ടീം ജേഴ്സി

Updated: Sep 4, 2020

ഈ പരസ്യങ്ങളെ കൊണ്ട് സഹികെട്ടിരിക്കുന്നു. പത്രം തുറന്നാൽ ഇത്തിരി വാർത്ത കാണണമെങ്കിൽ പരസ്യങ്ങളുടെ ഇടയിൽ മുങ്ങാങ്കുഴി ഇട്ടു നോക്കണം. ടീവി കാണാമെന്നു വച്ചാലോ രണ്ടു ഡയലോഗ് കഴിയുമ്പോഴത്തേക്കും പരസ്യമായി. വഴിയിലും സ്ഥിതി വ്യസ്ത്യസ്തമല്ല. നിറയെ പരസ്യങ്ങളാണ്. ഇത്തിരി നാള് മുൻപ് വരെ ഫ്ളക്സ് ബോർഡുകളായിരുന്നു നിറയെ. ഇപ്പൊ ഈ ഫ്ലെക്സിലടിച്ച പരസ്യ ബോർഡുകൾ നിരോധിച്ചതോടെ, അതിനിത്തിരി കുറവുണ്ടെന്ന് പറയാം.


പണ്ട് ഈ ഫ്ലകസൊക്കെ വരുന്നതിന് മുമ്പ്, ഇത്തരം പരസ്യങ്ങൾക്ക് തുണികൾ കൊണ്ടുള്ള ബാനറുകളാണ് ഉപയോഗിച്ചിരുന്നത്. പലകളറുകളിലുള്ള കട്ടിതുണിയിൽ, പെയിന്റർമാരെ കൊണ്ടു വരപ്പിച്ചും എഴുതിയുമാണ് ഇത്തരം ബാനറുകൾ തരപ്പെടുത്തിയിരുന്നത്. ചിലവ് ഇത്തിരി കൂടുതലായിരുന്നതിനാൽ, ഇലക്ഷൻ കാലത്താണ് മിക്കവാറും ഇത്തരം ബാനറുകൾ കൂടുതൽ കണ്ടിരുന്നത്. പിന്നെ വല്ല ടെക്സറ്റൈൽസിന്റേയോ അല്ലെങ്കിൽ ജ്വല്ലറിയുടേയോ ഉത്‌ഘാടന പരസ്യങ്ങൾക്കും. ഇതൊക്കെ കോട്ടൺ തുണിയുടേതായിരുന്നതിനാൽ, ഉപയോഗം കഴിഞ്ഞാലും വല്ല്യ പരിസ്ഥിതി പ്രശ്നം ഒന്നും ഉണ്ടാക്കിയിരുന്നില്ല. അഥവാ ഞങ്ങളെ പോലുള്ള വികൃതികൾ അതിനവസരം കൊടുത്തിരുന്നില്ല എന്നും പറയാം.


കവലകളിൽ ഇത്തരം ബാനറുകൾ പ്രത്യക്ഷപ്പെടുമ്പോഴേ ഞാനും ഞങ്ങളുടെ ഒരു ലോക്കൽ ഫുട്ബോൾ ടീമിലുണ്ടായിരുന്ന മറ്റു വികൃതികളും അതൊക്കെ നോട്ടമിട്ടു വയ്ക്കും. ഇലക്ഷന്റെ ബാനറുകളാണെങ്കിൽ ഇലക്ഷൻ കഴിയുന്നതു വരെ അക്ഷമരായി കാത്തിരിക്കും. അല്ല മറ്റു പരസ്യങ്ങളുടേതൊക്കെയാണെങ്കിൽ ഒരു രണ്ടാഴാച, ഏറിയാൽ മൂന്ന്. അതിനപ്പുറം പോയാൽ അതിന്റെ കളറൊക്കെപ്പോയി, അതുപയോഗിക്കാൻ കൊള്ളാതാകും. എന്തിനാ ഇതു കൊണ്ടുപോകുന്നതല്ലേ ആലോചിക്കുന്നത്? കോഴിക്കൂടിനു മുകളിലിടാനോ പാടത്തു കോലത്തിനെ ഉടുപ്പിക്കാനോ ഒന്നും ആയിരുന്നില്ല. അതിനൊരു പുതു ജീവൻ നൽകുന്ന മറ്റൊരു കാര്യത്തിനായിരുന്നു.


അക്കാലത്ത് NIKE, ADIDAS തുടങ്ങിയ വമ്പൻമാരുടെ ഫുട്ബോൾ ജേഴ്സി കിറ്റുകളെ പറ്റിയൊന്നും ആരും കേട്ടിട്ടു പോലുമില്ലായിരുന്നു. ഈ നാട്ടിൻ പുറത്തൊക്കെ ഒട്ടുമിക്കവരും ഫുട്ബോൾ കളിച്ചിരുന്നത്, ഒരു കയ്യില്ലാ ബനിയന്റെ കൂടെ മുണ്ടോ അല്ലെങ്കിൽ വീട്ടിലിട്ടിരുന്ന ഷോർട്ട്സോ ഒക്കെ ഇട്ടായിരുന്നു. മിക്കവാറും എല്ലാം പല കളറിലുള്ളതായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഞങ്ങൾക്ക് ഒരൈഡിയ തോന്നിയത്. ഇത്തരം ബാനറുകൾകൊണ്ട് ഷോർട്ട്സുകളുണ്ടാക്കാനുള്ള ആശയം. അവിടടുത്തുള്ള ഒരു ടെയിലറുകൂടി മനസ്സുവച്ചതോടെ ഞങ്ങളുടെ ടീമിന് അടിപൊളി ടീം ജേഴ്സിയുമായി. പിന്നെ സ്ഥിരമായി ഒരു ജേഴ്സി എന്നൊന്നും ഇല്ലായിരുന്നു. ഇലക്ഷൻ സീസൺ കഴിഞ്ഞാൽ കോൺഗ്രസ്സുകാരുടെ വെള്ളയിൽ ത്രിവർണ്ണവും കൈപ്പത്തിയും നിറഞ്ഞതോ, അല്ലെങ്കിൽ ചെഞ്ചുവപ്പിൽ അരിവാൾ ചുറ്റിക നക്ഷത്ര ഡിസൈനുകളോടു കൂടിയതോ ആയ ഷോർട്ട്സായിരുന്നു ട്രെൻഡ്. ഇന്നായിരുന്നെങ്കിൽ രാഷ്ട്രീയ പാർട്ടികളിത്രയും കൂടിയതിനാൽ പലപല ഡിസൈനിലുള്ളവ കിട്ടുമായിരുന്നു. ഇടയ്ക്ക് മേൽപറഞ്ഞപോലെ വല്ല പരസ്യക്കാരുടേയും ബാനറുകൾ കിട്ടിയാൽ പിന്നെ മറ്റൊരു പുത്തൻ ജേഴ്സി തരപ്പെടുകയായി.


ഒന്നു രണ്ടു സീസൺ ഞങ്ങളിങ്ങനെ പലതരത്തിലുള്ള ജഴ്സികളിട്ട് കളിച്ച് അടിച്ചു പൊളിച്ചു. അധികം താമസിയാതെ പല വിഘ്നങ്ങളും നേരിടേണ്ടി വന്നു. ഉപയോഗം കഴിഞ്ഞാണ് മിക്കതും എടുത്തിരുന്നതെന്നതിനാൽ പാർട്ടിക്കാരുടെ വക പ്രശ്നങ്ങളൊന്നും കാര്യമായിട്ട് ഇല്ലായിരുന്നു. പിന്നെ ഈ ചുവപ്പും ത്രിവർണ്ണവും ഒക്കെ ഇട്ടു ടീം കളിക്കുന്നത് പാർട്ടിക്ക് ഒരു പ്രമോഷനാവുമല്ലോന്നും അവരു കരുതികാണും. മറ്റു പലയിടത്തും പലവികൃതികൾ ഞങ്ങളെ അനുകരിക്കാൻ തുടങ്ങിയതോടെ, ബാനറിന്റെ ലഭ്യത ഒരു പ്രശ്നമായി. പിന്നെ ജൗളിക്കട തുടങ്ങിയ പരസ്യക്കാര്, ഞങ്ങളുടെ പരിപാടിയ്ക്ക് തുരങ്കം വയ്ക്കാൻ, ബാനറിലൊക്കെ ഇടവിട്ട് പലയിടത്തും വട്ടത്തിൽ കുറെ തുളകളിട്ടു കെട്ടി വയ്ക്കാൻ തുടങ്ങി. അത്തരത്തിലുള്ളവ കൊണ്ട് ഷോർട്ട്സ് തുന്നിച്ചാൽ അതിലവിടേം ഇവിടേം ഒക്കെ ഇത്തരത്തിലിട്ട തുളകളായിരുന്നതിനാൽ, അവയൊന്നും ഞങ്ങളുടെ ആവശ്യങ്ങൾക്കുതങ്ങാതായി. പിന്നെ ഡിമാന്റ് കൂടിയതോടെ തയ്യൽക്കാരനും കൂലി കൂട്ടി. എന്നാലും ഈ വിഘ്നങ്ങളൊക്കെ തരണം ചെയ്ത് ഞങ്ങൾ ഈ പരിപാടി വർഷങ്ങളോളം തുടർന്നു. ഇപ്പോ പല വമ്പൻ മാരുടേയും ജേഴ്സികളൊക്കെ യഥേഷ്ഠം ലഭ്യമാണെങ്കിലും, ആ പഴയക്കാലത്തെ പോലെ പാർട്ടി ചിഹ്നങ്ങളും പരസ്യ മോഡലുകളും ഒക്കെ നിറഞ്ഞ അത്തരം ജേഴ്സികളിട്ടു കളിക്കുവാനൊരു കൗതുകം തോന്നുന്നു. പക്ഷെ ഈ വിലകൂടിയ പരസ്യ ബാനറുകൾ തീരെ ഇല്ലാതായതോടെ, ഇനി അത്തരം ഒരു സുവർണ്ണകാലം ഒരിക്കലും വരില്ലെന്നുറപ്പ്.

21 views0 comments

Recent Posts

See All