സമരം

Updated: May 6

ഇന്ന് പുറത്ത് പതിവില്ലാത്ത തിരക്കാണ്. എവിടെയും നീണ്ട ക്യൂ തന്നെ. ഒരു മണിക്കൂർ ക്യൂ നിന്നിട്ടാണ് കാറിലിത്തിരി ഡീസലടിയ്ക്കാൻ പറ്റിയത്. കുറച്ചപ്പുറത്ത് ബീവറേജസ്സിനു മുന്നിൽ വലിയ ബഹളം. സാധാരണ വളരെ അച്ചടക്കത്തോടെ ക്യൂ നിന്ന് ക്വാർട്ടറും വാങ്ങി പോകുന്നോരൊക്കെ, ഇന്ന് അകഷമരാണ്. കാരണം മറ്റൊന്നല്ല. ബീവറേജസ്സിൽ സ്റ്റോക്ക് തീർന്നിരിക്കണു. പൂഴ്ത്തി വച്ചതാണെന്നും പറഞ്ഞാളുകൾ ജീവനക്കാർക്കു നേരെ തട്ടി കയറുന്നു. ഈ നാടിനെന്തു പറ്റി എന്നല്ലേ? ഇനി രണ്ടു ദിവസം ഇവിടെ ഉത്സവം അല്ലെ. ഹർത്താലെന്ന കേരളത്തിന്റെ ഏറ്റവും പ്രീയപ്പെട്ട, ഉത്സവം. സാധാരണ ഒറ്റ ദിവസത്തെ ഉത്സവം ആയിരുന്നു പതിവ്. ഇത്തവണ അതു രണ്ടു ദിവസം നീണ്ടു നിൽക്കും. ഇവൻമാർക്കിത് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി വച്ചിരുന്നെങ്കിൽ നാലു ദിവസം അവധി ഒപ്പിച്ച്, സുഖമായി വീട്ടിലിരിക്കാർന്നു എന്ന് വഴിയിലെവിടെയോ കണ്ട രണ്ട് സർക്കാരുദ്യോഗസ്ഥരു തമ്മിൽ പറയണ കേട്ടിരുന്നു. അതു പിന്നങ്ങനല്ലെ വേണ്ടത്, ഉത്സവത്തിന് പകലു വീട്ടു കാരോടൊപ്പം ചിലവഴിച്ചും, വൈകിട്ട് കൂട്ടുകാരോടൊപ്പം ചിയേഴ്സ് പറഞ്ഞൊക്കെയുമല്ലെ ആഘോഷിക്കേണ്ടത്. ഉത്സവത്തിന്റെ ലഹരി ഒന്നാണെങ്കിലും നിറങ്ങൾ പലതാണ്... പണ്ട് ത്രിവർണ്ണവും ചുവപ്പുമായിരുന്നു നിറങ്ങൾ. ഈയിടെയായി കാവി കളറും ഇടയ്ക്കിടെ കയറി വരുന്നുണ്ട്...


ഈ ഉത്സവങ്ങളുടെ തീം എന്താണെന്ന് ആർക്കും വലിയ പിടിയൊന്നുമില്ല. അല്ലെങ്കിലതിലെന്തു കാര്യം ഇരിക്കണു. ചിലപ്പോ ഉത്സവത്തിന്റ നടത്തിപ്പുകാർക്കും വല്ല്യ ഗ്രാഹ്യം ഒന്നും ഉണ്ടാവില്ല. മുകളീന്ന് പറഞ്ഞാ പിന്നെ നടത്താതിരിക്കാൻ പറ്റുമോ.. പണ്ട് എന്റെ സ്ക്കൂളിലെ ഒരു സമര രംഗം ഓർമ്മ വരുന്നു. ഞാൻ ചന്ത സ്ക്കൂളെന്ന് അഭിമാനത്തോടെ പറയുന്ന ഒരു തനി നാടൻ സ്ക്കൂളിലാണ് പത്തു വരെ പഠിച്ചത്. ഇന്നത്തെ പല നേതാക്കൻ മാരും രാഷ്ട്രീയത്തിൽ പിച്ച വച്ചു തുടങ്ങിയതവിടുന്നാണ്. കോൺഗ്രസ്സു കാരുടെ കുത്തകയായിരുന്ന ആ നാട്ടിൽ അവരുടെ കുട്ടി സംഘടനയാണെന്നും ജയിച്ചു പോന്നത്. കാര്യം എണ്ണത്തിൽ കുറവാണെങ്കിലും ഇലക്ഷന് എട്ടു നിലയിൽ പൊട്ടുമായിരുന്നെങ്കിലും, മറ്റവരും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഞാൻ അഞ്ചാം ക്ലാസ്സിൽ ക്ലാസ്സ് ലീഡർ സ്ഥാനത്തേക്കു മത്സരിക്കുന്നു. ഇന്റർവെൽ സമയത്ത്, ഒരു ചേട്ടൻ വന്നെന്നോടു പാർട്ടിയേതാന്ന് ചോദിച്ചു. എന്താ ഈ പാർട്ടി എന്നു മനസ്സിലാവാതിരുന്ന എന്നോട്, വീണ്ടും എടുത്തു ചോദിച്ചു... KSU വോ SFI യോ.. ഇതിലേതെങ്കിലും തിരഞ്ഞെടുത്തില്ലെങ്കിൽ അഭിമാനത്തിന് ക്ഷതം സംഭവിക്കുമെന്നെനിക്കു തോന്നി. എന്റെ പേര് S ൽ തുടങ്ങുന്നതിനാലാവാം ഞാൻ SFI യെ തിരഞ്ഞെടുത്തു. എന്നെ ഒന്ന് തലോടി, ഉച്ചയ്ക്കവിടെ കവലയിലുള്ള പാർട്ടി ആഫീസിൽ വരണമെന്നും പറഞ്ഞാ ചേട്ടൻ ധൃതിയിൽ പോയി. അന്നു മുതൽ ഞാൻ SFI ആയി.

എല്ലാ വർഷവും ക്ലാസ്സിലെ കൂട്ടുകാരുടെ സ്നേഹം കാരണം ക്ലാസ്സ് ലീഡറായി ഞാൻ ജയിച്ചിരുന്നു. പക്ഷെ സ്ക്കൂൾ തലത്തിൽ ഞങ്ങളുടെ പാർട്ടി പ്രസക്തമേ ആയിരുന്നില്ല. ഞാൻ ഒൻപതിലായിരിക്കുമ്പോ, പാർട്ടിയുടെ നിയുക്ത സ്ക്കൂൾ ലീഡർ സ്ഥാനാർത്ഥി ആയി. ഇതിനു മുന്നിലത്തെ വർഷം മുൻപത്തഞ്ചിനെതിരെ, ആറു വോട്ടു വാങ്ങി എട്ടു നിലയിൽ പൊട്ടിയിരുന്ന പരിചയവും എനിക്കിത്തവണ കൈമുതലായിട്ടുണ്ട്. ഇത്തവണ എന്തെങ്കിലും ഒന്നു ചെയ്തില്ലെങ്കിൽ സ്ഥിതി അതു തന്നെയാകും. ഞങ്ങളുടെ പ്രതിഛായ ഭയങ്കര മോശമായിരുന്നു. പ്രതിഛായ എന്നു വച്ചാൽ തെറ്റിദ്ധരിക്കല്ലേ. അവിടെ പ്രതിഛായ നന്നാവണമെങ്കിൽ സ്ക്കൂളിൽ ഒന്നു രണ്ടു സമരം ഒക്കെ നടത്തി എല്ലാവർക്കും കുറച്ചു ദിവസം അവധി ഒക്കെ ഒപ്പിച്ചു കൊടുക്കണമായിരുന്നു. അന്നും ഇടയ്ക്കിടെ, പാർട്ടിക്കാരുടെ വക സമരാഹ്വാനങ്ങളൊക്കെ വരാറുണ്ടായിരുന്നു. KSU കാരുടെ സമരം പൂർണ്ണമായിരുന്നു. മറ്റത് സമ്പൂർണ്ണ പരാചയവും. അങ്ങനെ പ്രതിഛായ നന്നാക്കാൻ അവസരം കാത്തു നടന്ന ഞങ്ങൾക്കൊരു പിടി വള്ളി ആയാണ് SFI യുടെ സ്റ്റേറ്റ് പഠിപ്പു മുടക്കിന് ആഹ്വാനം വരുന്നത്. കാരണം എന്താണെന്നൊന്നും അറിയില്ലായിരുന്നു, അഥവാ അറിയാൻ ശ്രമിച്ചില്ല. അങ്ങനെ ആ ദിവസം വന്നെത്തി.


സമരത്തിനു മുൻകൈ എടുക്കേണ്ട ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു. ക്ലാസ്സിലെ എല്ലാവരും എന്നോടു പുറത്തിറങ്ങി സമരം തുടങ്ങാൻ പറയുന്നുണ്ട്. ഒടുവിൽ രണ്ടും കല്പിച്ച് ഞാൻ ക്ലാസ്സിൽ നിന്നും എന്തോ പറഞ്ഞു പുറത്തിറങ്ങി. അപ്പുറത്തെ ക്ലാസ്സിൽ പോയി എന്തോ നുണ പറഞ്ഞു മറ്റൊരുത്തനേം പുറത്തു ചാടിച്ചു. പിന്നെ ഞങ്ങളു രണ്ടു പേരും കൂടി സാറൻമാരില്ലാത്ത രണ്ടു ക്ലാസ്സിൽ കയറി സമരാഹ്വാനം നടത്തി. നാലഞ്ചു പേരു കൂടി ഇറങ്ങി വന്നു. സ്ക്കൂളിന്റെ ഒരു കോറിഡോറിലൂടെ ഇനിയെന്തു ചെയ്യണമെന്നാലോചിച്ചു പതുക്കെ നടന്നു. കുറച്ചങ്ങു ചെന്നപ്പോ ഒരുത്തൻ പതിയെ ഒന്നു വിളിച്ചു 'SFI സിന്ദാബാദ്'.. അതോടെ എനിക്കും ഒരു ചെറിയ ധൈര്യം വന്നു.. പിന്നെ ഞാൻ വിളിച്ചു കൊടുത്തു, അണികൾ ഏറ്റു പറഞ്ഞു. കുറച്ചങ്ങു നീങ്ങിയപ്പോഴത്തേക്കും ആരോ പിറുപിറുത്തു... 'എടാ കെളവൻ വരണുണ്ട്'. കെളവൻ എന്നത് അന്നത്തെ ഹെഡ്മാസ്റ്റർ മത്തായി സാറിന്റെ ഇരട്ടപ്പേര്. അടി കൊടുക്കുന്ന കാര്യത്തിൽ അഗ്രഗണ്യൻ. ദൂരെ നിന്നും പുള്ളി ഒരു വടിയും പിടിച്ചു വരുന്നതു കണ്ടതോടെ മുദ്രാവാക്യത്തിന്റെ ഒച്ചയും കുറഞ്ഞു. അദ്ദേഹം അടുത്തെത്തിയപ്പോഴേക്കും അണികളിൽ രണ്ടെണ്ണം സ്ഥലം വിട്ടിരുന്നു. നേർക്കു നേരെ എത്തിയതോടെ മുദ്രാവക്യം വിളി പൂർണ്ണമായും നിന്നു. 'എന്താടാ ഇവിടെ ഒരു ബഹളം', അദ്ദേഹം ആക്രോശിച്ചു. വിക്കി വിക്കി ഞാൻ പറഞ്ഞു, ' SFI യുടെ സമരമാണ്'.. ഉടൻ വന്നു ഒരു ആക്രോശം, 'ഇവിടെ സമരം ഒന്നും വേണ്ടാ, സമരം വേണ്ടോരു സ്ക്കൂളിനു പുറത്തു പോയി നടത്തിക്കോ'. അതു കേട്ടതും അണികളിൽ രണ്ടുപേർ കൂടി ഓടി ക്ലാസ്സിൽ കയറി. ഞാനും എന്റെ ക്ലാസ്സിലെ ഒരു സുഹൃത്തും മാത്രമായി. ഞങ്ങൾ തല്ക്കാലം തടി തപ്പാനായി ടോയിലറ്റിനു നേരെ നടന്നു. പിന്നെ പതുക്കെ ഹെഡ്മാസ്റ്റർ പോയെന്നുറപ്പു വരുത്തിയതിനു ശേഷം ക്ലാസ്സിലേക്കു വച്ചു പിടിച്ചു. ഒന്നും അറിയാത്ത പോലെ പോയി ക്ലാസ്സിൽ കയറി. അപ്പോൾ സമരദിനത്തിൽ പലതും പ്ലാൻ ചെയ്തു കാത്തിരുന്ന കുറെ മുഖങ്ങൾ നിരാശയോടെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. സമരം നടത്താനുള്ള ശ്രമം പൊളിഞ്ഞത്, ഹെഡ്മാസ്റ്ററിനു കോൺഗ്രസ്സ് ചായ്വ്വുള്ളതു കൊണ്ടാണെന്നും മറ്റും ന്യായീകരിച്ച് ഞങ്ങൾ തടിതപ്പി.


വൈകിട്ടിങ്ങനെ പഴയകാര്യങ്ങളോരോന്ന് ആലോചിച്ചിരുന്നപ്പോ, അറിയാതെ ഒന്നു മയങ്ങിപ്പോയി. മയക്കത്തിനിടയിൽ മേൽപ്പറഞ്ഞ ഹെഡ്മാസ്റ്റർ ഒരു മുഴുത്ത ചൂരലുമായി വഴിയിലൂടെ നടന്നു വരുന്നതു കണ്ടു. അവിടെ ഒരു മൂലയ്ക്ക് കുറേപ്പേർ കൂടി നിന്ന് വണ്ടികൾ തടയുകയും മുദ്രാവാക്യം വിളിക്കണതും ഞാൻ കണ്ടു. സാറ് അവൻമാരുടെ അടുത്തേക്കു ചെന്നു. 'എന്താടാ ഇവിടെ ഒരു ബഹളം?' ..'ഇന്ന് ഹർത്താലാ..' അതിലൊരുത്തൻ വിളിച്ചു കൂവി. 'ആർക്കാടാ ഇവിടെ ഹർത്താലു നടത്തണ്ടേ, വേണമെന്നുള്ളവർ കേരളത്തിനു പുറത്തുപോയി നടത്തിക്കോ'.. ആക്രോശിച്ചു കൊണ്ട്, ചൂരലും ചുഴറ്റി സാർ അവർക്കു നേരെ പാഞ്ഞടുത്തു. സമരക്കാരൊക്കെ ചിതറി ഏതോ വഴിക്കൊക്കെ ഓടി. എല്ലാം സാധാരണ നിലയിലായി. മത്തായി സാർ വടി കക്ഷത്തിൽ വച്ചു, പതിയെ ആ വഴിയിലൂടെ നടന്നു നീങ്ങി. ഇതൊക്കെ കണ്ട് എനിക്ക് ശരിക്കും സന്തോഷം തോന്നി. 'ദാ... ചോറടുത്തു വച്ചിരിക്കണു.. എഴുന്നേറ്റ് കഴിച്ചിട്ട് പോയി ഉറങ്ങ്...' ഭാര്യ എന്നെ കുലുക്കി വിളിച്ചു. സുന്ദരമായ ആ കേരളത്തെ സ്വപ്നത്തിലെങ്കിലും ഒന്നു കാണാൻ പറ്റാത്ത ഇച്ഛാഭംഗത്തോടെ ഞാൻ പതിയെ എഴുന്നേറ്റ് തീൻ മേശക്കരികിലേക്കു നീങ്ങി...


7 views0 comments