എന്നിലെ ഗായകൻ

കോളേജ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലിപ്പൊ നിറയെ പാട്ടു കാരാണ്.. ചിലരൊക്കെ തരക്കേടില്ലാതെ പാടുന്നുമുണ്ട്. ഇപ്പൊ പിന്നെ, സ്മൂളു പോലുള്ള ഓരോ ആപ്പുകളുള്ളപ്പോ, പാട്ടിനെ പറ്റി ചെറിയ ഗ്രാഹ്യം ഒക്കെയുള്ളവർക്കും ഒരുവിധം പാടി ഒപ്പിക്കാം. പാടണമെന്നൊരു ആഗ്രഹം എനിക്കും തോന്നിയിട്ടുണ്ട്. എന്നാലും പാട്ടിന്റെ ഒരു തരി പോലും പോലും അറിയാത്തതിനാൽ, ഞാനിതുവരെ ആ സാഹസത്തിനു മുതിരാൻ ധൈര്യപ്പെട്ടിട്ടില്ല. ഇടയ്ക്ക് വീട്ടിലൊരിക്കെ പണ്ടെങ്ങോ കേട്ടു പഠിച്ച ഒരു സിനിമാപാട്ടിന്റെ രണ്ടു വരി ചൊല്ലിയപ്പോ, മകനോടിചെന്ന് അവിടടുത്തിരുന്ന, ചില്ലിന്റെ സാധനങ്ങളൊക്കെ മുറുകെ പിടിച്ചു - കർണ്ണ കഠോരമായ പാട്ടു കേട്ട് അതൊന്നും പൊട്ടി തെറിക്കാതിരിക്കാൻ! അതോടെ എന്റെ പാട്ടിന്റെ മാധുര്യം ഏതാണ്ട് മനസ്സിലാക്കിയ ഞാൻ, പാട്ടു പാടുന്നത് ഒറ്റയ്ക്ക് കാറിലും മറ്റും യാത്ര ചെയ്യുമ്പോ മാത്രമാക്കി.


പണ്ട് ഏഴാം ക്ലാസ്സു വരെ, സക്കൂളിൽ മ്യൂസിക്ക് പഠനം നിർബന്ധമായിരുന്നു. പഠിപ്പിച്ചിരുന്നതൊരു ശാരദാമ്മ ടീച്ചർ. അന്ന് ഞങ്ങളെയൊക്കെ സപ്തസ്വരങ്ങൾ പഠിപ്പിക്കാൻ ടീച്ചറു കുറെ ശ്രമിച്ചതായിരുന്നു. ടീച്ചറു പാടുന്ന കേട്ട്, ക്ലാസ്സ് മൊത്തം വിളിച്ചു കൂവും.. 'സ.. രി.. ഗ.. മ.. പ.. ധ.. നി.. സ..' ഞാനുൾപ്പെടെ, ഒട്ടു മിക്കവാറും പേരും മുദ്രാവാക്യം ഏറ്റു ചൊല്ലുന്ന പോലായിരുന്നു ഇതു ചൊല്ലിയിരുന്നത്.. ഒരിക്കൽ, ടീച്ചർ ഞങ്ങളോടെല്ലാരോടും ഓരോ പാട്ടു പാടാൻ പറഞ്ഞു. സുഹൃത്തുക്കളോരോരുത്തരായി, അക്കാലത്തെ ഓരോ സിനിമാ ഗാനങ്ങൾ പാടി കേൾപ്പിച്ചു. ഒടുവിൽ എന്റെ ഊഴം വന്നു. എനിക്കന്ന് നാലു വരി കാണാതെ അറിയാവുന്നത്, ദേശീയഗാനം മാത്രമായിരുന്നു. സധൈര്യം ഞാനതങ്ങു വച്ചു കാച്ചി. ക്ലാസ്സിലാകെ പൊട്ടിച്ചിരി നിറഞ്ഞു. അതു പറ്റില്ലെന്നും, ഒരു സിനിമാ പാട്ടു പാടണമെന്നായി ടീച്ചർ. അറിയില്ലെന്നു ഞാനും. എന്നാൽ പാടിയിട്ട് ഇരുന്നാമതിയെന്നും പറഞ്ഞ്, ടീച്ചറെന്നെ ക്ലാസ്സിന്റെ ഒരു മൂലയ്ക്ക് നിറുത്തി. എന്നെ പോലെ പാട്ടൊന്നും പാടാൻ പറ്റാതിരുന്ന കുറച്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു കൂട്ടിന്.


നാലഞ്ചു പാട്ടു ക്ലാസ്സുകളിലങ്ങനെ മൂലയ്ക്ക്, ടീച്ചർ പഠിപ്പിക്കുന്ന കേട്ടു നിന്നു. ഇതിനിടെ ഓരോരുത്തര് ഒരുവിധത്തിൽ ഏതൊക്കെയോ ഓരോ പാട്ടു പാടി കേൾപ്പിച്ച്, ബഞ്ചിൽ തിരിച്ചെത്തിയിരുന്നു. എനിക്കും കിട്ടി ഒരു രണ്ടാമൂഴം. അക്കാലങ്ങളിൽ ഞായറാഴ്ചകളിൽ ഞാൻ സൺഡേ ക്ലാസ്സുകളിൽ സജീവമായിരുന്നു. ക്ലാസ്സു തുടങ്ങുന്നതിനു മുമ്പ് എല്ലാരും കൂടെ, കുറെ ക്രിസ്തീയ ഗാനങ്ങളൊക്കെ ആലപിച്ചിരുന്നിരുന്നു. അതിലൊരെണ്ണത്തിന്റെ നാലു വരി ഞാനൊരു വിധം പഠിച്ചെടുത്തു. ക്ലാസ്സിൽ കിട്ടിയ അവസരത്തിന്, ഞാനതങ്ങു വച്ചു കാച്ചി... 'കുരിശെടുത്തെൻ യേശുവിനെ, അനുഗമിക്കും ഞാൻ.....'. വീണ്ടും ക്ലാസ്സിൽ കൂട്ട ചിരി ഉയർന്നു. 'ഇതൊന്നും പറ്റില്ല, സിനിമാ പാട്ട് തന്നെ വേണം' കഷ്ടപ്പെട്ട് ചിരി അടക്കി, ഇത്തിരി ഗൗരവത്തി തന്നെയാണ് ടീച്ചറതു പറഞ്ഞത്. ഒറ്റയ്ക്കുള്ള നില്പൊന്നു മതിയാക്കാം എന്ന എന്റെ പ്രതീക്ഷയും അതോടെ അവസാനിച്ചു. ആ വർഷം മ്യൂസ്ക്ക് ക്ലാസ്സിൽ, ഒട്ടു മിക്കവാറും ഞാനങ്ങനെ മൂലയ്ക്ക് തന്നെ നിൽക്കുകയായിരുന്നു. ഒടുവിൽ, എന്നെ ഒരു പാട്ടുകാരനാക്കാം എന്ന മോഹം ഉപേക്ഷിച്ച ടീച്ചർ, എനിക്ക് ബഞ്ചിലിരിക്കാൻ അനുവാദം തന്നു.


കാര്യം, അന്ന് ടീച്ചറെന്നെ ഉപേക്ഷിച്ചതാണെങ്കിലും, ഈ സ്മൂളെന്ന ആപ്പ് പാടിനോക്കാൻ എന്നെ വീണ്ടും പ്രേരിപ്പിച്ചു. ഒന്നു രണ്ടു തവണ അതിൽ പഴയ ഒരു സിനിമാപാട്ട് പാടി റെക്കോഡ് ചെയ്തത് ഒന്നു കേട്ടു നോക്കിയപ്പോ, പാട്ടിന്റെ ഗുണം എനിക്കു ശരിക്കും മനസ്സിലായി. എന്നാലും ഒരിക്കൽ ആപ്പിൽ കൂട്ടു കിട്ടിയ, ഏതോ ഒരു പാട്ടു കാരീടെ കൂടെ, ഒരു യുഗ്മഗാനം വെറുതെ ഒന്നു പാടി നോക്കി. രണ്ടു വരി ഞാൻ പാടി കഴിഞ്ഞപ്പോ, പുള്ളിക്കാരി ആപ്പീന്ന് ലോഗ് ഓഫ് ചെയ്ത് സ്ഥലം വിട്ടു. ഭാഗ്യത്തിന്, എന്റെ പേരും ഫോട്ടോയും ഒന്നും ആപ്പിൽ സേവ് ചെയ്തിട്ടില്ലാതിരുന്നതിനാൽ, ക്വട്ടേഷൻ കാരെ വിട്ട് തല്ലിക്കാൻ പറ്റില്ലെന്ന ഒരു പ്രതീക്ഷയിലാണിപ്പോ ഞാൻ.

9 views0 comments

Recent Posts

See All