താരം എന്ന മട്ടിലുള്ള എന്റെ നോട്ടം കണ്ടിട്ടാവണം, പുള്ളി തുടർന്ന് പറഞ്ഞു. 'സർ, കോർപറൽ എ സിംഗ് .. രാവിലെ ഓഫീസിൽ റിപ്പോർട്ട് ചെയ്ത..'.. എനിക്കാളെ പിടികിട്ടി. രാവിലെ യൂണിറ്റിൽ റിപ്പോർട്ട് ചെയ്ത സർദാർജി. പക്ഷെ എന്നെ അപ്പോൾ അതിശയിപ്പിച്ചത്, പുള്ളി പറഞ്ഞത് മുഴുവൻ മലയാളത്തിൽ ആയിരുന്നെന്നതായിരുന്നു. അത് മനസ്സിലാക്കിയിട്ടാവും, പുള്ളി തുടർന്നു. സർ മുഴുവൻ പേര് 'അശോകൻ സിംഗ്'. ഞാൻ ശരിക്കും ഒരു മലയാളി ആണ്. പിന്നെ പുള്ളി കഥ ഒന്ന്‌ ചുരുക്കി പറഞ്ഞു.


നല്ല ഒരു ഫുട്ബോൾ പ്ലെയറായിരുന്നു കക്ഷി. എയർ ഫോഴ്സസിൽ ചേർന്ന് കഴിഞ്ഞ്, ഇങ്ങിനെ കളിച്ചു നടന്നപ്പോ ഒരു ആഗ്രഹം. ലോക പ്രശസ്തരായ ഫുട്ബോളർ മാരൊക്കെ മുടിയിലും താടിയിലും ഓരോരോ സ്റ്റൈലിംഗ് നടത്താറുണ്ടല്ലോ. അതുപോലെ ഒന്നും ഇല്ലെങ്കിലും, പുളിക്കും സാധാ ഒരു താടി എങ്കിലും വെക്കണം. പക്ഷെ പട്ടാളത്തിൽ താടി വയ്ക്കാൻ നിർവാഹം ഇല്ലല്ലോ. ആകെ താടി വയ്ക്കാൻ അനുവാദം ഉള്ളത് സിക്ക് മതക്കാർക്ക് മാത്രമാണ്. പിന്നെ പുള്ളി ഒന്നും നോക്കിയില്ല. ഒഫീഷ്യൽ ആയി സിക്ക് മതം സ്വീകരിച്ചു. താടിയും വച്ചു. ഓഫീസിൽ പോകേണ്ട സമയത്തു മാത്രം, ആരോ എന്നോ കെട്ടികൊടുത്ത പകിടി എടുത്തു തലയിൽ വയ്ക്കും. അങ്ങിനെ മലയാളി ആയിരുന്ന അശോകൻ, അശോകൻ സിംഗ് എന്ന് പേരുള്ള സർദാർജി ആയി.

24 views0 comments

Recent Posts

See All