മൂന്ന് വെറ്റിനറി ഡോക്ടർ മാർ

Updated: Jul 15, 2021

അങ്ങ് ദൂരെ എവിടെ നിന്നോ, കാട്ടാനയുടെ ചിന്നം വിളി കേട്ടതായി അവനു തോന്നി. ഇത്തിരി പേടി തോന്നിയെങ്കിലും കൂടെ ഉള്ളവർ, തന്നെ പറ്റി എന്ത് കരുതുമെന്നു കരുതി, അവൻ അത് പുറത്തു കാണിച്ചില്ല. ഇതിനിറങ്ങി പുറപ്പെടേണ്ടി ഇരുന്നില്ലെന്ന് ഒരുവേള തോന്നി. ഇത്രയും എത്തിയിട്ട് പിൻതിരിഞ്ഞാൽ അത് ആകെ മാനക്കേടാകും. വള്ളം പെരിയാറിന്റെ നടുക്കെത്തിയപ്പോ, ഒഴുക്കിൽ പെട്ട് ചെറുതായൊന്നു തിരിഞ്ഞു.


'നല്ല മഴക്കോളുണ്ട്.. ഇന്ന് രാത്രി തിമിർത്തു പെയ്യും' കാർമേഘാവൃതമായ കിഴക്കേ മാനത്തേക്ക് നോക്കിക്കൊണ്ട്, വള്ളത്തിന്റെ ഗതി നേരെ ആക്കാൻ വേണ്ടി തുഴ ഒരു മുഴം നീട്ടി എറിഞ്ഞു കടത്തുകാരൻ പറഞ്ഞു.


വള്ളത്തിൽ കൂടെ ഇരുന്നവർ അത് ശരിവച്ചുകൊണ്ടു തലകുലുക്കി. അതൊക്കെ കേട്ട് അക്കരെയുള്ള വനത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവൻ. ഈ മനം മയക്കുന്ന കാനനഭംഗി അടുത്ത് കാണുവാൻ വേണ്ടി മാത്രമാണ് താനീ പണിക്ക് ഇറങ്ങി തിരിച്ചത്..


*****


നാട്ടിലെ സ്കൂളിൽ പത്താം ക്‌ളാസ്സ്‌ വിദ്യാർത്ഥി ആണവൻ. അന്നവധി ദിവസ്സം ആയിരുന്നതിനാൽ ഇത്തിരി വൈകിയാണ് എഴുന്നേറ്റത്. പുറത്തു വരാന്തയിൽ രണ്ടു മൂന്നു പേര് അപ്പനെ കാണാൻ എത്തിയിട്ടുണ്ട്. അപ്പനെപ്പോഴും തിരക്കായിരുന്നു. ആ കർഷക ഗ്രാമത്തിലെ ഒരേ ഒരു വെറ്ററിനറി ഡോക്ടറായ അപ്പന് പിന്നെ തിരക്കില്ലാതിരിക്കുമോ. ഇപ്പൊ, പക്ഷെ ചികിത്സക്ക് ഒന്നും പോകാറില്ലല്ലോ, പിന്നെന്താണാവോ ഇവർ. രണ്ടു മാസം മുൻപ്, ഒരു അപകടത്തിൽ തുടയെല്ല് ഒടിഞ്ഞ്, ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു വിശ്രമത്തിലായിരുന്നു അപ്പൻ.


'ഈ അവസ്ഥയിൽ എനിക്ക് അവിടം വരെ വരാൻ ഒരു നിവൃത്തിയും ഇല്ല.. അല്ലെങ്കിൽ, ഞാൻ ഒഴിഞ്ഞു മാറില്ലായിരുന്നല്ലോ..' അപ്പൻ വന്നിരുന്നവരോട് പറയുന്നത് കേട്ടു.


'ഡോക്ടർ വിഷമിക്കേണ്ട.. ഞങ്ങള് എടുത്തു കൊണ്ട് പോകാം.. ഡോക്ടർ ഇൻജെക്ഷൻ എടുത്താ മാത്രം മതി.. ബാക്കിയൊക്കെ ഞങ്ങള് നോക്കിക്കോളാം..' വന്നിരുന്നവരും വിടുന്ന ലക്ഷണമില്ല.


'ഇവിടെ അടുത്ത് വല്ലയിടത്തും ഒക്കെ ആയിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു.. ഇതിപ്പോ, കടത്തും കടന്നു വനത്തിലൊക്കെ കേറി എങ്ങിനെ പോകാനാ ..' അപ്പൻ അവരോടു പറയുന്ന കേട്ട് കൊണ്ട് അവൻ ഉമ്മറത്തേക്ക് ചെന്നു. അപ്പനോട് തുടയെല്ലിൽ സ്റ്റീൽ പ്ലേറ്റിട്ടു കൂട്ടി പിടിപ്പിച്ചിരിക്കുന്ന കാല് നാലു മാസത്തേക്ക് നിലത്ത് വച്ച് പോകരുതെന്ന്, ഡോക്ടർ പ്രത്യേകം പറഞ്ഞിരിക്കുകയാണ്.


അവൻ ആരാണ് വന്നിരിക്കുന്നതെന്നറിയാൻ എത്തി നോക്കിയതും, 'അപ്പനോടൊന്നു പറ മോനേ' എന്നും പറഞ്ഞു കൂട്ടത്തിൽ ഒരാൾ അവന്റെ നേർക്ക് തിരിഞ്ഞു.


എന്ത് പറയണമെന്ന് ആലോചിക്കവേ, കൂട്ടത്തിൽ മറ്റൊരാൾ തന്നോട് ഈ ചികിത്സ ഒക്കെ വല്ല വശവും ഉണ്ടോ എന്നു തിരക്കുകയും ചെയ്തു. അല്ല അവരേം പറഞ്ഞിട്ട് കാര്യം ഇല്ല. നാട്ടിൻപുറത്ത് സാധാരണ വൈദ്യന്റെ മകൻ വൈദ്യൻ എന്നൊക്കെ തന്നെ ആണല്ലോ നാട്ടു നടപ്പ്. പക്ഷെ, എഞ്ചിനീയറിംഗ് പണികളിൽ തത്പരനായി നടക്കുന്ന തനിക്കു, ഇതിലൊന്നും വൈദ്യഗ്ധ്യം തീരെ ഇല്ലെന്നു ഇവർക്കറിയില്ലല്ലോ. അപ്പൻ ചികിത്സ നടത്തുന്നത് വല്ലപ്പോഴും കണ്ടുള്ള പരിചയം മാത്രമാണ് ആകെ ഈ വിഷയത്തിൽ തന്റെ അറിവ്. പിന്നെ ചെറുപ്പത്തിൽ അനിയനോടൊപ്പം കളികൾക്കിടയിൽ നടത്തിയിട്ടുള്ള കുഞ്ഞു ഓപ്പറേഷനുകളും. പൊട്ടകുളത്തിൽ നിന്നും തവളകളെ പിടിച്ചു, മര പലകയിൽ പിൻ ചെയ്തു കിടത്തി, അപ്പന്റെ ഓപ്പറേഷൻ കിറ്റെടുത്ത്, അവറ്റകളുടെ വയറു കീറി, വീണ്ടും തുന്നി പിടിപ്പിച്ചുള്ള പരിചയം ഒത്തിരി ഉണ്ടായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് മോചിതരാക്കുമ്പോൾ, ഏന്തി വലിഞ്ഞ് അവറ്റകൾ ഓടി മറയുമായിരുന്നു. പിന്നീടവറ്റകൾക്ക് എന്ത് സംഭവിച്ചെന്ന് ആർക്കും അറിയില്ലെന്നതും ഒരു പരമാർത്ഥം.


'എന്താ.. കൊച്ചേ .. ഞങ്ങടെ കൂടെ ഒന്ന് വരാമോ.. ' അയ്യാളുടെ ചോദ്യം അവനെ ചിന്തകളിൽ നിന്നും ഉണർത്തി.


'അയ്യോ.. എനിക്കിതൊന്നും അറിയില്ല.. ആകെ കുറെ തവണ അപ്പൻ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് മാത്രം...' അവൻ തടി തപ്പാൻ നോക്കി.


'അത് മതിയല്ലോ.. അപ്പന്റെ ആ കൈ പുണ്യം ഉണ്ടാവാതിരിക്കില്ലല്ലോ.. വന്നാൽ പെരിയാറൊക്കെ കണ്ടു, വഞ്ചിയിലൊക്കെ കയറി തിരിച്ചു പോരാം..' അയ്യാളുടെ വക ഒരു പ്രലോഭനം.. ഈ പുഴയും വഞ്ചിയും ഒക്കെ തന്നെ പ്രലോഭിപ്പിക്കുമെന്ന് ഇയ്യാൾ എങ്ങിനെ അറിഞ്ഞോ ആവോ? എന്ത് പറയണമെന്ന മട്ടിൽ, പ്ലാസ്റ്ററിട്ട കാൽ ടീപോയ്യിൽ കയറ്റി വച്ച്, ചാരു കസേരയിൽ കിടക്കുന്ന അപ്പനെ നോക്കി.


'നിനക്ക് പറ്റുമെങ്കിൽ പോയിട്ട് പോരെ.. കുറച്ചെണ്ണത്തിന് ഒന്ന് രണ്ടു കുത്തിവയ്പ്പ് എടുക്കണം.. മരുന്ന് ഞാനെടുത്തു തരാം...' അപ്പന്റെ വക പ്രോത്സാഹനം. ഒരു പക്ഷെ, പലയിടത്തും ചികിത്സക്ക് വന്നിരിക്കുന്നതു കൊണ്ട്, ഇവനിതൊക്കെ അറിയാമെന്നു അപ്പനും തോന്നി കാണും.


'അന്നാ ശരി.. ഞാൻ പോകാം .. ' അത് പറയുമ്പോൾ, ഒരു പുതിയ കാര്യം ചെയ്യാൻ കിട്ടിയല്ലോ എന്നുള്ള ഉത്സാഹം ആയിരുന്നു മനസ്സിൽ..


താൻ പറഞ്ഞത് കേട്ട്, അപ്പൻ ഒന്ന് ഞെട്ടിയ പോലെ തോന്നി. ഒരു പക്ഷെ, അവരെ നിരാശ പെടുത്തേണ്ടെന്ന് കരുതി അപ്പനങ്ങിനെ വെറുതെ പറഞ്ഞതായിരിക്കും, താൻ അതങ്ങു ഏറ്റെടുക്കും എന്ന് അപ്പൻ മനസ്സിൽ പോലും കരുതിയിരുന്നിരിക്കില്ല. എന്തായാലും, അവിടെ വന്നിരുന്നവർക്ക് ഒക്കെ ആശ്വാസമായി. അപ്പന് ഇനി തല ഊരാനും പറ്റില്ല. അപ്പന്റെ മെഡിസിൻ ബോക്സിൽ നിന്നും, വേണ്ട മരുന്നുകളും സിറിഞ്ചും സൂചികളും, ഡ്രിപ് കൊടുക്കാനുള്ള ഐവി സെറ്റും ഒക്കെ അവനെ കൊണ്ട് എടുത്തു വയ്പ്പിച്ചു. പിന്നെ അതൊക്കെ എങ്ങിനെ എടുക്കണമെന്ന് വിശദമായി അവനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അങ്ങിനെ മരുന്നുകളും എടുത്തു അവൻ, വന്നിരുന്നവരുടെ കൂടെ ഇറങ്ങി തിരിച്ചു.. ആദ്യത്തെ ചികിത്സക്കായി..


*****


പുഴക്കക്കരെ കടവിൽ വഞ്ചി ഇറങ്ങിയപ്പോഴേക്കും ചാറ്റൽ മഴ തുടങ്ങി. പിന്നെ, ഡോക്ടർ ബാഗും തൂക്കി പിടിച്ചു, അവരുടെ കൂടെ നടപ്പു തുടങ്ങി. താൻ കരുതിയിരുന്ന പോലെ ഈ നടപ്പ് അത്ര എളുപ്പം ആയിരുന്നില്ലെന്ന് അവനെ ഉടനെ മനസ്സിലായി. മാനം മുട്ടെ വളർന്നു നിൽക്കുന്ന പടു കൂറ്റൻ മരങ്ങൾക്കിടയിലൂടെ, വള്ളി പടർപ്പുകൾ വകഞ്ഞു മാറ്റിയുള്ള ആ നടപ്പ് അവനെ പെട്ടെന്ന് തന്നെ തളർത്തി തുടങ്ങി. ആദ്യം കേട്ട ആനയുടെ ചിന്നം വിളി അടുത്തടുത്ത് വരുന്നത് പോലെ അവനു തോന്നിക്കൊണ്ടിരുന്നു. ഇടയ്ക്ക് കൂടെ ഉള്ളവർ കൂക്കി വിളിക്കുന്നുണ്ട്. ആദ്യം അവൻ കരുതിയത്, അവര് വന്യ മൃഗങ്ങളെ ഓടിക്കാൻ വേണ്ടി ചെയ്യുന്നതാണെന്നാണ്. കുറച്ചു നടന്നു കഴിഞ്ഞപ്പോ, അപ്പുറത്തു നിന്നും തിരിച്ചുള്ള കൂക്കി വിളി കേട്ടപ്പോ മനസ്സിലായി, അവരുടെ കൂട്ടുകാർ കുറെ പേർ കാട്ടിലെവിടെയോ ഉണ്ടെന്നും, തങ്ങൾ എത്തുന്നുണ്ടെന്നു അവർക്കു സിഗ്നൽ കൊടുക്കാനും അതിലുപരി വഴി കണ്ടു പിടിക്കാനും വേണ്ടി വിളിച്ചു കൂവുന്നതാണെന്ന്.. അങ്ങിനെ, ഒരു മണിക്കൂറോളം നടന്നപ്പോ അവരുടെ കൂട്ടുകാരുടെ അടുത്തെത്തി.


രണ്ടു പേർ അവിടെ കുത്തിയിരുപ്പുണ്ട്. നാലഞ്ച് പോത്തുകളെ അവിടെ ഓരോ മരങ്ങളിൽ കെട്ടിയിട്ടിരിക്കുന്ന. രണ്ടെണ്ണം താഴെ ചത്തപോലെ ഒരനക്കവും ഇല്ലാതെ കിടപ്പുണ്ട്. പണ്ട് പോത്തുകളെ മേയാനായി വനത്തിൽ കേറ്റി വിടുന്നത് അവിടുങ്ങളിൽ ഒരു സ്ഥിരം പരിപാടി ആയിരുന്നു. അവറ്റകൾ മാസങ്ങളോളം വനത്തിൽ യഥേഷ്ടം മേഞ്ഞു നടക്കും. കൊണ്ട് വിടുമ്പോൾ മെലിച്ചിരുന്ന പോത്തുകൾ ഒക്കെ, കാട്ടിൽ ഇഷ്ട്ടം പോലെ പുല്ലു തിന്നു നടന്ന്, അഞ്ചാറ് മാസങ്ങൾ കൊണ്ട് തടിച്ചു കൊഴുക്കും. ആഴ്ചകൾ ഇടവിട്ട് ഉടമസ്ഥൻ പോയി, അവറ്റകളെ കണ്ടു പിടിച്ചു പരിചയം പുതുക്കി പോരും. അങ്ങിനെ ചെല്ലുമ്പോൾ ഉടമസ്ഥന്റെ ഒച്ച ദൂരെ നിന്നു കേൾക്കുമ്പോൾ തന്നെ അവറ്റകൾ ഓടി എത്തുമായിരുന്നു. കൂട്ടം കൂടി നടന്നിരുന്നതിനാൽ, വന്യ മൃഗങ്ങളിൽ നിന്നും ഒരു പരിധിവരെ അവ സുരക്ഷിതരായിരുന്നു. എങ്കിലും ഇടയ്ക്കു, ഒന്ന് രണ്ടെണ്ണം ഒക്കെ വന്യ മൃഗങ്ങൾക്ക് ഇരയായി തീരാറും ഉണ്ടായിരുന്നു. ഇപ്പറഞ്ഞ പോത്തുകളെയും അത്തരത്തിൽ മേയാനായി കൊണ്ട് വിട്ടവയായിരുന്നു. രണ്ടെണ്ണത്തിന് എന്തോ അസുഖങ്ങളായതിനാലാണ് ഇപ്പൊ ഡോക്ടറെ വിളിക്കാൻ ആള് വന്നത്.


വീട്ടിൽ വച്ച്, അവരോട് അപ്പൻ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞിരുന്നു. പതിറ്റാണ്ടുകളായി ആ ഗ്രാമത്തിലങ്ങോളം ഇങ്ങോളം കന്നു കാലികളെ ചികിത്സിച്ചിരുന്ന, ആ ഡോക്ടർക്ക് അസുഖം എന്താണെന്നു അറിയാൻ അവര് പറഞ്ഞു കേട്ട വിവരണങ്ങൾ മാത്രം മതിയായിരുന്നു. വേണ്ട മരുന്നുകൾ മകന്റെ കയ്യിൽ കൊടുത്തു വിട്ടിട്ടുണ്ടായിരുന്നു. അപ്പൻ നിർദേശിച്ചിരുന്ന പോലെ, മകൻ രണ്ടു പോത്തിനും വേണ്ട കുത്തി വയ്പുകൾ ഒക്കെ കൊടുത്തു. ഐവി ആയി കൊടുക്കേണ്ട കാൽസ്യം, തുടങ്ങിയ മരുന്നുകൾ, നാടി ഞരമ്പ് കണ്ടു പിടിച്ചു കൊടുക്കുന്നതിലും ഒരു പിഴവും അവൻ വരുത്തിയില്ല. പല പ്രാവശ്യം അപ്പൻ ചെയ്യുന്നത് കണ്ടു പഠിച്ചിരുന്ന, അവൻ അതൊക്കെ ആദ്യത്തെ തവണ തന്നെ കിറു കൃത്യമായി ചെയ്തു. എല്ലാരും കൂടി മറ്റു കുറെ മരുന്നുകളും വെള്ളവും ഒക്കെ ആ പോത്തുകളെ നിർബന്ധിപ്പിച്ചു കുടിപ്പിക്കുകയും ചെയ്തു. പിന്നെ ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോ അവറ്റകൾ പതിയെ തല ഉയർത്തി. എല്ലാരും കൂടെ കൈ താങ്ങി, അതിനെ രണ്ടിനെയും എഴുന്നേൽപ്പിച്ചു നിറുത്തി. അര മണിക്കൂർ കൂടി കഴിഞ്ഞപ്പോ, അവറ്റകൾ ഉഷാറായി. പിന്നെ കുട്ടി ഡോക്ടറും സംഘവും, തോണി പിടിക്കാനായി വന്ന വഴിയേ പതുക്കെ നടപ്പു തുടങ്ങി.. തോണിയിലുരുന്നു തിരിച്ചു പോരുമ്പോ, എല്ലാരും അവനോടു അപ്പന്റെ പോലെ ഒരു ഡോക്ടർ ആവണമെന്ന് നിർദേശിക്കുകയായിരുന്നു.


*****


എഞ്ചിനീറിങ്ങിൽ കൂടുതൽ തല്പരനായിരുന്ന അവൻ, അന്നവർ പറഞ്ഞത് കേൾക്കാതെ, എഞ്ചിനീറിങ്ങിനു പോയി. പക്ഷെ, കാലം ആ കുടുംബത്തിൽ ഒരു വെറ്ററിനറി ഡോക്ടറെ കരുതി വച്ചിട്ടുണ്ടായിരുന്നു . അവന്റെ മകൾ. അവധിക്കാലങ്ങളിൽ അപ്പൂപ്പന്റെ അടുത്ത് വരുമ്പോൾ, അപ്പൂപ്പൻ പല മൃഗങ്ങളെയും ചികിത്സിക്കുന്ന കണ്ടു , സാകൂതം വീക്ഷിക്കുമായിരുന്നു അവൾ. പഠിത്തത്തിൽ മിടുക്കി ആയിരുന്ന അവൾ, മറ്റു പല ഓപ്ഷൻസ് ഉണ്ടായിരുന്നിട്ടും, അതൊന്നും എടുക്കാതെ വെറ്ററിനറി സയൻസ് തന്നെ തിരഞ്ഞെടുത്തു. തന്റെ അപ്പൂപ്പൻ സഞ്ചരിച്ച വഴിയേ സഞ്ചരിക്കാൻ!
50 views0 comments

Recent Posts

See All