ട്രാൻസ്മിറ്റർ

ചെറുപ്പത്തിൽ ചേട്ടനും ഞാനും, പെരുമ്പാവൂരിൽ ചുറ്റിക്കങ്ങുന്നതിനിടെ ഒരു ബുക്കു കണ്ടു. ജാനകിരാമൻ എന്ന ഒരു ഗ്രന്ഥകർത്താവിന്റെ 'ട്രാൻസിസ്റ്റർ റേഡിയോ നിങ്ങൾക്കും നിർമ്മിക്കാം' എന്ന ഒരു ബുക്ക്. ഇപ്പോ ഇതു വായിക്കുമ്പോ, പുത്തൻ തലമുറ തലകുത്തി ചിരിക്കും. ഒരു പക്ഷേ എന്താണീ ട്രാൻസിസ്റ്റർ റേഡിയോ എന്നും ചോദിച്ചേക്കാം. ഇക്കാലത്ത് റേഡിയോ പോലും മൊബൈലിലായല്ലോ. അന്നൊക്കെ റേഡിയോകളിൽ, FM എന്ന ഒരു ബാൻഡേ ഇല്ലായിരുന്നു, FM ബ്രോഡ്കാസ്റ്റ് ഉണ്ടെങ്കിലല്ലേ, ആ ബാൻഡുണ്ടായിട്ടു കാര്യമുള്ളൂ. തിരുവനന്തപുരത്തുനിന്നുംപ്രക്ഷേപണം ചെയ്തിരുന്ന ഒരു മീഡിയം വേവ് ചാനലും, പിന്നെ ഡൽഹി, സിലോൺ തുടങ്ങിയ ചുരുക്കം സ്ഥലങ്ങളിൽ നിന്നുമുണ്ടായിരുന്ന ഷോർട്ട് വേവ് ട്രാൻസ്മിഷനുകളുമാണ് പ്രധാനമായുണ്ടായിരുന്നത്. കാറ്റിന്റെയും കാലാവസ്ഥയുടേയും ഏറ്റകുറച്ചിലനുസരിച്ച്, റേഡിയോയിൽ നിന്നും നിഗമിക്കുന്ന വാർത്തകളുടേയും പാട്ടുകളുടേയും ഒച്ചയും കൂടിയും കുറഞ്ഞും ഇരുന്നിരുന്ന ഒരു കാലം. 'ആകാശവാണി തിരുവനന്തപുരം.. വാർത്തകൾ വായിക്കുന്നത്, ഗോപൻ..' എന്ന ആമുഖത്തോടെ ഏതോ ഒരു ന്യൂസ് റീഡർ ഗോപൻ വായിച്ചിരുന്ന വാർത്തകൾ കേൾക്കാൻ വായനശാലകൾക്കു മുന്നിൽ, കാതോർത്തു കാത്തിരുന്ന ഒരു പറ്റം ജനങ്ങളുടെ കാലം. കണ്ടും കേട്ടും കൊണ്ടും പഠിക്കുന്ന ഇന്നത്തെ തലമുറയിൽ നിന്നും വ്യത്യസ്ഥമായി, കേട്ടുമാത്രം വിശ്വസിച്ചിരുന്ന മനുഷ്യരുടെ ആ ഒരു പഴയ കാലം. അന്നൊക്കെ ഏതു സയൻസ് ചോദ്യോത്തര മത്സരങ്ങളിലൊക്കെ പതിവായ ഒരു ചോദ്യമായിരുന്നു - 'റേഡിയോ കണ്ടു പിടിച്ചതാര്?'. 'മാർക്കോണി' എന്നുള്ള ഉത്തരം, അന്നൊക്കെ ഏതു കുഞ്ഞുകൊച്ചിനും അറിയാമായിരുന്നു.


ട്രാൻസിറ്റർ റേഡിയോയെ പറ്റി പറഞ്ഞു പറഞ്ഞു ഞാനിത്തിരി കാടു കയറിയോന്നൊരു സംശയം. ആ ഒരു ബുക്കു വാങ്ങിയതിൽ പിന്നെ, അതിൽ നോക്കി, ഒരു ട്രാൻസിറ്റർ റേഡിയോ ഉണ്ടാക്കാനായി ശ്രമം. അവിടുന്നു തുടങ്ങി ഇലക്ട്രോണിക്സ് ഭ്രമം. ചേട്ടനായിരുന്നു മുന്നിൽ, ഞാൻ ഒരു സഹായിയും. ചേട്ടനു കിട്ടുന്ന പോക്കറ്റ് മണി മുഴുവനും പെരുമ്പാവൂരിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്നും ട്രാൻസിസ്റ്ററും ഡയോഡും കപ്പാസിറ്ററും ഒക്കെ വാങ്ങിയായിരുന്നു തീർത്തിരുന്നത്. എന്റേത് മുഴുവനും വല്ല പന്തുവാങ്ങിയും സൈക്കിൾ വാടക കൊടുത്തും. അങ്ങനെ റേഡിയോ, സൈറൺ, പലവിധ മ്യൂസിക്ക് അലാറങ്ങൾ, ഫ്ലാഷിംഗ് ലൈറ്റുകൾ തുടങ്ങിയ ഓരോരോ സാധനങ്ങൾ, ഞങ്ങളുടെ പരീക്ഷണശാലയിൽ പിറവിയെടുക്കാൻ തുടങ്ങി. എന്നും ഇതുപോലെ എന്തെങ്കിലും കൂട്ടിപിടിപ്പിച്ചു ഉണ്ടാക്കി കഴിഞ്ഞാൽ, ഓണാക്കി നോക്കുന്നതിനു മുമ്പ്, ബൈബിളെടുത്ത് വച്ച് ഒരദ്ധ്യായം വായിച്ച്, ഒരു ചെറിയ പ്രാർത്ഥനയും ചൊല്ലുന്ന പതിവു ഞങ്ങൾക്കുണ്ടായിരുന്നു. താൻ പാതി, ദൈവം പാതിയെന്നാണല്ലോ. അപ്പോ, ഈ കൂട്ടി പിടിപ്പിച്ചതൊക്കെ പ്രവർത്തിക്കുന്നതിന് ദൈവത്തിന്റെ സഹായം ഉറപ്പു വരുത്താനായിരുന്നു ഈ പ്രാർത്ഥന. ഇതൊക്കെ പതിവിൻപടി ചെയ്തിരുന്നെങ്കിലും മിക്കവാറും ഒരു പരീക്ഷണവും ആദ്യ ശ്രമത്തിൽ വിജയം കണ്ടിരുന്നില്ലെന്നതാണ് സത്യം. ഇടയ്ക്ക് ഒരു റേഡിയോ ട്രാൻസ്മിറ്ററും പരീക്ഷിച്ചു. റേഡിയോ ഏതെങ്കിലും ഒരു ബാൻഡിൽ വച്ച്, ഈ ട്രാൻസ്മിറ്ററിനെയും ആ ഫ്രീക്വൻസിയിൽ ട്യൂൺ ചെയ്ത്, റേഡിയോ സ്റ്റേഷനെ അനുകരിച്ച്, എന്തെങ്കിലും കലപിലയൊക്കെ വിളിച്ചു പറയുക എന്നത് അക്കാലങ്ങളിൽ ഞങ്ങളുടെ ഒരു പ്രധാന വിനോദമായിരുന്നു. പതിയെ അതിനെ നവീകരിച്ച്, ഒരു കിലോമീറ്ററോളം റേഞ്ച് കിട്ടത്തക്കവണ്ണമാക്കി. ഒരിക്കൽ അത് ഒരു സയൻസ് ഫെയറിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ഈ ട്രാൻസ്മിറ്റർ ഉപയോഗിച്ച്, നാട്ടിൽ അല്ലറ ചില്ലറ കുസൃതികളൊക്കെ ഞങ്ങളൊപ്പിച്ചിരുന്നു. ടെലിവിഷനൊന്നും ഇല്ലാതിരുന്ന ആ കാലത്ത്, വാർത്തകളും സിനിമാഗാനങ്ങളും ഒക്കെ കേൾക്കാനായി, പ്രധാനമായും ആശ്രയിച്ചിരുന്നത് റേഡിയോ സ്റ്റേഷനുകളെ ആയിരുന്നു. ഇടയ്ക്ക്, ചില ബാൻഡുകളിലൊക്കെ ട്യൂൺ ചെയ്ത്, 'ആകാശവാണി, വേങ്ങൂർ' എന്നൊക്കെ പറഞ്ഞ് കുറച്ചൊക്കെ ആളുകളെ പറ്റിച്ചിട്ടുണ്ട്. പിന്നെ ഇതൊക്കെ പോലീസറിഞ്ഞാൽ, പിടിച്ചോണ്ടു പോകുമെന്നാരോ പറഞ്ഞതുകേട്ട് പേടിച്ച്, ആ പരിപാടി പാടെ നിറുത്തി. പിന്നീടൊരിക്കൽ ചേട്ടന്റെ ഒരു പഴയ ക്ലാസ്സ്മേറ്റ്, ചേട്ടനോട് ഒരു അഭ്യർത്ഥനയും ആയി എത്തി. അവിടുത്തെ ഒരു ബസ്സുമുതലാളിയുടെ ഒറ്റ പുത്രൻ. പുള്ളിക്ക് ഈ സാധനം കുറെ ദിവസത്തേക്കു ഒന്നു വേണം. എന്താണ് ഇത്ര അത്യാവശ്യം എന്ന് പലതവണ ചോദിച്ചിട്ടും, പുള്ളി എന്തോ തട്ടുമുട്ടു ന്യായങ്ങളൊക്കെ പറഞ്ഞൊഴിഞ്ഞു. അപ്പോഴാണ്, ഇതു പുള്ളിക്കങ്ങു വിറ്റാലോന്നൊരു ആശയം ചേട്ടനു തോന്നിയത്. അതിനോട് ഞങ്ങൾക്കുള്ള അഭിനിവേശം കുറെ കുറഞ്ഞിരുന്നതു കൂടാതെ, പുതിയ കുറെ പരീക്ഷണ സാമഗ്രികൾ വാങ്ങാനുള്ള ധന സമാഹരണ മാർഗ്ഗവും ആയും ചേട്ടൻ ഈ അവസരം മുതലെടുത്തു. 'അത്യാവശ്യക്കാരന് ഔചത്യമില്ലെന്നാണല്ലോ' ചൊല്ല്. പുള്ളി, ചേട്ടനുമായി വിലപേശി, ന്യായമായ ഒരു വിലയ്ക്ക് ആ ട്രാൻസ്മിറ്റർ വാങ്ങിച്ചുകൊണ്ടു പോയി. എന്തിനാണ്, ഈ പറഞ്ഞ സുഹൃത്തിന് ട്രാൻസ്മിറ്ററു കൊണ്ടിത്ര അത്യാവശ്യം എന്നു ഞങ്ങൾ പലവട്ടം ആലോചിച്ചെങ്കിലും, ഒരു എത്തും പിടിയും കിട്ടിയില്ല.


അങ്ങനെ ഇരിക്കെ, ഒരു ദിവസം ഈ പറഞ്ഞ കക്ഷി, വീണ്ടും ഞങ്ങളുടെ അടുത്തെത്തി. ഇത്തിരികൂടെ അതിനു റേഞ്ച് കൂട്ടാനെന്താ വഴിയെന്നാലോചിച്ചായിരുന്നു ആ വരവ്. കിട്ടിയ അവസരം, ചേട്ടനും പാഴാക്കിയില്ല. ഇതിന്റെ ആവശ്യമെന്താണെന്ന്, പറഞ്ഞാലോചിക്കാം എന്നായി ചേട്ടൻ. ഒടുവിൽ നിവൃത്തിയില്ലാതെ, പുള്ളി കാര്യം പറഞ്ഞു. പുള്ളീടെ വീടിനു കുറച്ചപ്പുറത്തു വീടുള്ള, ഒരു പെൺകുട്ടിയെ, കക്ഷിക്ക് വലിയ ഇഷ്ടമായിരുന്നു. നേരിട്ട് പറയാൻ ധൈര്യം പോര. പിന്നെ ഇന്നത്തെ പോലെ, മൊബൈലും വാട്ട്സ് ആപ്പും ഒന്നും അന്നില്ലല്ലോ. ആകെയുള്ളതു ലാൻഡ് ഫോണാണ്. ഈ ടെലഫോൺ നാട്ടിൽ പലവീടുകളിലും വന്നു തുടങ്ങിയതോടെ, പെൺപിള്ളേരുടെ അപ്പൻമാർക്കൊക്കെ ടെൻഷനായിരുന്നു. അതുകൊണ്ട്, അതിലു ആര് വിളിച്ചാലും ഈ അപ്പന്മാരാണ് ഫോണെടുത്തിരുന്നത്. ദേഷ്യത്തോടെ, ആരെടാന്നുള്ള ആ ചോദ്യം കേൾക്കുമ്പോ, ഫോൺവച്ചോടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. അങ്ങനെ ഈ സുഹൃത്ത്, വിഷമിച്ചിരിക്കുമ്പോളാണ്, ഞങ്ങളുടെ ട്രാൻസ്മിറ്റർ പരീക്ഷണ കഥകൾ നാട്ടിൽ പരക്കുന്നത്. ഈ പറഞ്ഞ പെൺകുട്ടിക്ക്, ശാസ്ത്രീയ സംഗീതം വലിയ ഇഷ്ടമായിരുന്നെന്നും, റേഡിയോയിൽ വരുന്ന സംഗീത പ്രോഗ്രാമുകളുടെ സ്ഥിരം ശ്രോതാവാണെന്നും ഈ സുഹൃത്ത്, എങ്ങിനെയോ മനസ്സിലാക്കിയിരുന്നു. എന്നാ ഈ ട്രാൻസ്മിറ്ററൊന്നു പരീക്ഷിച്ച് നോക്കാമെന്നു കരുതിയാണ്, പുള്ളി ഞങ്ങളുടെ അടുത്തെത്തുന്നത്. അന്ന്, ആ ട്രാൻസ്മിറ്റർ വാങ്ങി, പുള്ളി പലവട്ടം ആ സംഗീതം വന്നിരുന്ന ഫ്രീക്‌ൻസി ടൂൺ ചെയ്ത്, അതിലൂടെ പ്രണയാഭ്യർത്ഥന നടത്തി നോക്കി. ഒരു പ്രതികരണവും കാണാതെ വന്നപ്പോൾ, ഈ ട്രാൻസ്മിഷൻ അവളുടെ റേഡിയോയിലെത്തുന്നുണ്ടോന്ന് പുള്ളിക്കൊരു സംശയം. അതാണിപ്പോ, ഈ റേഞ്ച് കൂട്ടാനുള്ള അഭ്യർത്ഥനയും ആയി വരാനുള്ള കാരണം.


ചേട്ടനതിൽ കുറെ ട്യൂണിങ്ങ് ഒക്കെ നടത്തി, റേഞ്ച് ഒക്കെ ഒന്നു ബൂസ്റ്റ് ചെയ്ത് കൊടുത്തു. കൂടാതെ, അഡാപ്റ്റർ വച്ചുള്ള പവർ സപ്ലേക്കു പകരം, ബാറ്ററി ഉപയോഗിച്ചതു പ്രവർത്തിപ്പിക്കാനുള്ള, പ്രൊവിഷനും കൊടുത്തു. അതോടെ, അവളുടെ വീട്ടിനടുത്തുള്ള ഒരു മരചുവട്ടിലിരുന്ന്, അതു പ്രവർത്തിപ്പിക്കാമെന്നായി. ഇങ്ങനുള്ള അവസരങ്ങളിൽ, ആ വഴിയെ കടന്നുപോയ പലരും, കയ്യിലൊരു മൈക്കുമായിരുന്ന്, എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്ന ആ കക്ഷിയെ കണ്ട്, ഇവനെന്താ വട്ടായിപ്പോയോന്നൊരു പക്ഷെ ചിന്തിച്ചിട്ടും ഉണ്ടാകാം.


എല്ലാ വായനക്കാർക്കും ഇപ്പോ മനസ്സിൽ തോന്നുന്ന, ഒരു ചോദ്യമുണ്ടാവും. അവരുടെ പ്രണയമെന്തായെന്ന്. ഈ പറഞ്ഞ പെൺകുട്ടി, ഇന്നദ്ദേഹത്തിന്റെ ഭാര്യയാണ്. അവരുടെ ബന്ധം അരക്കിട്ടുറപ്പിക്കുന്നതിൽ, ഞങ്ങളുടെ ആ ട്രാൻസ്മിറ്ററിനെത്ര പങ്കുണ്ടെന്ന്, അവരിതുവരെ പറഞ്ഞിട്ടില്ലെന്നു മാത്രം.

53 views0 comments

Recent Posts

See All